ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാ ഇതാണ്...; ഡബ്ല്യു.പി.എല്ലില്‍ ചരിത്രം കുറിച്ച് ദീപ്തി ശര്‍മ
Sports News
ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാ ഇതാണ്...; ഡബ്ല്യു.പി.എല്ലില്‍ ചരിത്രം കുറിച്ച് ദീപ്തി ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2024, 9:53 am

ഇന്നലെ നടന്ന ഡബ്ല്യു.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിനെതിരെ യു.പി വാറിയോര്‍സിന് ഒരു റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. യു.പി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയപ്പോള്‍ ദല്‍ഹി 19.5 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ദല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 12 ബൗണ്ടറികള്‍ അടക്കം 46 പന്തില്‍ നിന്ന് 60 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഷിഫാലി വര്‍മ, ആലീസ് ക്യാപ്‌സി എന്നിവര്‍ 15 റണ്‍സിന് പുറത്തായപ്പോള്‍ ജമീമ 17 റണ്‍സ് നേടി. ജസ് ജോണസെന്‍ 11 റണ്‍സും നേടിയിരുന്നു മറ്റാര്‍ക്കും തന്നെ രണ്ടക്കം കാണാന്‍ സാധിച്ചില്ല.

യു.പിയുടെ ബൗളിങ് നിരയില്‍ ദീപ്തി ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം വിജയത്തിലെത്തിയത്. 13ാം ഓറിന്റെ അവസാനവും 18.1, 18.2 എന്നീ ഓവറിലും താരം നേടിയ ഹാട്രിക് വിക്കറ്റിലാണ് ടീം വിജയത്തിലെത്തിയത്.

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ദീപ്തി 19 റണ്‍സ് വിട്ടുകൊടുത്ത് 4.75 എക്കണോമിയിലാണ് വിക്കറ്റ് വേട്ട നടത്തിയത്. നിര്‍ണായക ഘട്ടത്തില്‍ ദീപ്തിയുടെ സൂപ്പര്‍ ബോളിങ്ങിലെ വിക്കറ്റ് നേട്ടത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഡബ്ല്യു.പി.എല്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനാണ് ദീപ്തി ശര്‍മക്ക് സാധിച്ചത്. ദീപ്തിക്ക് പുറമേ സൈമ താക്കൂര്‍ ഗ്രേസ് ഹാരിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സോഫി എക്ലെസ്റ്റോണ്‍ ഒരു വിക്കറ്റ് നേടി.

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ യു.പി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അലീസ ഹീലി 30 പന്തില്‍ 5 ബൗണ്ടറി അടക്കം 29 റണ്‍സ് നേടിയപ്പോള്‍ മൂന്നാമതായി ഇറങ്ങിയ ദീപ്തി ശര്‍മ 48 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും അടക്കം 59 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഗ്രേസ് ഹാരിസിന് 12 പന്തില്‍ 14 റണ്‍സ് മാത്രം നേടാന്‍ സാധിച്ചു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, ജസ് ജോണസെന്‍, ആലീസ് ക്യാപ്‌സി എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ടിറ്റാസ് സാധു, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

ആദ്യ വിജയത്തോടെ വമ്പന്‍ തിരിച്ചുവരവാണ് യു.പി നടത്തിയത്. എന്നാലും പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ 4 വിജയവുമായി ദല്‍ഹി തന്നെയാണ് മുന്നില്‍.

 

 

Content Highlight: Deepthi Sharma In Record Achievement