| Friday, 25th September 2020, 9:44 am

ട്രാഫിക് സിഗ്നലില്‍ ദീപികയുടെ കാറിനുമുന്നിലേക്ക് പാഞ്ഞടുത്ത് മാധ്യമപ്രവര്‍ത്തകര്‍; വീടുവരെ വിടാതെ പിന്തുടര്‍ന്നു; തുടരുന്ന മാധ്യമവിചാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സംഭവത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ചര്‍ച്ചയാകുന്നു.

വ്യാഴാഴ്ച്ച ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ ദീപിക പദുക്കോണിനെ അര്‍ധരാത്രി വരെ കാത്തിരുന്ന് അവരുടെ കാറിനെ പിന്തുടര്‍ന്ന് ചോദ്യങ്ങളുമായെത്തിയ മാധ്യമങ്ങളുടെ നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. നേരത്തെ നടി റിയ ചക്രബര്‍ത്തിക്ക് നേരെയും മാധ്യമങ്ങള്‍ ഇത്തരത്തില്‍ പാഞ്ഞടുത്തിരുന്നു.

ഇതുമായി ബന്ധപ്പട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ദീപികയുടെയും ഭര്‍ത്താവ് രണ്‍ദീപ് സിങിന്റെയും കാര്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരെ കാണാം. എയര്‍പോര്‍ട്ടില്‍ നിന്ന് കാറില്‍ ദീപികയെ പിന്തുടര്‍ന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ട്രാഫിക് സിഗ്നലില്‍ വാഹനത്തില്‍ നിന്നിറങ്ങി ദീപികയുടെ കാറിനടുത്തേക്ക് എത്തുകയായിരുന്നു. വണ്ടി ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ തന്നെ കാറിന്റെ ചില്ലില്‍മുട്ടി ദീപികയോടും രണ്‍വീറിനോടും ചിലര്‍ പ്രതികരണവും തേടി.

വീട്ടിലേക്കുള്ള വഴിമുഴുവന്‍ ദീപികയുടെ കാറിനെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച്ചയാണ് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഗോവയിലായിരുന്ന ദീപിക പദുക്കോണ്‍ ഭര്‍ത്താവ് രണ്‍ദീപ് സിങിനൊപ്പം മുംബൈയിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ യാത്രതിരിച്ചത്.

ദീപികയ്ക്ക് പുറമെ ശ്രദ്ധ കപൂറിനെയും, രാകുല്‍ പ്രീത് സിങിനെയും നാര്‍ക്കോട്ടിക്‌സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദീപിക അറിയിച്ചു. നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം ശനിയാഴ്ച്ച ഹാജരാകാമെന്നാണ് ദീപിക അറിയിച്ചത്.

നേരത്തെ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepika Padukone, Ranveer Singh’s Drive Though Media Frenzy From Airport

Latest Stories

We use cookies to give you the best possible experience. Learn more