“ഞാന്‍ ചെയ്‌തൊരു കഥാപാത്രത്തെയല്ല മറിച്ച് ഞാനെന്ന “REAL” വ്യക്തിയെയാണ് നിങ്ങള്‍ ഉല്പന്നമാക്കി പ്രചിരിപ്പിക്കുന്നത്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ നിങ്ങളെ വിമര്‍ശിക്കൂ. ആ കഥാപാത്രത്തിന്റെ അടിവസ്ത്രങ്ങളുടെ സൈസിനെക്കുറിച്ചും മറ്റും പറഞ്ഞോളൂ, ആ കഥാപാത്രത്തെ കൂടുതല്‍ നന്നാക്കാന്‍ കഴിയുമെങ്കില്‍ മാത്രം. ഞാന്‍ ആവശ്യപ്പെടുന്നത് ഇതാണ് സ്‌ക്രീനിന് പുറത്ത് സ്ത്രീയെന്ന ആദരവ് നല്‍കണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്.“ –ദീപിക പദുക്കോണ്‍
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍
[]തന്റെ ചിത്രങ്ങള്‍ മോശമായി പ്രദര്‍ശിപ്പിച്ചടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നടി ദീപിക പദുക്കോണ്‍ ശക്തമായി രംഗത്തുവന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ” ഞാനൊരു പെണ്ണാണ്. എനിക്ക് മുലയും വിടവുമുണ്ട്. അതിന് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം” എന്ന് ചോദിച്ച് കൊണ്ടാണ് ദീപിക രംഗത്തുവന്നത്.
തന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി നടി രംഗത്തുവന്നിരിക്കുകയാണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ നടപടിയെ വിമര്‍ശിക്കുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റും. ഫേസ്ബുക്കിലാണ് നടിയുടെ പോസ്റ്റ് വന്നിട്ടുള്ളത്.
തന്റെ വിടവിലേക്ക് (സ്തനങ്ങള്‍ക്കിടയിലെ വിടവ്) നീളുന്ന ക്യാമറക്കണ്ണുകള്‍ പുരുഷകവരത്തിലേക്ക് ( ട്രൗസറിന്റെ കാലുകള്‍ ചേരുന്ന ജനനേന്ദ്രിയ ഭാഗം) സൂം ചെയ്യുമോയെന്നാണ് ദീപിക ചോദിക്കുന്നത്.
ദീപികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
” സ്ത്രീകള്‍ക്ക് സെക്‌സ് ചെയ്യണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കാന്‍ ഒരേയൊരു അടയാളമേ ഉള്ളൂ. അത് അവളുടെ “YES” ആണ്.”
അസമത്വം, ബലാല്‍ത്സംഗം, ഭയം, വേദന എന്നിവ ഇല്ലാത്ത സന്തുഷ്ടമായ ഒരു ലോകത്തിന് വേണ്ടിയാണ് നമ്മളെല്ലാവരും കഠിനമായി പരിശ്രമിക്കുന്നത് എന്നതുകൊണ്ടാണ് ഞാന്‍ ഈ വരികള്‍ എഴുതാന്‍ കാരണം.
എന്റെ ജോലിയെക്കുറിച്ച് ഞാന്‍ അജ്ഞയല്ല; ഈ ജോലി എന്നില്‍ നിന്നും പലകാര്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രം ചിലപ്പോള്‍ തലമുതല്‍ പാദം വരെ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടേണ്ടതാവാം, അല്ലെങ്കില്‍ പൂര്‍ണ നഗ്നയാവേണ്ടതാവാം. ആ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്നത് ഒരു നടിയെന്ന നിലയില്‍ എന്റെ തീരുമാനമാണ്. മനസിലാക്കേണ്ടത് ഇത് ROLE ആണ്, REAL അല്ല. ഞാന്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്.
എന്റെ ആശങ്കയിതാണ്. അതായത് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, മേല്‍പറഞ്ഞ കാര്യങ്ങളെ ഷാരൂഖിന്റെ 8പായ്ക്കുമായോ അല്ലെങ്കില്‍ ഏതെങ്കിലും സ്ത്രീയുടെയോ പുരുഷന്റെയോ ശരീരഘടനയുമായി ബന്ധപ്പെടുത്തി തെറ്റുദ്ധരിക്കരുത്. സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനും വേണ്ടി നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ വായനക്കാരുടെ ശ്രദ്ധലഭിക്കാന്‍ വേണ്ടി മാത്രം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ അഭിനന്ദിക്കേണ്ട സമയത്താണ് നമ്മള്‍ REEL ലൈഫിനും REAL ലൈഫിനും ഇടയില്‍ തിരയുന്നതും ഒരു വര്‍ഷം പഴക്കമുള്ള ഒരു ചിത്രത്തിന് പിറകേ പോയി അത് വാര്‍ത്തയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും. ഇത് സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള നമ്മുടെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കി കളയും. ഒരു പഴയ ആര്‍ട്ടിക്കിള്‍ ചികഞ്ഞെടുത്ത് അതിന് ” ഒ.എം.ജി: ദീപികയുടെ ക്ലീവേജ് (സ്തനങ്ങള്‍ക്കിടയിലെ വിടവ്) പ്രദര്‍ശനം” എന്ന് തലക്കെട്ടും നല്‍കി മോശം ചിന്തകളുടെ സ്വാധീനത്തില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നു.
