ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ കാണിച്ച സംയമനം ഭീരുത്വമല്ല,സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് ദീപിക ദിനപ്പത്രം
തൃശൂര്‍: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അനുകൂലിച്ച് ദീപിക ദിനപ്പത്രം. ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമൂഹനന്മയും സമുദായഭദ്രതയും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നുമാണ് ദീപികയുടെ എഡിറ്റോറിയലില്‍ പറയുന്നത്.
പാല ബിഷപ്പിന്റെ സന്ദേശത്തെ വിവാദമാക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്. മറ്റേതെങ്കിലും മതത്തോടുള്ള വിരോധം കൊണ്ടല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതുപറയാന്‍ പ്രേരിപ്പിക്കുന്നതെന്നും ബിഷപ്പ് വിശദീകരിച്ചിട്ടുണ്ടെന്നും ദീപിക പറയുന്നു.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കല്ലറങ്ങാട്ട് സംസാരിച്ചതെന്ന വാദവും ദീപിക ഉന്നയിക്കുന്നുണ്ട്. 2008ല്‍ എരുമേലിയില്‍ വെച്ച് കാണാതായ ജെസ്‌നയെ കണ്ടെത്താനാകാത്തത്, കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്ററാണെന്നും സ്ലീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയേണ്ടി വരുന്ന മലയാളി യുവതികള്‍ എന്നിങ്ങനെയുള്ള സംഭവങ്ങളാണ് ദീപിക തുടക്കത്തില്‍ പറയുന്നത്.
കേരളത്തില്‍ നിരവധി യുവതികളെ കാണാതായിട്ടുണ്ടെന്നും മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുകയാണെന്നും ഇതെല്ലാം നാര്‍ക്കോട്ടിക് ജിഹാദ് – ലവ് ജിഹാദ് എന്നിവയുടെ തെളിവായി കാണാമെന്നും ദീപിക പറയുന്നു.
ഇക്കാര്യങ്ങളെ കുറിച്ച് സഭാമേലധ്യക്ഷന്‍ സ്വസമുദായംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണോ മഹാപരാധമെന്നും അത് പാടില്ലെന്ന് പറയാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.
രാഷ്ട്രീയനേതാക്കള്‍ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രീണന രാഷ്ട്രീയം കളിക്കുകകയാണെന്നും ഇതാണ് കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കുന്നതിനുള്ള ഒരു കാരണമായി തീരുന്നതെന്നും ദീപിക കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടേതായ അജണ്ടയുണ്ടെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോഴും ക്രൈസ്തവ സമൂഹം സംയമനത്തോടെയാണ് പെരുമാറിയതെന്നും ഇത് ഭീരുത്വത്തിന്റെ ലക്ഷണമായി കാണേണ്ടതില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ സമുദായ സൗഹാര്‍ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ദീപിക കുറ്റപ്പെടുത്തി.
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.
മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറഞ്ഞത്. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.
കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ട്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ബിഷപ്പ് പ്രസംഗത്തില്‍ പറയുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.
ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി – യുവജനസംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുതന്നെ ബിഷപ്പിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു ക്രിസത്യന്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം. സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും എം.എസ്.എഫ് ദല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്സല്‍ യൂസഫാണ് പരാതിക്കാരന്‍. തൃശ്ശൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.