| Tuesday, 27th October 2020, 5:32 pm

INTERVIEW: മതം നോക്കിയാകരുത് വിധിന്യായങ്ങള്‍; കോടതിമുറികളിലല്ല ജഡ്ജിമാര്‍ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കേണ്ടത്‌

ശ്രിന്‍ഷ രാമകൃഷ്ണന്‍

കത്‌വാ ബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് വേണ്ടി വാദിച്ച ദീപിക സിങ് രജാവത്തിന്റെ വീട്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സംഘം ആളുകള്‍ തടിച്ചുകൂടി. ‘നിന്റെ ശവക്കുഴി ജമ്മു കശ്മീരിന്റെ മണ്ണില്‍ കുഴിക്കും’ എന്നവര്‍ ദീപികയ്ക്ക് നേരെ ഭീഷണിയുയര്‍ത്തി. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ജമ്മു കശ്മീരിലെ അവരുടെ വീട്ടില്‍ ഇതെല്ലാം സംഭവിച്ചത്. നവരാത്രിയോടനുബന്ധിച്ച് ദീപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം തുറന്നുകാട്ടുന്ന ഒരു കാര്‍ട്ടൂണാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തണലില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചും വിമര്‍ശനങ്ങള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചും ദീപിക സിങ് രജാവത് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

അഭിമുഖം: ദീപിക സിങ് രജാവത് / ശ്രിന്‍ഷ രാമകൃഷ്ണന്‍

നവരാത്രിയോടനുബന്ധിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലെ വിരോധാഭാസം തുറന്നുകാട്ടുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചതിന് പിന്നാലെ താങ്കള്‍ക്ക് നേരെ വലിയ ഭീഷണികളാണ് ഹിന്ദുത്വ പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നത്. ഇതിന് മുന്‍പും താങ്കള്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആക്രമണത്തിന്റെ രീതിയും ഭാവവും മാറുകയായിരുന്നു. അത് കൂറേകൂടി തീവ്ര സ്വാഭാവം കൈവരിക്കുകയുമുണ്ടായി. എന്താണ് ഈ സമയത്ത് തോന്നുന്നത്?

തീര്‍ച്ചയായും ഈ അനുഭവങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നുണ്ട്. നോക്കൂ, ഒരു കൂട്ടം ആളുകള്‍ നിങ്ങളുടെ വീടിന് മുന്നില്‍ വന്ന് നിങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുന്നു. നിങ്ങളുടെ ശവക്കുഴി ഇവിടെ കുഴിക്കുമെന്ന് പറയുന്നു. ഇത് തികച്ചും ഭീതിതമായ സാഹചര്യമാണ്. ആരെയാണ് ഇതൊന്നും ഭയപ്പെടുത്താതിരിക്കുക.

നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് നമ്മള്‍ കാണേണ്ടതുണ്ട്. നമ്മളെല്ലാം വിഭജിക്കപ്പെടുകയാണ്. ഇത്തരം ധ്രുവീകരണങ്ങളില്‍ നിന്ന് പലരും രാഷ്ട്രീയ ലാഭവുമുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്കെതിരായി ബോധപൂര്‍വ്വം നടക്കുന്നതാണ് ഇതെല്ലാം.

നമ്മുടെ രാജ്യത്ത് വിഭാഗീയത ഇത്ര ഭീകരമായല്ലോ എന്നോര്‍ത്ത് എനിക്ക് വിഷമവുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്, ആളുകള്‍ എന്തിനാണ് ഇങ്ങനെയെല്ലാം പെരുമാറുന്നത്. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ എന്താണ് ഇവരാരും തയ്യാറാകാത്തത്.

തീര്‍ച്ചയായും ഒരുപോലെ ചിന്തിക്കുന്ന പലരില്‍ നിന്നും എനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. അന്തരാഷ്ട്രതലത്തില്‍ പോലും പിന്തുണയുണ്ടായിട്ടുണ്ട്. അത് ആശ്വാസം നല്‍കുന്നതുമാണ്. നമ്മള്‍ ഈ സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഒറ്റ ശബ്ദമായി മാറേണ്ട സമയമാണിത്.

