| Wednesday, 21st April 2021, 12:38 pm

മലയാളം ഒരുവാക്കുപോലും അറിയാത്ത കുട്ടിയെ സിനിമയിലേക്ക് പറ്റുമോയെന്ന് ലാല്‍സാറിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞതിങ്ങനെ; ദീപ്തി സതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിസ് കേരളയായി വിജയിച്ച് സിനിമാ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് ദീപ്തി സതി. ഇതിനോടകം ഏഴ് ചിത്രങ്ങളില്‍ ദീപ്തി അഭിനയിച്ച് കഴിഞ്ഞു.

ലാല്‍ജോസ് സംവിധാനം ചെയ്ത തന്റെ ആദ്യ സിനിമയായ നീനയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപ്തി. അമ്മ കൊച്ചിക്കാരിയായിരുന്നെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നുവെന്നും തനിക്ക് മലയാളം ഒരു വാക്കു പോലും അറിയില്ലായിരുന്നുവെന്നും ദീപ്തി പറയുന്നു.

അതിനാല്‍ നീനയിലേക്ക് പുതുമുഖത്തെ അന്വേഷിച്ച് ലാല്‍ജോസ് വിളിച്ചപ്പോള്‍ മലയാളം ഒരു വാക്കു പോലും അറിയാത്ത കുട്ടിയെ നിങ്ങള്‍ക്ക് സിനിമയിലേക്ക് പറ്റുമോയെന്ന് അമ്മ അദ്ദേഹത്തോട് ചോദിച്ച കാര്യവും ദീപ്തി പറയുന്നു.

‘അതിനൊക്കെ ഇവിടെ അസിസ്റ്റന്റുമാരുണ്ടെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അവര്‍ എല്ലാം നോക്കിക്കോളും പേടിക്കേണ്ടെന്നും ലാല്‍സാര്‍ പറഞ്ഞു. അങ്ങനെ കൊച്ചിയില്‍ വന്ന് ഒഡീഷന്‍ ചെയ്തു. ലാല്‍ സാര്‍ സിനിമയ്ക്കായി കരുതിയ കഥാപാത്രത്തിന് പറ്റിയ പെണ്‍കുട്ടി ഞാനാണെന്ന് അദ്ദേഹം പറഞ്ഞു,’ ദീപ്തി പറഞ്ഞു.

അതിനുമുമ്പ് ക്യാമറ പോലും കണ്ടിട്ടില്ലായിരുന്ന തനിക്ക് ചലഞ്ചിംഗ് പടമായിരുന്നു നീനയെന്നും കഥ എഴുതിയ വേണു ചേട്ടനും ലാല്‍സാറും തന്നെ നന്നായി സഹായിച്ചിരുന്നുവെന്നും ദീപ്തി സതി പറഞ്ഞു.

‘എനിക്ക് സ്‌ക്രിപ്റ്റ് മംഗ്ലീഷില്‍ എഴുതിത്തന്നു. അത് വായിച്ചാല്‍ മതിയായിരുന്നു. നമ്മള്‍ ഡയലോഗ് പറയുന്നതിന് മുമ്പ് അവര്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അങ്ങനെ കേട്ട് കേട്ട് മലയാളം പറയാന്‍ പഠിച്ചു. ഇപ്പോഴും എനിക്ക് എഴുതാന്‍ അറിയില്ല. സംസാരിക്കാന്‍ നന്നായി പഠിച്ചു,’ ദീപ്തി സതി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepthi Sathi says about his  experience in films

We use cookies to give you the best possible experience. Learn more