പത്താന്റെ ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിനെതിരെ സംഘപരിവാര്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ‘ബേഷരം രംഗ്’ ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ച് അഭിനയിച്ചത് വിവിധ വലതുപക്ഷ- ഹിന്ദുത്വ പ്രൊഫൈലുകള്‍ വിവാദമാക്കിയിരുന്നു.
പാട്ടില്‍ കാവി ബിക്കിനി ധരിച്ച യുവതിയെ വശീകരിക്കാന്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം ശ്രമിക്കുന്നു എന്നായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആരോപിച്ചത്. എന്നാലിപ്പോള്‍, കാവി നിറത്തിലുള്ള വേഷം ധരിച്ച ദീപികയുടെ തകര്‍പ്പന്‍ മാസ് രംഗങ്ങള്‍ കൂടിയുള്ള ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തില്‍ ഷാരൂഖ് ഖാനും ജോണ്‍ അബ്രഹാമിനൊപ്പം മികച്ച സംഘട്ടന രംഗങ്ങളാണ് ദീപികക്കുള്ളതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ദീപികയുടെ ഈ ഫൈറ്റ് സീനുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ദീപികക്കും ഷാരൂഖിനും പത്താന്‍ എന്ന സിനിമക്കുമെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങളെ പരിഹസിച്ചുകൊണ്ടാണ് നിരവധി പേര്‍ ഈ സീനുകള്‍ പങ്കുവെക്കുന്നത്. ‘ഒത്തില്ല, ഒത്തില്ല സംഘിയുടെ കുത്തിത്തിരിപ്പൊന്നും ഒത്തില്ല’ ‘ഇത്രയൊക്കെ പ്രതിഷേധിച്ചിട്ടും പുല്ലുവിലയാണല്ലോ നീ അവര്‍ക്ക് കൊടുത്തത്’ തുടങ്ങിയ കമന്റുകളും ക്യാപ്ഷനുകളുമാണ് ഇതിനൊപ്പം വരുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദീപികയുടെ ചില പഴയ ചിത്രങ്ങളും സംഘപരിവാറിനുള്ള മറുപടി എന്ന നിലയില്‍ വൈറലായിരുന്നു. കാവി നിറത്തിലുള്ള ഷൂസ് ധരിച്ച ഒരു ഫോട്ടോയും, നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന മറ്റൊരു ഫോട്ടോയും ഇക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചയായി.
വിദ്വേഷ പ്രചരണം ശക്തമായി തുടരുന്നതിനിടയില്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ വേള്‍ഡ് കപ്പ് അവതരിപ്പിക്കാനായി ദീപിക ഖത്തറിലെത്തിയതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.
സമാനമായ വരവേല്‍പ്പമാണ് ദീപികക്കും പത്താന്‍ ട്രെയ്‌ലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിന് മുമ്പ് തന്നെ വ്യൂ മില്യണ്‍ കടന്നിരുന്നു.
സി.ബി.എഫ്.സി പത്താനില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും അതിലും കാവി ബിക്കിനിയോ ഗാനരംഗങ്ങളോ ഉള്‍പ്പെട്ടിരുന്നില്ല. ബേഷരം രംഗ് ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡും ഇതിനിടെ സ്വന്തമാക്കിയിരുന്നു.
റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.
പത്താന്റെ ഒ.ടി.ടി റൈറ്റ്സ് 100 കോടിക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരുന്നു. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രം മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ ഒ.ടി.ടിയില്‍ എത്തും.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന് ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ്തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.
Content Highlight: Deepika Padukone’s action scene in saffron colour dress in Pathaan trailer goes viral