ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുകോണ്‍. കന്നഡ ചിത്രമായ ഐശ്വര്യയിലൂടെ സിനിമാ ജീവിതം ആരംഭിച്ച ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഓം ശാന്തി ഓം. ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാന്‍ സംവിധാനം ചെയ്ത് 2007 ല്‍ റിലീസായ ചിത്രമാണ് ഇത്. ആദ്യ ബോളിവുഡ് ചിത്രം കൊണ്ടുതന്നെ തിരക്കുള്ള നായികയായി മാറാന്‍ ദീപികയ്ക്ക് കഴിഞ്ഞു.
എങ്ങനെയാണ് താന്‍ നെഗറ്റിവിറ്റിയെ നേരിടുന്നതെന്നും തന്റെ ആദ്യ സിനിമയില്‍ തന്നെ നെഗറ്റീവ് കേട്ടപ്പോള്‍ അത് തന്നേതന്നെ പുഷ് ചെയ്യാനുള്ള അവസരമായാണ് കണ്ടതെന്നും ദീപിക പറയുന്നു. അടുത്തിടെ നടന്ന ലീവ് ലവ് ലാഫ് ലെക്ച്ചര്‍ സീരിസില്‍ സംസാരിക്കുകയായിരുന്നു ദീപിക.
‘എന്റെ ആദ്യ സിനിമ ഓം ശാന്തി ഓം റിലീസ് ചെയ്തപ്പോള്‍, കുറച്ച് മോശം റിവ്യൂകള്‍ വന്നിരുന്നു. എന്നാല്‍ ഈ ഒരു മോശം റിവ്യൂ മാത്രം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നുണ്ട്. ആ നെഗറ്റീവ് റിവ്യൂ കണ്ടതുമുതല്‍ ഞാന്‍ എന്നില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതെന്നെ പ്രേരിപ്പിച്ചു.
അത് എന്റെ ഉച്ചാരണം, ഞാന്‍ ഉപയോഗിക്കുന്ന ഭാഷ രീതി, എന്റെ കഴിവുകളും എനിക്ക് ചെയ്യാന്‍ പറ്റുന്നതിനെ കുറിച്ചുമെല്ലാം ആ റിവ്യൂവില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു. നെഗറ്റിവിറ്റി ചിലപ്പോള്‍ ഒരു നല്ല കാര്യമാണ്. അതില്‍നിന്ന് എന്താണ് നിങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് പ്രധാനം. ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ വിമര്‍ശങ്ങള്‍ നിങ്ങളെ കുറച്ചുകൂടെ വലിയ രീതിയില്‍ കാര്യങ്ങള്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കും എന്നുള്ളതാണ്. ആ നെഗറ്റീവ് റിവ്യൂവിനെ ഞാന്‍ പോസിറ്റീവ് ആയി കണ്ടതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ ഇരിക്കുന്നത്,’ ദീപിക പദുകോണ്‍ പറയുന്നു.
രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നാണ് ദീപികയുടെ ഇനി റിലീസ് ആകാനുള്ള ചിത്രം. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം നവംബര്‍ 1ന് തിയേറ്ററുകളില്‍ എത്തും.