മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവത്നെതിരെ വിമര്‍ശനമുന്നയിച്ച ബോളിവുഡ് നടി സ്വര ഭാസ്‌കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ആക്രമണമാണ് അരങ്ങേറിയത്. ഇപ്പോള്‍ സ്വരയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പത്മാവതിലെ നായിക ദീപിക പദുകോണ്‍.
ചിത്രത്തില്‍ സതിയെ മഹത്വവല്‍ക്കരിക്കുന്നതിനെ സ്വര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചിത്രം സതിയെ മഹത്വവല്‍ക്കരിക്കുന്നില്ലെന്നും സിനിമ തുടങ്ങുന്നതിനു മുമ്പ് എഴുതിക്കാണിക്കുന്ന നിയമപരമായ മുന്നറിയിപ്പ് കാണാത്തത് കൊണ്ടാണ് സ്വര ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സതി എന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ടെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.
“ആ സമയത്ത് പോപ്‌കോണോ മറ്റോ വാങ്ങാനാന്‍ പോയ അവര്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും. മാത്രമല്ല ഒരു സിനിമ കാണുമ്പോള്‍ അത് മുഴുവനായും കാണാന്‍ ശ്രമിക്കുകയും അത് ഏത് കാലഘട്ടത്തിലാണ് ചിത്രിരീകരിച്ചിരിക്കുന്നതെന്നും മനസ്സിലാക്കണം. സതിയെ ചിത്രിരീകരിക്കാന്‍ മാത്രമല്ല ഈ ചിത്രമെന്നും അതിനേക്കാളുപരി പല കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ആഘോഷവും കരുത്തും അന്തസ്സുമാണ് ഈ സിനിമയെന്നും” സൂം ടി.വി നടത്തിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു.
പതമാവത്‌നെ വിമര്‍ശിച്ചുകൊണ്ട് സംവിധായകനായ ബന്‍സാലിക്ക് സ്വര എഴുതിയ തുറന്ന കത്തായിരുന്നു വിമര്‍ശനത്തിനാധാരം. സതിയടക്കമുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കുന്നതെന്തിനെന്ന ചോദ്യവുമായാണ് സ്വര ബന്‍സാലിക്ക് തുറന്ന കത്ത് എഴുതിയത്. ചിത്രം കണ്ട താന്‍ ഒരു യോനിയായി ചുരുങ്ങി എന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.
ചിത്രത്തില്‍ സതിയെ മഹത്വവല്‍ക്കരിക്കുന്ന ഭാഗം ചുണ്ടിക്കാണിച്ചുകൊണ്ട് പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകളെന്നും സ്വര കത്തില്‍ പറഞ്ഞിരുന്നു.