| Tuesday, 3rd November 2020, 9:04 am

സ്വന്തം പാര്‍ട്ടി നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഇടപെടുന്നില്ല; വനിതാ കമ്മീഷന്‍ ഏകപക്ഷീയമെന്ന് ദീപ്തി മേരി വര്‍ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷന്‍ നാലര വര്‍ഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെന്ന് ദീപ്തി മേരി ആരോപിച്ചു.

സംസ്ഥാനത്ത് നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ ഏകപക്ഷീയമായാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലും സ്ത്രീ പീഡന കേസുകളിലും കമ്മീഷന്‍ മിണ്ടുന്നില്ലെന്ന് ദീപ്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെയൊരു വനിതാ കമ്മീഷനെ കേരളത്തിലെ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇടതുമുന്നണി നേതാക്കള്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ല. വാളയാര്‍, പാലത്തായി പീഡന കേസുകളിലും വനിതാ കമ്മീഷന്‍ മിണ്ടിയിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എം.എല്‍.എമാരുടെയും സ്ത്രീ വിരുദ്ധതയ്ക്ക് മന്ത്രി ശൈലജ, പി.കെ.ശ്രീമതി, ജോസഫൈന്‍ തുടങ്ങിയവര്‍ കുടപിടിയ്ക്കുകയാണ്’- ദീപ്തി പറഞ്ഞു.

സ്ത്രീ വിരുദ്ധത പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍, ജി.സുധാകരന്‍, പിണറായി വിജയന്‍, എം.എം.മണി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ മുന്നോട്ടുവരണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ കമ്മീഷന്‍ അധ്യക്ഷ രാജിവച്ചൊഴിയണമെന്നും ദീപ്തി പറഞ്ഞു.

ഹാത്രാസും കേരളവും തമ്മിലുള്ള ദൂരം കുറയുകയാണ്. യു.പിയില്‍ സ്ത്രീ പീഡന കേസില്‍ പ്രതികളായവര്‍ക്ക് ബി.ജെ.പി നല്‍കുന്ന സംരക്ഷണം കേരളത്തില്‍ സി.പി.ഐ.എമ്മും നല്‍കുന്നു. ഒരാളും സ്ത്രീ വിരുദ്ധത പറയാന്‍ പാടില്ല. സി.പി.ഐ.എമ്മിന്റെ ഏകാധിപത്യ ഭരണമാണ് വനിതാ കമ്മീഷനിലും നടക്കുന്നത് ദീപ്തി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജിലെ ബേണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ പോലും തയാറായില്ലെന്ന് ദീപ്തി ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Deepthi mary varghese slams kerala woman commission

We use cookies to give you the best possible experience. Learn more