മുംബൈ: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകരുടെ അഖിലേന്ത്യ സമരം പ്രഖ്യാപിച്ച അതേദിവസം തന്നെ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് മനസിലായെന്ന് ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി.
കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തില്‍ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ദീപികയ്‌ക്കെതിരായ കേസ് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് ഇന്നാണ് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചത്. സെപ്തംബര്‍ 25 ന് ഹാജരാകാന്‍ ആണ് അന്വേഷണ സംഘം ദീപികയോട് ആവശ്യപ്പെട്ടത്.
അതേസമയം രാജ്യസഭയിലും ലോക്‌സഭയിലും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ അഖിലേന്ത്യ തലത്തില്‍ കര്‍ഷകരുടെ സമരം സെപ്തംബര്‍ 25 നാണ് നടക്കുന്നത്.
ബില്ലിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരടക്കമുള്ള എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.
എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.
എന്നാല്‍ ഈ പ്രതിഷേധങ്ങളില്‍ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിപ്പിക്കാനാണ് നിലവില്‍ ദീപിക പദുകോണ്‍ അടക്കമുള്ള താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക