മുണ്ടക്കൈ: ദുരന്ത ഭൂമിയിലെ കാഴ്ചകൾ ഹൃദയത്തിൽ ആയത്തിൽ മുറിവേൽപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദുരന്തത്തിൻ്റെ ദൃശ്യങ്ങൾ എൻ്റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുൾപൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ആവർത്തിച്ചുള്ള സംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കർമപദ്ധതി അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുണ്ടക്കൈ സന്ദർശിച്ചത്. ബുധനാഴ്ച സ്ഥലത്തെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ പ്രതികൂലമായതിനാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, വയനാട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും നടന്നിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് പ്രഖ്യാപിക്കാനുള്ള തടസമെന്താണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാൻ ഇനി ആരും ബാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
5,500 പേരെയാണ് ഇതുവരെ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. ക്യാമ്പുകളിൽ ആകെയുള്ളത് 8,000 പേരാണെന്നും അധികൃതർ അറിയിച്ചു.
Content Highlight: Deeply hurt by the sight of the disaster ground, will always be with the people of Wayanad: Rahul Gandhi