ചപക് എന്ന സിനിമ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസികമായി ഒരുപാട് ബാധിച്ചതുമായ സിനിമയുമാണെന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍. ജിയോ മാമി ഫിലിം മേളയില്‍ ബോളിവുഡ് സിനിമാ ക്രിട്ടിക്കുകളായ രാജീവ് മസന്തിനോടും അനുപമ ചോപ്രയോടും സംസാരിക്കുകയായിരുന്നു നടി.
ആസിഡ് ആക്രമണം നേരിട്ട കഥാപാത്രമായി ആണ് ദീപിക ചിത്രത്തില്‍ എത്തുന്നത്. ഇതിനായുള്ള മുഖത്തെ പ്രോസ്തറ്റിക് മേക്അപ്പിനായി 3 മണിക്കൂറോളം വേണം. മാത്രവുമല്ല മാനസികമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കഥാപാത്രത്തില്‍ നിന്നും വിട്ടു പോകുന്നതും ബുദ്ധിമുട്ടായിരുന്നു എന്നാണ് ദീപിക പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷൂട്ടിംഗിന്റെ അവസാന ദിവസം സംവിധായിക മേഘനയോട് എന്റെ മുഖത്തുപയോഗിക്കുന്ന പ്രോസ്തറ്റിക് മേക്ക് അപ്പിന്റെ സാംപിള്‍ ആവശ്യമാണെന്ന് ഞാന്‍ പറഞ്ഞു. അവസാന സീന്‍ ഒരു ഹോസ്പിറ്റലില്‍ നിന്നായിരുന്നു. സീന്‍ കഴിഞ്ഞ ശേഷം ഞാന്‍ ആ മേയ്ക്കപ്പ് പീസ് ആല്‍ക്കഹോള്‍ ഒഴിച്ചു കത്തിച്ചു. അത് കത്തിത്തീരും വരെ ഞാന്‍ നോക്കിനിന്നു അതിനുശേഷം മാത്രമാണ് ഈ സിനിമയുടെ ഒരു ഭാഗം എന്നില്‍ നിന്നു വിട്ടു പോയതായി എനിക്കു തോന്നിയത്. ഒരിക്കലും ഒരു കഥാപാത്രം പൂര്‍ണമായും നമ്മളില്‍ നിന്നു വിട്ടു പോകില്ല. ഇതു വരെയുള്ള സിനിമകളില്‍ ഈ സിനിമയാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. – ദീപിക പറയുന്നു.