| Monday, 2nd November 2020, 12:51 pm

ദീപിക പദുക്കോണിന്റെ മാനേജരെ കാണാനില്ലെന്ന് എന്‍.സി.ബി; സംഭവം മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ കാണാനില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബുനധാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് എന്‍.സി.ബി വൃത്തങ്ങള്‍ അറിയിച്ചു.

ഇവര്‍ ബുധനാഴ്ച എന്‍.സി.ബിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. സെന്‍ട്രല്‍ ഏജന്‍സിയുടെ സമന്‍സിനോട് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് എന്‍.സി.ബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

എന്‍.സി.ബി നേരത്തെ ദീപിക പദുക്കോണിന്റെ മാനേജരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മുംബൈയിലെ വെര്‍സോവയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 1.7 ഗ്രാം ഹാഷിഷും മൂന്ന് കുപ്പി കന്നാബിഡിയോള്‍ ഓയിലും (സി.ബി.ഡി) കണ്ടെടുത്തിരുന്നു.

സെപ്റ്റംബര്‍ അവസാനം കരിഷ്മ പ്രകാശിനെ എന്‍.സി.ബി ഏജന്‍സി ചോദ്യം ചെയ്തിരുന്നു. കരിഷ്മ നടത്തിയ ചില വാട്ട്സ്ആപ്പ് ചാറ്റുകളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടായിരുന്നതായി വിവരം ലഭിക്കുകയും ചെയ്തിരുന്നു. ‘ഡി’ എന്ന പേരില്‍ സേവ് ചെയ്ത ആളുമായിട്ടായിരുന്നു ഇവരുടെ വാട്‌സ് ചാറ്റുകളെന്നായിരുന്നു വിവരം. തുടര്‍ന്നാണ് കരിഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി എന്‍.സി.ബി വിളിച്ചുവരുത്തിയത്.

ജൂണ്‍ 14 ന് മുംബൈയിലെ വസതിയില്‍ വെച്ച് സുശാന്ത് സിങ് രജപുത് സിങ് മരിച്ചതിന് പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളിലേക്ക് അന്വേഷണം നീളുന്നത്. ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി താരങ്ങളെ എന്‍.സി.ബി ചോദ്യം ചെയ്തിട്ടുണ്ട്.

കേസില്‍ നടി റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോയിക്, സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരുള്‍പ്പെടെ 18 പേരെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ റിയാ ചക്രബര്‍ത്തിയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

35 കാരനായ സുശാന്തിന്റെ മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ചും നിലവില്‍ സി.ബി.ഐയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Deepika Padukone’s manager Karishma Prakash, summoned by NCB, untraceable

We use cookies to give you the best possible experience. Learn more