ട്വീറ്റിന് പിന്നാലെ താങ്കള്‍ മാപ്പ് പറയണമെന്ന ആവശ്യമാണ് വ്യാപകമായി ഉയര്‍ന്നത്. ട്വീറ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

മതപരമായ വികാരം വ്രണപ്പെട്ടു എന്നാണ് പലരും പറയുന്നത്. മതപരമായ വികാരം വ്രണപ്പെടാന്‍ ഒന്നുമിവിടെ ഉണ്ടായിട്ടില്ല. ഞാന്‍ ഹിന്ദുയിസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോഴും എന്റെ ട്വീറ്റില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ഈ വിവാദങ്ങള്‍ക്ക് പിന്നാലെ ഞാനവ ഡിലീറ്റ് ചെയ്തിട്ടൊന്നുമില്ല. ഞാന്‍ മാപ്പു പറയാനും പോകുന്നില്ല. എന്താണ് അതില്‍ മാപ്പ് പറയാനുള്ളത്. ഇതെല്ലാം ബോധപൂര്‍വ്വം നടക്കുന്നതാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. ഞാന്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയത് പോലും ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. കാരണം എനിക്കെതിരെ പ്രൊപ്പഗാന്‍ഡ ഉണ്ടാക്കുന്നവരും എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരും, എന്നെ ശത്രുവായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരും അംഗബലത്തില്‍ കൂടുതലുണ്ട്.

ഞാന്‍ ട്വീറ്റ് ചെയ്തത് ആരെയും വേദനപ്പിക്കാനല്ല. ആളുകളുടെ ദുഷിച്ച മനോനില പുറത്തുക്കാണിക്കാനാണ്. ഒരു വശത്ത് നമ്മള്‍ ദേവിമാരെ ആരാധിക്കുകയാണെങ്കില്‍ മറുവശത്ത് ജീവിതത്തില്‍ സ്ത്രീകളെ പീഡിപ്പിക്കുകയുമാണ്.

ഞാന്‍ സാമൂഹികമായി എടുക്കുന്ന ഒരു നിലപാടാണിത്, മതപരമല്ല. പക്ഷേ എന്റെ നിലപാടിനെ മതപരമായാണ് എല്ലാവരും ചിത്രീകരിച്ചതെന്ന് മാത്രം. ആളുകള്‍ സ്ത്രീകള്‍ക്കെതിരായ അനീതികള്‍ക്കെതിരെ മുന്നോട്ട് വന്ന് പിന്തുണ നല്‍കേണ്ട സമയമായി.

നവരാത്രിയുടെ ദിവസം തന്നെ കാര്‍ട്ടുണ്‍ പങ്കുവെച്ചത് മതപരമായ വികാരത്തെ വ്രണപ്പെടുത്താനായിരുന്നു എന്നായിരുന്നു ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തിയ മറ്റൊരു വാദം?

പലരും എന്നോട് ചോദിച്ചു നവരാത്രിയുടെ ദിവസം തന്നെ എന്തിനാണ് ട്വിറ്ററില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചതെന്ന്. അത് മനപൂര്‍വ്വമായിരുന്നില്ലേ എന്ന്. എന്റെ ഉത്തരം അതേ എന്നു തന്നെയാണ്.

വിശുദ്ധമായ ഒരു ദിവസം തന്നെ ഇതിലെ വിരോധാഭാസം പുറത്ത് കാണിക്കണമെന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹിന്ദു വിശ്വാസ പ്രകാരം നവരാത്രി ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ശക്തി ലഭിക്കുമെന്നാണ് പറയുന്നത്. അന്ന് സ്ത്രീകള്‍ ആരാധിക്കപ്പെടുകയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് ഞാന്‍ എല്ലാവരെയും അറിയിക്കുകയായിരുന്നു. അവരോട് മുന്നോട്ട് വരാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ നമുക്കീ വികലമായ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കാനും അതുവഴി സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കും.

