| Tuesday, 27th September 2022, 11:33 am

വേറെ വഴിയില്ലായിരുന്നു; ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയത് കരുതിക്കൂട്ടിയെന്ന് ദീപ്തി ശർമ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായിരുന്നു ജയം. ഇതിഹാസ താരമായ ജുലൻ ഗോസ്വാമിയുടെ അവസാന മത്സരമായതിനാൽ കളി വളരെയധികം ശ്രദ്ധേയമായിരുന്നു. എന്നാൽ കളിക്കിടെ നടന്ന മങ്കാദിങ് മറ്റൊരു ട്രാക്കിലേക്ക് മത്സരത്തെ കൊണ്ടുപോവുകയായിരുന്നു.

ഇംഗ്ലീഷ് ബാറ്റർ ഷാർലി ഡീനിനെ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ട്വിറ്ററിൽ വമ്പൻ പോരാണ് നടന്നത്. ഇംഗ്ലണ്ടിലെ പ്രമുഖ താരങ്ങളായ ജെയിംസ് ആൻഡേഴ്‌സൺ, സാം ബില്ലിങ്‌സ്, സ്റ്റുവർട്ട് ബ്രോഡ് തുടങ്ങിയവർ ദീപ്തിക്കെതിരെയും കൗറിനെതിരെയും ട്വീറ്റ് ചെയ്ത് പ്രതികരിച്ചിരുന്നു. അതിനെതിരെ ഇന്ത്യൻ താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെ ട്വിറ്ററിൽ തർക്കം ശക്തമായി.

എന്നാൽ മൂന്നാം ഏകദിന പരമ്പരയിൽ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ഡീനിനെ റണ്ണൗട്ടാക്കുന്നതിന് മുമ്പ് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് ഇന്ത്യൻ താരം ദീപ്തി ശർമ ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും ഫലമില്ലാതായപ്പോളാണ് പുറത്താക്കിയതെന്നും ദീപ്തി വ്യക്തമാക്കി.

ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയത് ഇന്ത്യയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയായിരുന്നോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ദീപ്തിയുടെ മറുപടി. അതുപക്ഷേ മത്സരത്തിനിടെയാണ് പ്ലാൻ ചെയ്തതെന്നും അമ്പയറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനാസ്ഥ തുടരുന്നത് കണ്ടപ്പോൾ പുറത്താക്കുകയല്ലാതെ വേറെ നിർവാഹമില്ലായിരുന്നെന്നും ദീപ്തി കൂട്ടിച്ചേർത്തു.

‘അതെ, തീർച്ചയായും അത് ഞങ്ങളുടെ പ്ലാൻ ആയിരുന്നു. കാരണം ഷാർലി ഡീൻ അതാവർത്തിച്ചപ്പോൾ ഞങ്ങൾ അമ്പയറോട് കാര്യം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലാതായതോടെയാണ് മങ്കാദ് ചെയ്ത് താരത്തെ പുറത്താക്കേണ്ടി വന്നത്,’ ദീപ്തി ശർമ വ്യക്തമാക്കി.

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിലാണ് വിവാദമായ സംഭവം നടന്നത്. 44ാം ഓവറിൽ, ദീപ്തി പന്ത് റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഷാർലി ഡീൻ ക്രീസ് വിട്ടിരുന്നു. മങ്കാദിങ്ങിലൂടെ ഷാർലിയെ ദീപ്തി റണ്ണൗട്ടാക്കിയതോടെ ഇന്ത്യ 16 റൺസിനാണ് ജയം നേടിയത്.

സ്മൃതി മന്ദാനയും ദീപ്തി ശർമയും നേടിയ അർധ സെഞ്ച്വറികളായിരുന്നു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്.
ആമി ജോൺസിനെ 28 റൺസിന് രേണുക പുറത്താക്കിയപ്പോൾ ഷാർലെറ്റിനെ ദീപ്തി മൻകാദ് ചെയ്യുകയായിരുന്നു.

170 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 103ൽ പിടിച്ചു കിട്ടാൻ ഇന്ത്യക്കായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ആമി ജോൺസും ഷാർലെറ്റ് ഡീനും അവസാന ഓവറുകളിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയെങ്കിലും ജയം നേടാതെ തിരിച്ചു പോകാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി.

Content Highlights: Deepti Sharma reveals about Charlie Deen’s Mankad

We use cookies to give you the best possible experience. Learn more