| Monday, 8th July 2019, 7:54 am

സഞ്ജീവ് ഭട്ടിനായി ഞാന്‍ നിയമപോരാട്ടം നടത്തും; പിന്തുണയുമായി ദീപിക സിംഗ് രജാവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമസഹായം വാഗ്ദാനം ചെയ്ത് അഭിഭാഷക ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പഠിക്കുന്നതിന് താന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന് ദീപിക പറഞ്ഞതായും മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഠ് വയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസില്‍ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

‘അത് തിരിച്ചുപിടിക്കുന്നതിനുള്ള വഴി ആരായാന്‍ കൂടിയാണ് അഹമ്മദാബാദില്‍ പോകുന്നത്. ശേഷം കേസില്‍ അപ്പീല്‍ നല്‍കും. ഈ കേസില്‍ വിചാരണ കോടതി സഞ്ജീവ് ഭട്ടിന്റെ ഭാഗം കേട്ടിട്ടില്ല. അത് പറയുന്നത് കോടതിയലക്ഷ്യമല്ല.’

ന്യൂദല്‍ഹി പ്രസ്‌ക്ലബില്‍ എന്‍.സി.എച്ച്.ആര്‍.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി മറ്റൊരു കേസില്‍ തടവിലായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more