നേരത്തെ പറഞ്ഞതുപോലെ ആശയ സംവാദം വളരെ പ്രസക്തമാണ്. നമ്മളിതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല എന്നാല്‍ ഈ അനീതികളെല്ലാം നമ്മള്‍ അംഗീകരിക്കുന്നു എന്നു കൂടിയാണ് അര്‍ത്ഥം. ഇനി അങ്ങനെയല്ല എന്നാണെങ്കില്‍ നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. പീഡനക്കേസുകള്‍ക്കെതിരെ മാത്രമല്ല ഞാന്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരെ അത്രയധികം കുറ്റകൃത്യങ്ങള്‍ ഈ രാജ്യത്തുടനീളം നടക്കുന്നുണ്ട്.

സ്ത്രീകള്‍ പൂജിക്കപ്പെടുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. അതേ സമയം ഇന്ത്യയിലെ ബലാത്സംഗക്കേസുകള്‍ കൂടുകയുമാണ്. അത് ആ തലത്തിലാണ് നമ്മള്‍ കാണേണ്ടത്. അല്ലാതെ എന്നെ അപമാനിക്കാനും, എന്നെ അശക്തയാക്കാനും, എന്നെ ഈ രാജ്യത്തിന്റെ സങ്കല്‍പ ശത്രുവാക്കാനും ശ്രമിക്കുന്നവര്‍ക്ക് ഇതൊരവസരമായി നല്‍കിയല്ല. അതുകൊണ്ട് ഒരുപോലെ ചിന്തിക്കുന്ന ആളുകള്‍ ഒരുമിച്ച് വന്ന് ഇത്തരം അനീതികള്‍ക്കെതിരെ ഒറ്റ ശബ്ദമായി മാറേണ്ട സമയമാണിത്.

രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലൊന്നാണ് ഹാത്രാസ്. അവിടെ ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഒരു ദളിതയാണ്, കത്‌വാ കേസില്‍ അതൊരു മുസ്‌ലിം  ബാലികയായിരുന്നു. ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും നീതി ലഭിക്കുക എന്നത് ദുഷ്‌കരമാവുകയല്ലേ ഈ രാജ്യത്ത്. ഒരു അഭിഭാഷക എന്ന നിലയില്‍ താങ്കള്‍ എങ്ങിനെയാണ് ഇതിനെ കാണുന്നത്?

നേരത്തെ സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ നീതി ലഭിക്കുക എന്നത് ഇത്ര ദുഷ്‌കരമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതങ്ങനയല്ല എന്ന് തന്നെ വേണം കരുതാന്‍. നേരത്തെ നിങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴോ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴോ സംസാരിക്കുക എന്നത് ഇത്രമേല്‍ പ്രയാസകരമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ആ അവകാശം നേടിയെടുക്കുക എന്നത് ശ്രമകരമാണ്.

ഹാത്രാസിലെ പെണ്‍കുട്ടിക്ക് വേണ്ടി നിലകൊള്ളുക എന്നത് എത്ര പ്രയാസമാണെന്ന് ഒന്നാലോചിച്ചു നോക്കൂ. അതിന് കാരണം വിഭാഗീയത തന്നെയാണ്. ഇത് തന്നെയാണ് കത്‌വാ കേസിലും സംഭവിച്ചത്. ഈ രണ്ട് കേസുകളും നമ്മുടെ സമൂഹം എങ്ങിനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത് എന്നത് നമുക്ക് കാണിച്ചു തന്നതാണ്. സവര്‍ണജാതിക്കാര്‍ വന്ന് കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഇതിനുപുറമേ ഇരയാക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയുമാണ്.

