ന്യൂദല്‍ഹി: സീ ഹിന്ദി ന്യൂസിനെതിരെ വക്കീല്‍ നോട്ടീസയച്ച് കഠ്‌വ ബലാത്സംഗക്കേസ് അഭിഭാഷക ദീപിക സിംഗ് രജവത്ത്. തനിക്കെതിരെ വ്യജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാധ്യമത്തിനെതിരെ നോട്ടീസയച്ചിരിക്കുന്നതെന്ന് ദീപിക വ്യക്തമാക്കി.
ദീപിക സിംഗ് രജവത്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) താമസിച്ചിരുന്നു എന്നും അവര്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നും 2018, ഏപ്രില്‍ 17ന് സീ ഹിന്ദി ന്യുസ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വക്കീല്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജെ.എന്‍.യുവില്‍ താമസിച്ചിരുന്നു എന്ന വാദം തെറ്റാണെന്ന് ദീപിക വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജെ.എന്‍.യുവില്‍ താമസിച്ചാല്‍ തന്നെയും അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്നും ദീപിക ചോദിച്ചു. ഈ പ്രസ്താവന രാജ്യത്തെ പ്രധാന സര്‍വകലാശാലയായ ജെ.എന്‍.യുവിനേയും അപമാനിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
“വസ്തുതകളെ ശരിയായി പരിശോധിക്കാതെ നടന്നിട്ടുള്ള നിങ്ങളുടെ ചാനല്‍ സീ ന്യൂസ് ഹിന്ദിയുടെ പ്രവര്‍ത്തനം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, മാധ്യമ ധാര്‍മ്മികതയുടെ ലംഘനം കൂടിയാണ്. ജെ.എന്‍.യുവില്‍ ഒരിക്കലും താമസിച്ചിട്ടില്ലെന്ന് എന്റെ ക്ലൈന്റ് ഊന്നിപ്പറയുന്നു. ജെ.എന്‍.യുവില്‍ താമസിക്കുന്നതിന് എന്തെങ്കിലും വിദൂര സാധ്യയുണ്ടായാല്‍തന്നെ അത് കുറ്റകരമല്ലെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്ത അവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്”, ദീപിക സിംഗിനു വേണ്ടി അഭിഭാഷക സംഗീത മദന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
കഠ്‌വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ശ്രമിച്ച അഭിഭാഷകയെ താറടിച്ചു കാണിക്കാനും സമൂഹത്തിന്റെ ഐക്യത്തെ നശിപ്പിക്കാനുമാണ് തെറ്റായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിലൂടെ സീ ഹിന്ദി ന്യൂസ് ചെയ്തിരിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.
Watch DoolNews Video: