അടുത്തിടെ ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം വിവാദമായ ചിത്രമാണ് പത്താന്‍. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗാനരംഗങ്ങളില്‍ ദീപിക അണിഞ്ഞ കാവി ബിക്കിനി സംഘപരിവാര്‍ കേന്ദ്രങ്ങളേയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളേയും പ്രകോപിപ്പിക്കുകയായിരുന്നു.
കാവി ഭഗവാന്റെ നിറമാണെന്നും ഗാനരംഗങ്ങള്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നുമായിരുന്നു ഇവരുടെ വാദം. സോഷ്യല്‍ മീഡിയ വഴി ചിത്രത്തിനെതിരെ തുടങ്ങിയ വിദ്വേഷം തിയേറ്ററുകളിലേക്ക് അതിക്രമിച്ച് കയറുന്നതിലേക്കും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുന്നതിലേക്കും വരെയെത്തിയിരുന്നു.
ഇതാദ്യമായല്ല ദീപികക്കെതിരെ സംഘ് കേന്ദ്രങ്ങളില്‍ നിന്നും വിദ്വേഷ പ്രചാരണം ഉണ്ടാകുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജെ.എന്‍.യു സമരത്തില്‍ പങ്കെടുത്തതോടെയാണ് ദീപിക സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അനിഷ്ടം സൃഷ്ടിക്കാന്‍ തുടങ്ങിയത്.
റാണി പത്മാവതിയായി ദീപിക എത്തിയ പത്മാവതിനെതിരെയും വിവാദങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് പത്മാവതി എന്ന ചിത്രത്തിന്റെ പേര് പത്മാവത് എന്ന് മാറ്റിയിരുന്നു.
വിഷയങ്ങളില്‍ ഇതുവരെ പ്രതികരണം നടത്താതിരുന്ന ദീപിക ഇപ്പോള്‍ നിശബ്ദദത ഭേദിച്ചിരിക്കുകയാണ്. വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താനെന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത്. ‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ എനിക്കെന്തെങ്കിലും തോന്നണോ? എനിക്കറിയില്ല. സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല,’ ദീപിക പറഞ്ഞു.
ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട ബോളിവുഡ് സൂപ്പര്‍താരത്തെ ഗ്ലോബല്‍ സ്റ്റാറെന്നാണ് മാഗസീന്‍ വിശേഷിപ്പിച്ചത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനാണ് ഇനി വരാനിരിക്കുന്ന താരത്തിന്റെ ചിത്രം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാമിയോ റോളിലായിരിക്കും ദീപിക എത്തുന്നത്.
Content Highlight: deepika responded to the controversies