താങ്കള്‍ പറഞ്ഞതു പോലെ കുറ്റവാളികള്‍ക്ക് വേണ്ടി ആള്‍ക്കൂട്ടം മുദ്രാവാക്യം വിളിച്ച് മുന്നോട്ടു വരുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. എത്രത്തോളം അപകടകരമാണ് ഇതെല്ലാം?

കുറ്റാരോപിതര്‍ പിന്തുണക്കപ്പെടുന്ന ഈ ധ്രുവീകരണം സത്യത്തില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തിരിച്ചറിയാനാകാത്ത വിധം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.

ഈ ആശയക്കുഴപ്പം നീതിയേയും തടസപ്പെടുത്തുന്നു. കുറ്റാരോപിതര്‍ എല്ലായ്പ്പോഴും കുറ്റാരോപിതര്‍ തന്നെയാണ്. കുറ്റവാളികള്‍ക്ക് മതമില്ല. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് മാധ്യമങ്ങള്‍. അതേസമയം മാധ്യമ വിചാരണ ഉണ്ടാകാനും പാടില്ല. ഇവിടെയെല്ലാം ഒരുമിച്ചാണ് നമ്മള്‍ നില്‍ക്കേണ്ടത് എന്നതാണ് പ്രധാനം.

കോടതികള്‍ക്ക് എങ്ങിനെയാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുക?

നാം എപ്പോഴും കേള്‍ക്കുന്ന ഒരു പ്രയോഗമില്ലേ ‘ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്’ എന്നത്. നിയമത്തിലെ സുവോ മോട്ടോ, സുവോ കൊഗ്നിസന്‍സ് എന്നീ അധികാരങ്ങള്‍ ഉപയോഗിച്ച് കോടതിക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നതാണ്.

ബലാത്സംഗ കേസുകളില്‍ സാക്ഷികള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത് ആവശ്യമാണ്. കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കുന്നതിലും കര്‍ശന വ്യവസ്ഥകള്‍ വേണം. ഇതിലെല്ലാം ഉപരി വേഗത്തിലുള്ള വിചാരണയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്.

ഒരു അഭിഭാഷകയെന്ന നിലയില്‍ എനിക്ക് കോടതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. അത്രയധികം കേസുകളാണ് കോടതികളില്‍ കെട്ടി കിടക്കുന്നത്. കോടതികള്‍ക്ക് താങ്ങാവുന്നതിലപ്പുറം കേസുകളാണ് നിലവില്‍ ഉള്ളത്. കൂടുതല്‍ കോടതികളും, ജഡ്ജിമാരുമെല്ലാം ആവശ്യമാണ്.

കോടതിയിലെത്തുന്ന ജഡ്ജിമാര്‍ മതം നോക്കിയാവരുത് വിധിയെഴുതുന്നതും. ഒരു തരത്തിലുള്ള സ്വാധീനത്തിലും ജഡ്ജിമാര്‍ വീണുപോകരുത്. അവര്‍ക്ക് രാഷ്ട്രീയമൊക്കെയാകാം. പക്ഷേ അതവരുടെ വീട്ടില്‍മാത്രം. കേസെടുക്കുന്ന സമയത്ത് അവരുടെ രാഷ്ട്രീയത്തിനല്ല ന്യായത്തിനാണ് പ്രാധാന്യം വേണ്ടത്.

ഇതുകൊണ്ടു മാത്രം നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നീതിയുക്തമായ അന്വേഷണവും നടക്കണം. അതിന് പൊലീസിന്റെ ഭാഗത്തു നിന്നാണ് ശ്രമം ഉണ്ടാകേണ്ടത്. നിയമം ശക്തമായി നടപ്പിലാക്കിയാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നത് കുറയും. ശിക്ഷിക്കപ്പെടുന്നതിന്റെ ശതമാനം കൂടുകയും ചെയ്യും.

