റിയചക്രബര്‍ത്തിക്ക് പിന്നാലെ മയക്കുമരുന്നു കേസില്‍ അന്വേഷണം ദീപിക പദുക്കോണിലേക്കും
national news
റിയചക്രബര്‍ത്തിക്ക് പിന്നാലെ മയക്കുമരുന്നു കേസില്‍ അന്വേഷണം ദീപിക പദുക്കോണിലേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 9:54 am

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോണിലേക്കും അന്വേഷണം നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ റിയ ചക്രബര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടിമാരായ ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റിയയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന.

സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ ടാലന്റ് മാനേജരായ ജയ സാഹയെ നാര്‍ക്കോട്ടിക്ക്‌സ് തിങ്കളാഴ്ച്ച ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നേരമാണ് അവരെ ചോദ്യം ചെയ്തത്. ജയ സഹായും കരിഷ്മയുടെ തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.

റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് തന്നെയാണ് ജയ സാഹയുടെ പേരും പുറത്ത് വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

സുശാന്ത് സിങ് രജ്്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ റിയ ചക്രബര്‍ത്തിയെ മൂന്ന് ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ് ചെയ്തത്.

സുശാന്ത് സിങ് രജ്പുതിന്റെ മരണം ബി.ജെ.പി രാഷ്ട്രീയമായി മുതലെടുക്കുകയാണ് എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ദീപിക പദുക്കോണിനെയും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നേരത്തെ ജെ.എന്‍.യു സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപികയെത്തിയത് വലിയ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepika Padukone on NCB radar in drug probe linked to Sushant death: Sources