മികച്ച ബ്രിട്ടീഷ് – അന്തര്‍ദേശീയ സിനിമകള്‍ക്കുള്ള പുരസ്‌കാര ചടങ്ങില്‍ അവതാരകയായി ദീപിക പദുക്കോണ്‍. ബാഫ്റ്റ ഫിലിം അവാര്‍ഡ്‌സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സിന്റെ അവാര്‍ഡ്‌സ് ഷോയിലാണ് ദീപിക അവതാരകയായി എത്തുന്നത്.
താരം തന്നെയാണ് ഈ കാര്യം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഇതോടെ ബാഫ്റ്റയില്‍ അവതാരകയായി പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണല്‍ സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള ഒരാളാവുകയാണ് ദീപിക.
ഫെബ്രുവരി 18ന് ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളിലാണ് അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ കിലിയന്‍ മര്‍ഫി, ക്രിസ്റ്റഫര്‍ നോളന്‍, ഗ്രെറ്റ ഗെര്‍വിഗ്, ബ്രാഡ്‌ലി കൂപ്പര്‍, സെലിന്‍ സോങ്ങ്, യോര്‍ഗോസ് ലാന്തിമോസ്, ബാരി കിയോഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യമായല്ല ദീപിക പദുക്കോണ്‍ ഇത്തരം അന്താരാഷ്ട്ര ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒസ്‌കറിന് വേണ്ടി ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ആര്‍.ആര്‍.ആര്‍ സിനിമക്ക് വേണ്ടിയായിരുന്നു താരം ഒസ്‌കര്‍ വേദിയിലെത്തിയിരുന്നത്.
ഇതിന് പുറമെ 2022ലെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും നിരവധി റെഡ് കാര്‍പെറ്റുകളിലും പാരീസ് ഫാഷന്‍ വീക്കിലും ലൂയിസ് വിട്ടണ്‍ 2023 ക്രൂയിസ് ഷോയിലും മെറ്റ് ഗാലയിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ബാഫ്റ്റ 2024ലും തന്റെ സാമിപ്യമറിയിക്കാനുള്ള അവസരം ദീപികയെ തേടിയെത്തിയിരിക്കുകയാണ്.
അതേസമയം, ബാഫ്റ്റക്കായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ 13 നോമിനേഷനുകള്‍ നേടി മുന്നിലാണ്. ബ്ലാക്ക്-കോമഡി സയന്‍സ് ഫാന്റസി ചിത്രം ‘പുവര്‍ തിങ്‌സ്’ 11 നോമിനേഷനുകളാണ് സ്വന്തമാക്കിയത്. ബാര്‍ബിയാകട്ടെ അഞ്ച് വിഭാഗങ്ങളില്‍ മാത്രമാണ് നോമിനേഷന്‍ നേടിയത്.
Content Highlight: Deepika Padukone Announced As Presenter At Bafta Awards 2024