നിങ്ങള്‍ ഹാത്രാസ് കേസിലെ പൊലീസിന്റെ ഇടപെടല്‍ തന്നെ നോക്കൂ. അര്‍ധരാത്രി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കുകയാണ് ചെയ്തത്. കുഴിച്ചിടുക പോലുമല്ല. മൃതദേഹം കുഴിച്ചിടുകയാണെങ്കില്‍ വീണ്ടും തെളിവുകള്‍ ശേഖരിക്കാന്‍ നമുക്ക് സാധിക്കും.

ഇവിടെ പൊലീസ് തന്നെയാണ് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിച്ചത്. നീതി ലഭ്യമാകണമെങ്കില്‍ എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റണം. അത് സാധ്യമായല്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്കും കൂടുമെന്ന് എനിക്ക് ഉറപ്പാണ്

നിങ്ങള്‍ എന്റെ കാര്യം തന്നെ നോക്കൂ. രാത്രി ഒരു കൂട്ടം ആളുകള്‍ എന്റെ വീട്ടില്‍ വന്ന് നിങ്ങളുടെ ശവക്കുഴി ഇവിടെ കുഴിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ പൊലീസ് അവിടെ നോക്കി നില്‍ക്കുകയായിരുന്നു. പൊലീസിന് കണ്‍മുന്നിലുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലും ധൈര്യമില്ല.

തീര്‍ച്ചയായും പ്രതിഷേധിക്കാനുള്ള ആളുകളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ നിന്റെ ശവക്കുഴി കുഴിക്കുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നിടത്ത് അവര്‍ പറഞ്ഞുവെക്കുന്നത് നിങ്ങളെ കൊല്ലുമെന്ന് തന്നെയല്ലേ? ഇതൊക്കെ നടക്കുമ്പോള്‍ നോക്കി നില്‍ക്കുകയല്ലാതെ പൊലീസ് എന്താണ് ചെയ്യുന്നത്. ഇതൊക്കെയാണ് നമ്മളെ നിരാശരാക്കുന്നത്. എന്നപ്പോലൊരു അഭിഭാഷകയ്ക്ക് നീതി ലഭിക്കുന്നില്ല. അപ്പോള്‍ ഒരു സാധാരണക്കാരന്റെ സ്ഥിതി ആലോചിച്ചൂ നോക്കൂ.

കത്‌വാ കേസിലെ പോലെ ഹാത്രാസില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ?

കത്‌വാ കേസില്‍ പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2019ലാണ് ഇതുമായി ബന്ധപ്പെട്ട് കോടതി വിധി വരുന്നത്. ഒരാളുടെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹാത്രാസും നമുക്ക് കൃത്യമായി ഫോളോ ചെയ്യാന്‍ സാധിച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാകും. കോടതി ഈ കേസില്‍ ഇടപെട്ടാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ട്.

യു.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഹാത്രാസ് വിഷയത്തില്‍ ഗുരുതരമായ പിഴവുകളാണ് ഉണ്ടായത്. അക്രമികളെ പിന്തുണയ്ക്കുന്ന നിലപാടല്ലേ സര്‍ക്കാര്‍ സ്വീകരിച്ചത്? 

തീര്‍ച്ചയായും, എന്റെ അഭിപ്രായത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ യോഗി ആദിത്യനാഥ് എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്തു പോകണം.

സ്വന്തം സംസ്ഥാനത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ അയാള്‍ക്കാകുന്നില്ല. ഹാത്രാസ് മാത്രമല്ല ഉത്തര്‍പ്രദേശില്‍ സംഭവിച്ചത്. ദിവസേന ഇത്തരം കേസുകള്‍ അവിടെ ഉണ്ടാകുന്നു. ഒരു ലജ്ജയുമില്ലാത്തയാളാണ് അയാള്‍.

