| Tuesday, 10th December 2019, 12:06 pm

'ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് അനുവദിക്കില്ലായിരുന്നു, പളനിസ്വാമിയെയോര്‍ത്ത് ലജ്ജിക്കുന്നു': പൗരത്വ ഭേദഗതി ബില്ലില്‍ നടന്‍ സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച എ.ഐ.ഡി.എം.കെ നിലപാടില്‍ എതിര്‍പ്പുമായി നടന്‍ സിദ്ധാര്‍ത്ഥ്. എടപ്പാടി പളനിസാമിയാണ് തന്റെ സംസ്ഥാനത്തെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ താന്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

”എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നിരിക്കുന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കുറവാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ഇതിനൊപ്പം എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം ആസ്വദിച്ചോളൂ”- എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. .

ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരിക്കലും പൗരത്വ ഭേദഗതി ബില്ലിനെ അവര്‍ പിന്തുണയ്ക്കുമായിരുന്നില്ലെന്നും അവരുടെ അഭാവത്തില്‍ എ.ഐ.ഡി.എം.കെ ആ ധാര്‍മികത തകര്‍ത്തുകളഞ്ഞെന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.

ഇന്നലെ ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയിരുന്നു. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‌ലീം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ശിവസേന, എ.ഐ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more