| Wednesday, 14th February 2024, 1:03 pm

'എന്നെ കാണാന്‍ ദിനേഷ് കാര്‍ത്തിക് ഇംഗ്ലണ്ടിലെത്തി, ഹൃദയം കീഴടക്കി'

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെയും സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന്റെയും. രണ്ട് വ്യത്യസ്ത ഗെയിമുകളിലായി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ രണ്ട് താരങ്ങള്‍ ഒന്നിക്കുന്നു എന്നതുതന്നെയായിരുന്നു ആരാധകരെ ഏറെ ഹാപ്പിയാക്കിയത്.

2015ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 2021ല്‍ ഇവര്‍ക്ക് കബിര്‍, സുവാന്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു. വിവാഹ ശേഷം ഇരുവരും ചെന്നൈയില്‍ സെറ്റില്‍ഡാണ്.

ഇപ്പോള്‍ പ്രണയ ദിനത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും സംസാരിക്കുകയാണ് ദീപിക പള്ളിക്കല്‍.

ഒരു മാരത്തണ്‍ മത്സരത്തിനിടെയാണ് ദിനേഷ് കാര്‍ത്തിക്കിനെ കാണുന്നതെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജിമ്മില്‍ വെച്ച് സ്ഥിരമായി കാണാന്‍ തുടങ്ങിയെന്നും ദീപിക പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

‘കാര്‍ത്തിക്കിനെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു മാരത്തണ്‍ മത്സരത്തിനിടെയാണ്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥിരമായി ജിമ്മില്‍ വെച്ചും.

ഒരു ഹായ് – ബൈ ബന്ധം മാത്രമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. 2013ല്‍ ഞാന്‍ ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ പരിശീലനത്തിലായിരിക്കെ കാര്‍ത്തിക് എന്നെ കാണാന്‍ ഇന്ത്യയില്‍ നിന്ന് അവിടെയെത്തി. അതെന്റെ ഹൃദയം കീഴടക്കി.

ആ വര്‍ഷം നവംബര്‍ 15ന് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു. കരിയര്‍ തിരക്ക് കാരണം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം.

പല സമയത്തും വ്യത്യസ്ത ടൂര്‍ണമെന്റുകളിലും സ്ഥലങ്ങളിലുമാകാം. പക്ഷേ കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷകരമായ സമയം കണ്ടെത്താന്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നു.

പരസ്പരം ബഹുമാനവും കരുതലും ഉണ്ടെങ്കില്‍ സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. സ്‌നേഹത്തിന് എക്‌സ്പയറി ഡേറ്റ് ഇല്ല,’ പള്ളിക്കല്‍ പറഞ്ഞു.

വരാനിരിക്കുന്ന ഐ.പി.എല്ലാണ് ദിനേഷ് കാര്‍ത്തിക്കിന് മുമ്പിലുള്ളത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് കാര്‍ത്തിക്.

2023 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് പള്ളിക്കല്‍ ഇന്ത്യയുടെ യശസ് വീണ്ടുമുയര്‍ത്തിയത്. ഹരീന്ദര്‍പാല്‍ സിങ്ങിനൊപ്പം മിക്‌സ്ഡ് ഡബിള്‍സിലായിരുന്നു ദീപികയുടെ സ്വര്‍ണനേട്ടം.

മലേഷ്യയുടെ ഐഫ ബിന്‍തി അസ്മാന്‍, മുഹമ്മദ് സിയഫിഖ് എന്നിവരെ പരാജയപ്പെടുത്തിയാണ് ദീപിക-ഹരീന്ദര്‍പാല്‍ ജോഡി സ്വര്‍ണ മെഡല്‍ നേടിയത്. സ്‌കോര്‍ 11-10, 11-10.

Content highlight: Deepika Pallikkal shares her love story  with Dinesh Karthik

We use cookies to give you the best possible experience. Learn more