താങ്കള്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും, പ്രധാനമന്ത്രിക്കെതിരെയും, ബി.ജെ.പിയിലെ ശക്തനായ യോഗി ആദിത്യനാഥിനെതിരെയുമെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തി കൂടിയാണ്. നിലവിലെ സാഹചര്യം പരിശോധിച്ചു നോക്കിയാല്‍ സര്‍ക്കാരിനെതിരെ മിണ്ടുന്നവരെയെല്ലാം രാഷ്ട്രീയ തടവുകാരാക്കുകയാണ്. ഭീമാ കൊറേഗാവ് കേസിലും ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലുമെല്ലാം നാമിത് കണ്ടു. ഇന്നത്തെ ഇന്ത്യയില്‍ സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകയാകുന്നതില്‍ പേടി തോന്നിയിട്ടുണ്ടോ?

ഞാന്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് അദ്ദേഹം ജനങ്ങളുടെ താത്പര്യങ്ങള്‍ക്കൊത്ത് വളരാത്ത പ്രധാനമന്ത്രിയാണ് എന്നതിനാലാണ്.

ഞാന്‍ ഒരു ഭ്രാന്തിയായ സ്ത്രീയല്ല. സ്വബോധമുള്ള, നിയമത്തെക്കുറിച്ച് അറിവുള്ള ഒരു വ്യക്തിയാണ്. എനിക്ക് എന്റെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.

നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇവിടുത്തെ ജനങ്ങളാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടിയാണ്. അയാളിപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരിക്കുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തെ ജനങ്ങള്‍ കാരണമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ മോദി ഭരണത്തില്‍ സംതൃപ്തരല്ല. പ്രധാനമന്ത്രി സ്വന്തം പണിചെയ്യാത്തതാണ് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എനിക്ക് അവകാശം നല്‍കുന്നത്.

നരേന്ദ്രമോദിക്കെതിര സംസാരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്. ഇതിന്റെ പേരില്‍ എന്നെ തടവിലാക്കുകയാണെങ്കില്‍ സത്യത്തിന് വേണ്ടിയാണ് ഞാന്‍ ജയിലില്‍ പോകുന്നത്. എന്നെ അവര്‍ തടവിലാക്കുമ്പോള്‍ അവര്‍ തന്നെയാണ് വെളിപ്പെടുന്നത്. എതിര്‍ശബ്ദങ്ങളില്ലാതാക്കാന്‍ വേണ്ടി ആളുകളെ തടവിലാക്കുമ്പോള്‍ അവര്‍ കൂടുതല്‍ വെളിപ്പെട്ട് വരികയുമാണ്.

അതുകൊണ്ടാണ് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത് ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ശക്തി നല്‍കുമെന്ന്. ആക്ടിവിസ്റ്റുകളെ ഇങ്ങനെ ജയിലില്‍ അടയ്ക്കുന്നത് എങ്ങിനെയാണ് നമുക്ക് അംഗീകരിക്കാന്‍ കഴിയുക. ഞാന്‍ മോദി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ നേരിടാന്‍ തയ്യാറായാണ് നില്‍ക്കുന്നത്. പരിണിത ഫലങ്ങളെ ഞാന്‍ ഭയക്കുന്നില്ല. ഭീഷണിപ്പെടുത്തി എന്റെ വായടപ്പിക്കാന്‍ കഴിയില്ല.

കശ്മീരീല്‍ നിന്നുകൊണ്ടാണ് താങ്കള്‍ കൃത്യമായ നിലപാടുകള്‍ പങ്കുവെക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി റദ്ദ് ചെയ്തതിനെ എങ്ങിനെയാണ്  കാണുന്നത്?

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നില്ല. മറ്റൊരു പ്രശ്‌നം ഉണ്ടാക്കുന്നതില്‍ ഇപ്പോള്‍ താത്പര്യമില്ലാത്തതുകൊണ്ടാണത്.

2019 ആഗസ്തില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സേനയെ കശ്മീരില്‍ വിന്യസിച്ചിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക്  ധാരണയൊന്നുമുണ്ടായിരുന്നില്ല. എങ്ങോട്ട് നോക്കിയാലും പൊലീസിനെയും, സൈന്യത്തെയും മാത്രമേ കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ.

