ഇന്ത്യ – ഇംഗ്ലണ്ട് വണ്‍ ഓഫ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരം മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 428 റണ്‍സിന് പുറത്തായി. അരങ്ങേറ്റക്കാരിയായ സതീഷ ശുഭ, ജെമീമ റോഡ്രിഗസ്, യാഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ശുഭ 76 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ജെമീമ 99 പന്തില്‍ 68 റണ്‍സും ദീപ്തി 113 പന്തില്‍ 67 റണ്‍സും നേടി. 88 പന്തില്‍ 66 റണ്‍സാണ് യാഷ്ടിക നേടിയത്. 81 പന്തില്‍ 49 റണ്‍സ് നേടി നില്‍ക്കവെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്‍ ഔട്ടായാണ് ഹര്‍മന്റെ മടക്കം.
73 പന്തില്‍ 30 റണ്‍സ് നേടിയ സ്‌നേഹ് റാണയുടെ ഇന്നിങ്‌സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണും ലോറന്‍ ബെല്ലും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാറ്റ് സ്‌കിവര്‍-ബ്രണ്ട്, ചാര്‍ളി ഡീന്‍, കേറ്റ് ക്രോസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യയുടെ കൂറ്റന്‍ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലേ പാളിയിരുന്നു. 136 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് വനിതകള്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ കണ്ടെത്താന്‍ സാധിച്ചുള്ളൂ.
സൂപ്പര്‍ താരം ദീപ്തി ശര്‍മയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുമ്പിലാണ് ഇംഗ്ലണ്ടിന് തലകുനിക്കേണ്ടി വന്നത്. വെറും 33 പന്തെറിഞ്ഞ ദീപ്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.
നാല് മെയ്ഡന്‍ അടക്കം 5.3 ഓവര്‍ പന്തെറിഞ്ഞ ദീപ്തി വെറും ഏഴ് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 1.27 എന്ന തകര്‍പ്പന്‍ എക്കോണമിയിലാണ് ആദ്യ ഇന്നിങ്‌സില്‍ ദീപ്തി പന്തെറിഞ്ഞത്.
സൂപ്പര്‍ താരം ഡാനി വയറ്റിനെ പുറത്താക്കിക്കൊണ്ടാണ് ദീപ്തി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 24 പന്തില്‍ 19 റണ്‍സ് നേടി നില്‍ക്കവെ വയറ്റിനെ ജെമീമയുടെ കൈകളിലെത്തിച്ചാണ് ദീപ്തി പുറത്താക്കിയത്.
പിന്നാലെ ഏമി ജോണ്‍സിനെ ഷെഫാലി വര്‍മയുടെ കൈകളിലെത്തിച്ച് ദീപ്തി അതേ ഓവറില്‍ സോഫി എക്കല്‍സ്റ്റോണിനെ സില്‍വര്‍ ഡക്കാക്കിയും പുറത്താക്കി.
34ാം ഓവറിലെ നാലാം പന്തില്‍ കേറ്റ് ക്രോസിനെ റിട്ടേണ്‍ ക്യാച്ചെടുത്ത് മടക്കിയ ദീപ്തി തന്റെ അടുത്ത ഓവറിലെ മൂന്നാം പന്തില്‍ ലോറന്‍ ഫ്‌ളയറിനെ ക്ലീന്‍ ബൗള്‍ഡാക്കി അഞ്ച് വിക്കറ്റ് നേട്ടവും ഇംഗ്ലണ്ടിന്റെ പതനവും പൂര്‍ത്തിയാക്കി.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് മുംബൈയില്‍ പിറവിയെടുത്തത്.
ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്റെ ലീഡെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ 170 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 60 പന്തില്‍ 35 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മനും 24 പന്തില്‍ 10 റണ്‍സുമായി പൂജ വസ്ത്രാക്കറുമാണ് ക്രീസില്‍.
ഷെഫാലി വര്‍മ (33), സ്മൃതി മന്ഥാന (26), യാഷ്ടിക ഭാട്ടിയ (9), ജമീമ റോഡ്രിഗസ് (27), ദീപ്തി ശര്‍മ (20), സ്‌നേഹ് റാണ (0) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ചാര്‍ളി ഡീന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സോഫി എക്കല്‍സ്റ്റോണാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും നേടിയത്.
Content Highlight: Deepti Sharma’s brilliant all round performance against England