ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യം; ഐതിഹാസിക ഇന്ത്യന്‍ ഡബിളുമായി ദീപ്തി
Sports News
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യം; ഐതിഹാസിക ഇന്ത്യന്‍ ഡബിളുമായി ദീപ്തി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 9:12 am

ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ആതിഥേയര്‍ പരാജയപ്പെട്ടിരുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ദീപ്തി ശര്‍മയാണ് പിടിച്ചുനിന്നത്. മധ്യനിരയില്‍ നിന്നുള്ള ദീപ്തിയുടെ ചെറുത്തുനില്‍പാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

27 പന്തില്‍ നിന്നും 30 റണ്‍സ് നേടി നില്‍ക്കവെ റണ്‍ ഔട്ടായാണ് ദീപ്തി മടങ്ങിയത്. അഞ്ച് ബൗണ്ടറിയാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പിന്നാലെ കരിയറിലെ സുപ്രധാന നാഴികക്കല്ലും ദീപ്തി താണ്ടിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന നേട്ടമാണ് ദീപ്തി സ്വന്തമാക്കിയത്.


103 മത്സരത്തിലെ 73 ഇന്നിങ്‌സില്‍ നിന്നുമായി 1,001 റണ്‍സാണ് നിലവില്‍ ദീപ്തിയുടെ സമ്പാദ്യം. 23.83 എന്ന ശരാശരിയും 105.25 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടിയ ദീപ്തിയുടെ പേരില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും കുറിക്കപ്പെട്ടു.

അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് മാര്‍ക് പിന്നിട്ടതോടെ ഒരു ഐതിഹാസിക നേട്ടവും ദീപ്തിയെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യക്കായി ടി-20 ഫോര്‍മാറ്റില്‍ നൂറ് വിക്കറ്റുകളും ആയിരം റണ്‍സും പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ദീപ്തി സ്വന്തമാക്കിയത്. ടി-20യില്‍ 112 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ രണ്ട് വിക്കറ്റിന് പിന്നാലെയാണ് ദീപ്തി ടി-20യിലെ തന്റെ വിക്കറ്റ് നേട്ടം 112 ആയി ഉയര്‍ത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ പുരുഷ താരത്തിന് പോലും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. മിക്ക സൂപ്പര്‍ താരങ്ങളും ടി-20യില്‍ 1000 റണ്‍സ് മാര്‍ക് പിന്നിട്ടിട്ടുണ്ടെങ്കിലും ഒരാള്‍ പോലും അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. 96 വിക്കറ്റുമായി യൂസ്വേന്ദ്ര ചഹലാണ് പുരുഷ താരങ്ങളുടെ പട്ടികയിലെ ഒന്നാമന്‍.

 

അതേസമയം, ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ സൂപ്പര്‍ താരം എലിസ് പെറിയുടെ ബാറ്റിങ് കരുത്തിലാണ് ഓസ്‌ട്രേലിയ രണ്ടാം മത്സരം വിജയിച്ചുകയറിയത്. 21 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് പെറി നേടിയത്.

ക്യാപ്റ്റന്‍ അലീസ ഹീലി (21 പന്തില്‍ 26), ബെത് മൂണി (29 പന്തില്‍ 20), താലിയ മഗ്രാത് (21 പന്തില്‍ 19), ഫോബ് ലീച്ച്ഫീല്‍ഡ് (12 പന്തില്‍ 18) എന്നിവരും ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഈ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും ഓസീസിനായി ചൊവ്വാഴ്ച നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

 

Content Highlight: Deepti Sharma is the first ever Indian cricketer to complete 1000 runs and 100 wickets in T20Is