എന്താണ് ഇവരുടെയെല്ലാം മനസില്‍ എന്നത് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇതെന്താണെന്നറിയാതെയാണ് അന്ന് കശ്മീരി ജനത കിടന്നുറങ്ങിയത്.തൊട്ടടുത്ത ദിവസം ഞങ്ങള്‍ ഉണര്‍ന്നെണീറ്റത് ഫോണില്ലാത്ത, ഇന്റര്‍നെറ്റില്ലാത്ത, ആശയവിനിമയത്തിന് ഒരു മാര്‍ഗവുമില്ലാത്ത കശ്മീരിലായിരുന്നു. അത് മാസങ്ങളോളം അങ്ങനെ തന്നെ തുടര്‍ന്നു.

ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം നിഷേധിച്ചു. ഫോണുപയോഗിക്കാനുള്ള അവകാശം നിഷേധിച്ചു. വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളാണ് കശ്മീരില്‍ നടന്നതും നടക്കുന്നതും.

ദേശീയ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കും എന്നായിരുന്നു അവകാശവാദം. ഇപ്പോള്‍ നിങ്ങളൊന്നു സ്വയം ചോദിച്ചു നോക്കൂ കശ്മീരിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നോ എന്ന്?

നരേന്ദ്ര മോദി ഈ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. തുറന്നു പറഞ്ഞാല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത സ്വന്തം അജണ്ടകള്‍ മാത്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

തൊഴിലില്ലായ്മയെക്കുറിച്ചോ, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചോ മോദി സംസാരിക്കില്ല. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് മൗനമാണ്. സ്ത്രീകളുടെയും കര്‍ഷകരുടെയും, നിയമവ്യവസ്ഥയിലെയും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ ജി.ഡി.പി കുറയുകയാണ് ചെയ്തത്. മോദി ഈ പ്രശ്‌നങ്ങളെയൊന്നും അഡ്രസ് ചെയ്യുന്നു പോലുമില്ല. അയാള്‍ വാക്കുകള്‍കൊണ്ടും വൈകാരികത കൊണ്ടും കളിക്കുകയാണ്. സത്യം പറഞ്ഞാല്‍ സെന്റിമെന്റ്‌സ് കൊണ്ടുള്ള ഈ കളി കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ് ഉണ്ടാകുന്നത്.

മോദി അവകാശവാദമുന്നയിച്ചത് ഞാന്‍ വികസനം കൊണ്ടുവരുമെന്നായിരുന്നു. എങ്കില്‍ എവിടെ അതിനുള്ള ഫണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പൈസയെക്കുറിച്ചുള്ള കണക്കുകള്‍ പോലും തരുന്നില്ല. ഇങ്ങനെയല്ലാമല്ലേ ഇവിടെ നടക്കുന്നത്.

ഇത് പറയുമ്പോള്‍ തന്നെ ഞാന്‍ ഒന്നു കൂട്ടിച്ചേര്‍ക്കട്ടെ ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ല. എന്റെ തന്നെ ആശയങ്ങളും, എന്റെ തന്നെ ധാരണകളുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റൊരാളുടെയും അജണ്ടയല്ല ഞാന്‍ ചുമലിലേറ്റുന്നത്.

താങ്കള്‍ കുട്ടികളുടെ അവകാശം, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയവയായും ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടല്ലോ. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം പറഞ്ഞിരിക്കുകയാണല്ലോ? എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്

അതും മറ്റൊരു ധ്രുവീകരണം തന്നെയാണ്. സ്വന്തം രാജ്യത്തിനകത്തു തന്നെ ശത്രുക്കളെ ഉണ്ടാക്കുകയാണ് സി.എ.എ വഴി. എന്തിനാണ് ഈ വിവാദ നിയമവുമായി മോദി വന്നതെന്നു പോലും എനിക്ക് മനസിലാകുന്നില്ല. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരമാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

