| Sunday, 12th September 2021, 10:53 am

മുഖ്യമന്ത്രിക്ക് മുസ്‌ലിം തീവ്രവാദികളെ പേടി; ഇത്രയും ഉപദേശകരുണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദ് എന്ന് കേട്ടിട്ടേയില്ലേ? പിണറായിക്കെതിരെ ദീപിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രം. മുസ് ലിം തീവ്രവാദികളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്ന തരത്തില്‍ സംസാരിച്ചതെന്നാണ് ദീപിക പറയുന്നത്.

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള എഡിറ്റോറിയലായിരുന്നു ദീപിക എഴുതിയിരുന്നത്. ‘അപ്രിയസത്യങ്ങള്‍ പറയരുതെന്നോ’ എന്നായിരുന്നു ഇതിന്റെ തലക്കെട്ട്.

പുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൂടിയാണ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അജ്ഞതയാണെന്നാണ് ദീപിക പറയുന്നത്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന തരത്തിലാണ് ദീപികയുടെ എഡിറ്റോറിയല്‍.

മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗംകൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി തുറന്നുപറയേണ്ടതുണ്ടെന്നും ദീപിക ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.ടി. തോമസ് എം.എല്‍.എയ്ക്കുമെതിരെ രൂക്ഷമായ പ്രതികരണങ്ങളും ലേഖനത്തിലുണ്ട്. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാത്മാരാണ്. നാര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പ് എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്‌ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഈ കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു് പി.ടി. തോമസിന്റെ പ്രതികരണം.
പാലാ ബിഷപ്പിനേപ്പൊലെ ഒരാള്‍ പറയാന്‍ പാടില്ലാത്തതാണ് അതെന്നും മതതീവ്രവാദത്തിന് ഇന്ധനം പകരുന്ന നടപടികള്‍ക്കെതിരേയുള്ള നിലപാടുകളാണ് ഇന്ന് ഉണ്ടാകേണ്ടതെന്നും പി.ടി. തോമസ് പറഞ്ഞു.

മതസൗഹാര്‍ദം വളര്‍ത്താനോ ഊട്ടിയുറപ്പിക്കാനോ ഉതകുന്ന പ്രസ്താവനകളാണ് എല്ലാ തലങ്ങളിലും ഇന്ന് ഉണ്ടാകേണ്ടത്. എന്നാല്‍, ബിഷപ്പിന്റെ പരാമര്‍ശം വളരെ ഖേദകരമാണ്. അത് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഇടയുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും രംഗത്തുവന്നിരുന്നു. കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നുമാണ് മാര്‍ അപ്രേം പറഞ്ഞത്.

മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തില്‍ കല്‍ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തില്‍ ഇത് ചര്‍ച്ചയാക്കേണ്ടെന്നും ബിഷപ് മാര്‍ അപ്രേം പറഞ്ഞു.

നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരുന്നു. സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ വി.ഡി. സതീശനും പി.ടി. തോമസിനും മാര്‍ കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Catholic news paper Deepika against CM Pinarayi Vijayan over Pala Bishop’s Narcotic Jihad controversy

We use cookies to give you the best possible experience. Learn more