ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. അഭിനയം കൊണ്ട് മാത്രമല്ല തന്റെ ട്രെന്റിങ് വേഷവിധാനങ്ങള്‍കൊണ്ടും ദീപിക ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 15 വര്‍ഷത്തലിറെയായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടി ഇതിനകം ഒട്ടനവധി സൂപ്പര്‍ ഹിറ്റുകളാണ് കൈപ്പിടിയിലൊതുക്കിയത്.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓം വന്‍ വിജയമായിരുന്നു. ശേഷം ഉയര്‍ച്ചകളും താഴ്ചകളും നേരിട്ട നടിയുടെ കരിയര്‍ മാറ്റി മറിച്ചത് 2012 ല്‍ പുറത്തിറങ്ങിയ കോക്ടെയില്‍ എന്ന ചിത്രമാണ്.
എന്നാലിപ്പോള്‍ തന്റെ കരിയറിലെ ഒരു വിഷമഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ദീപിക ഇപ്പോള്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തനിക്ക് വിഷാദരോഗം പിടിമുറുക്കുന്നതെന്നും, ആ സമയത്ത് ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, എന്നാല്‍ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നുവെന്നും നടി പറയുന്നു.
പൊതുവേദികളില്‍ ഒരു മടിയും കൂടാതെ തന്റെ വിഷാദനാളുകളെ കുറിച്ച് ദീപിക പദുകോണ്‍ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെപ്പറ്റി പറയുകയാണ് നടി.
ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പങ്കുവെച്ചത്.
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. വളരെ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നത് കൊണ്ട് ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് അന്നെനിക്ക് മനസിലായില്ല. എന്നാല്‍ പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ഒന്ന് സുഖമായി ഉറങ്ങാന്‍ വരെ ആഗ്രഹിച്ചിരുന്നു. കാരണം ഉറക്കം ഒരു രക്ഷപ്പെടലാണ്. ചില സമയങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിരുന്നു. അതെല്ലാം എനിക്ക് സ്വയം നിയന്ത്രിക്കേണ്ടി വന്നുവെന്ന് ദീപിക ഓര്‍ത്തെടുക്കുന്നു.
എന്റെ മാതാപിതാക്കള്‍ ബെംഗളൂരുരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ഇതൊക്കെ മറച്ച് പിടിച്ച് നില്‍ക്കുമായിരുന്നു. ഒരു ദിവസം അവര്‍ക്ക് മുന്നില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അമ്മ എന്നോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി ഇതെല്ലാം എന്റെ തോന്നലാണെന്ന് അമ്മ പെട്ടന്ന് മനസിലാക്കി. അമ്മയെ ദൈവം എനിക്കായി അയച്ചതാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
അതേസമയം ദീപിക തന്റെ പുതിയ സിനിമയായ പത്താന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമുമാണ് പത്താനിലെ മറ്റു പ്രധാന താരങ്ങള്‍.