ഒരു നടിയുടെ അടിവസ്ത്രത്തിന്റെ അല്പം പുറത്തേക്ക് കടന്ന് കാണുന്നുണ്ടെങ്കില്‍ ഒരിയ്ക്കലും അവള്‍ അത് കാണിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്യുന്നതല്ലെന്ന് ഉറപ്പാണ്. അതിലേക്ക് സൂം ചെയ്യുന്നതിനും, ആ ഭാഗം അമ്പടയാളമിട്ട് കാണിക്കുന്നതിന് പകരം നമ്മളെന്താണ് അവള്‍ക്ക് അല്‍പം മാന്യത നല്‍കാന്‍ ശ്രമിക്കാത്തത്. അത് തലക്കെട്ടാക്കി വാര്‍ത്ത നല്‍കാതെ അതിനെ ഒഴിവാക്കാത്തത്? ഒരു സിനിമയിലെ നായകന്റെ 8പായ്ക്ക് കണ്ട് ഞങ്ങള്‍ അസൂയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു. അയാള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അയാളുടെ ലിംഗഭാഗത്തേക്ക് ഞങ്ങളും സൂം ചെയ്യട്ടേ?, അത് “ചീപ്പ് ഹെഡ്‌ലൈന്‍സാ”യി നല്‍കട്ടേ?
എന്റെ ശരീരത്തെ ആഘോഷിക്കേണ്ട സാഹചര്യം എനിക്കില്ല. അതേസമയം തന്നെ ഒരു കഥാപാത്രത്തിന് യോജിക്കാത്ത രീതിയില്‍ എന്തെങ്കിലും ഒളിപ്പിക്കേണ്ട ആവശ്യവുമില്ല. എന്റെ പുതിയ കഥാപാത്രം ഉപജീവനമാര്‍ഗത്തിന് വേണ്ടി പുരുഷനെ ഉത്തേജിപ്പിക്കുന്ന ഒരു ബാര്‍ ഡാന്‍സറുടേതാണ് (ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയതിന് ഫറാ ഖാന്‍ ക്ഷമിക്കണം). ഞാന്‍ ചെയ്‌തൊരു കഥാപാത്രത്തെയല്ല മറിച്ച് ഞാനെന്ന “REAL” വ്യക്തിയെയാണ് നിങ്ങള്‍ ഉല്പന്നമാക്കി പ്രചിരിപ്പിക്കുന്നത്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ നിങ്ങളെ വിമര്‍ശിക്കൂ. ആ കഥാപാത്രത്തിന്റെ അടിവസ്ത്രങ്ങളുടെ സൈസിനെക്കുറിച്ചും മറ്റും പറഞ്ഞോളൂ, ആ കഥാപാത്രത്തെ കൂടുതല്‍ നന്നാക്കാന്‍ കഴിയുമെങ്കില്‍ മാത്രം. ഞാന്‍ ആവശ്യപ്പെടുന്നത് ഇതാണ് സ്‌ക്രീനിന് പുറത്ത് സ്ത്രീയെന്ന ആദരവ് നല്‍കണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
സ്തനങ്ങളെക്കുറിച്ചോ, പുരുഷലിംഗങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ട് ചെയ്തതിനെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. അത് സാഹചര്യത്തിനനുസരിച്ചാണോ അല്ലെങ്കില്‍ ഒരു തലക്കെട്ട് വില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണോയെന്നാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഇവിടെ അവസാനിക്കുന്നു. എല്ലാവര്‍ക്കും ഒരു അഭിപ്രായമുണ്ടാവും. ഇതിന് ഇനിയും ശ്രദ്ധ നല്‍കുന്നത് ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കാരണം അത് അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കലാവും. ചിലപ്പോള്‍ ഇത്തരം തലക്കെട്ടുകള്‍ ഇനിയും വില്‍പ്പന ചെയ്യാന്‍ പ്രൊത്സാഹിപ്പിക്കലവുമാവും…
ഇത് കൂടി പറയുന്നു, പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
നന്നായി ജീവിക്കുക, സന്തോഷത്തോടെ ജീവിതം ആസ്വദിക്കുക.
ദീപിക പദുക്കോണ്‍