സ്വാകാര്യ ആശുപത്രിയില്‍ കൊള്ളയടി നടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കാത്തത്. ഇതെല്ലാം ഈ സര്‍ക്കാരിനെതിരെ പറയാന്‍ എനിക്ക് കൂടുതല്‍ കൂടുതല്‍ അവകാശവും ശബ്ദവും നല്‍കുകയാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ ദീര്‍ഘകാലമായുള്ള പദ്ധതികളുടെ ഭാഗമായി തന്നെ ജനാധിപത്യ ഇന്ത്യയില്‍ വിഭാഗീയതകള്‍ രൂക്ഷമായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവും കശ്മീരുമെല്ലാം അതിനുദാഹരണവുമാണ്. ഹാത്രാസിലെയും കത്‌വയിലെയും സംഭവങ്ങളിലും ഈ ധ്രുവീകരണങ്ങള്‍ വ്യക്തമായിരുന്നു. ഇതിനെയെല്ലാം എങ്ങിനെ നോക്കി കാണുന്നു?

അതെ, അതുകൊണ്ട് തന്നെയാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഞാന്‍ പറയുന്നത്. ഞാനൊരു രാഷ്ട്രീയ ഗ്രൂപ്പുമായും ബന്ധപ്പെട്ട് നില്‍ക്കുന്നയാളല്ല. മോദി സ്വന്തം പ്രോഗസ് റിപ്പോര്‍ട്ടുമായി വരണം. എന്നിട്ട് കോണ്‍ഗ്രസിന്റെ സമയത്ത് ഇങ്ങിനെയായിരുന്നു എന്റെ ഭരണത്തില്‍ അത് ഇത്രയായി മെച്ചപ്പെട്ടുവെന്ന് പറയണം. അങ്ങനെ ചെയ്യുന്ന ഓരോ കാര്യങ്ങളും വിശദീകരിക്കാന്‍ അയാള്‍ക്ക് പറ്റണം.

ഉത്തര്‍പ്രദേശിലെ കാര്യം തന്നെ നോക്കൂ. ആദിത്യനാഥിനെ ഇതിനോടകം പുറത്താക്കേണ്ടതായിരുന്നില്ലേ? അങ്ങനെയെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയുള്ളൂ. ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസ്യത നേടാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അയാള്‍ ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയല്ല. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. മുസ്‌ലിങ്ങളുടെയും സിഖുകാരുടെയും ബുദ്ധമതക്കാരുടെയുമെല്ലാം പ്രധാനമന്ത്രിയാണ്. അല്ലാത്ത പക്ഷം എവിടെയാണ് മുസ്‌ലിങ്ങള്‍ പോകേണ്ടത്? എവിടെയാണ് ദളിതര്‍ പോകേണ്ടത്? കര്‍ഷകരെവിടെയാണ് പോകേണ്ടത്? തൊഴിലില്ലാത്ത ജനങ്ങള്‍ എങ്ങോട്ട് പോകണം?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമഗ്രമായ ഒരു സമീപനമാണ് പ്രധാനമന്ത്രിക്ക് വേണ്ടത്. എന്തുകൊണ്ടെന്നാല്‍ അയാള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അങ്ങനെയൊരാള്‍ ഈ രാജ്യത്തെ എല്ലാവരെയും കേള്‍ക്കണം. എല്ലാവരുടെ താത്പര്യങ്ങളും അദ്ദേഹം സംരക്ഷിക്കണം. അങ്ങനെ ചെയ്താല്‍ ഞാന്‍ തന്നെ മോദിക്ക് വേണ്ടി സംസാരിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതദ്ദേഹം ചെയ്യുന്നില്ല. അതാകട്ടെ അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ എനിക്ക് അവകാശവും തരുന്നു.

Content Highlight: Deepika Singh Rajawat explains her stand after her Twitter post – Detailed interview in Malayalam

ശ്രിന്‍ഷ രാമകൃഷ്ണന്‍

Latest Stories

We use cookies to give you the best possible experience. Learn more