| Wednesday, 28th August 2024, 10:17 pm

ഡീപ്ഫേക്കുകൾക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങൂ: കേന്ദ്രത്തിന് നിർദേശവുമായി ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഡീപ്ഫേക്ക് സാങ്കേതികവിദ്യ സമൂഹത്തിൽ ഗുരുതരമായ വിപത്തായിരിക്കുമെന്നും സർക്കാർ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. വ്യാജ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് (എ.ഐ) മറുമരുന്ന് സാങ്കേതികവിദ്യ തന്നെയാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ഡീപ്ഫേക്ക് സാങ്കേതികവിദ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ രജത് ശർമയും അഡ്വക്കേറ്റ് ചൈതന്യ രോഹില്ലയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഡീപ്‌ഫേക്ക് ടെക്‌നോളജി കൈകാര്യം ചെയ്യാൻ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടും ഡാറ്റ പ്രൊട്ടക്ഷൻ ആക്ടും മതിയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് ഹരജിയിൽ പറയുന്നുണ്ട്.

പ്രശ്‌നം പരിഹരിക്കാൻ യൂറോപ്യൻ യൂണിയൻ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും എന്നാൽ ഡീപ്ഫേക്ക് സാങ്കേതികവിദ്യ എ.ഐയിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കണമെന്നും രജത് ശർമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇന്ത്യ ടി.വി ന്യൂസ് ചാനലിൽ ഒരു പരസ്യത്തിൽ ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ രജത് ശർമയുടെ ഫോട്ടോ ഉപയോഗിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഹരജി ഫയൽ ചെയ്തപ്പോൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ഭീഷണി നിലവിലുള്ള അത്ര ഭീകരമായിരുന്നില്ലെന്ന് റോഹില്ലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഡീപ്ഫേക്ക് സാങ്കേതിക വിദ്യയുടെ വ്യാപനം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ കാര്യമായ ഭീഷണി ഉയർത്തുന്നു. തെറ്റായ വിവരങ്ങൾ നൽകുക വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുക തുടങ്ങിയ നിരവധി ദോഷഫലങ്ങൾ ഡീപ് ഫേക്കിനുണ്ടെന്നും മാധ്യമപ്രവർത്തകൻ രജത് ശർമയുടെ ഹർജിയിൽ പറയുന്നു.

ഡീപ്‌ഫേക്കിൻ്റെ പ്രശ്നം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ലോകമെമ്പാടും നടക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അമേരിക്ക പോലുള്ള ചില രാജ്യങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ നിയമനിർമാണം നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഡീപ് ഫേക്ക് ദുരുപയോഗം തടയാൻ കൗണ്ടർ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിവരുമെന്ന് എ.എസ്.ജി ചേതൻ ശർമ പ്രതികരിച്ചു.

ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ പ്രത്യേക സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം ഫയൽ ചെയ്യാൻ കോടതി ഹരജിക്കാരുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടു. കേസ് വീണ്ടും ഒക്ടോബർ എട്ടിന് പരിഗണിക്കുന്നതാണ്.

വ്യാജ ചിത്രങ്ങളും വീഡിയോകളും ഓഡിയോ റെക്കോർഡുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു തരം നിർമിത ബുദ്ധിയാണ് ഡീപ്ഫേക്ക് സാങ്കേതികവിദ്യ.

Content Highlight: Deepfake Going To Be Serious Menace In Society, Antidote Of Fake AI Would Be Technology Only: Delhi High Court

We use cookies to give you the best possible experience. Learn more