| Tuesday, 2nd January 2024, 11:04 pm

പരമ്പര നേടിയത് ഓസ്‌ട്രേലിയ പക്ഷെ റെക്കോഡ് ഇട്ടത് ദീപ്തി ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി രണ്ടിന് മുംബൈയില്‍ ഓസ്‌ട്രേലിയന്‍ വുമണ്‍സിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 190 റണ്‍സിന് തോറ്റു. മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഒന്നുപോലും ഇന്ത്യക്ക് വിജയിക്കാന്‍ ഇല്ലായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32.4 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ചുകൊണ്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുകയാണ് ദീപ്തി ശര്‍മ്മ. ഫോബ് ലിച്ച്ഫീല്‍ഡിനെ പുറത്താക്കിയാണ് ദീപ്തി തന്റെ നൂറാം വിക്കറ്റ് തികച്ചത്.125 പന്തില്‍ നിന്നും ഒരു സിക്‌സറും 16 ബൗണ്ടറിയും അടക്കം 119 റണ്‍സ് നേടിയ ഫോബ് ലിച്ച്ഫീല്‍ഡിന്റെ പുറത്താക്കല്‍ മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ആലീസ ഹീലിയുടെ 82 (85) റണ്‍സ് നേട്ടത്തിലും ഇരുവരുടെ മികച്ച കൂട്ടുകെട്ടിലും ആണ് ഓസ്‌ട്രേലിയ വിജയിച്ചത്.

രാജേശ്വരി ഗെയ്ക്വാദിന്റെ 99 വിക്കറ്റുകള്‍ മറികടന്നാണ് ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ദീപ്തി മാറുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന്റെ പട്ടികയില്‍ 255 വിക്കറ്റുകളും ആയി ജുവല്‍ ഗോസ്വാമി ആണ് ഒന്നാമത്.

മാത്രമല്ല ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ നേടി മറ്റൊരു റിക്കോഡും താരം നേടിയിരുന്നു. ഏകദിനത്തില്‍ ഓസീസിനെതിരെ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ദീപ്തി ശര്‍മ.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍, മത്സരം, വിക്കറ്റുകള്‍ എന്ന ക്രമത്തില്‍

ജുലന്‍ ഗോസ്വാമി – 203 – 255

നീതു ഡേവിഡ് – 97 – 141

നൂഷിന്‍ അല്‍ ഖദീര്‍ – 77 – 100

ദീപ്തി ശര്‍മ്മ – 86 – 100

ഓസീസിനെതിരെ ചെയ്‌സിങ്ങില്‍ ആദ്യ പവര്‍പ്ലെയില്‍ തന്നെ യാഷ്ടിക ബാട്ടിയെയും സ്മൃതി മന്ദാനയെയും നഷ്ടമായതോടെ ഇന്ത്യക്ക് സ്ഥിരത കാണിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ക്യാപ്റ്റന്‍ ഹാര്‍മന്‍ പ്രീത് കൗറിനെയും റിച്ചാര്‍ ഘോഷിനെയും ജോര്‍ജിയ വെയര്‍ഹാം പുറത്താക്കിയതോടെ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കും 30 റണ്‍സ് പോലും നേടാന്‍ സാധിച്ചില്ലായിരുന്നു. ഒടുവില്‍ ഇന്ത്യ 33 ഓവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പര തൂത്തുവാരുകയായിരുന്നു ഓസ്‌ട്രേലിയ. പ്ലെയര്‍ ഓഫ് ദ മാച്ചും പ്ലെയര്‍ ഓഫ് ദ സീരീസും നേടിയത് ഫോബ് ലിച്ച്ഫീല്‍ഡായിരുന്നു.

Content Highlight: Deepti Sharma in record achievement

We use cookies to give you the best possible experience. Learn more