| Monday, 10th June 2019, 6:57 am

ഗിരീഷ് കര്‍ണാട്: 'ദ കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്'

ദീപന്‍ ശിവരാമന്‍

നാടകകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണമാണ് പെട്ടെന്ന് ഓര്‍മ വന്നത്. കാരണം, അനന്തമൂര്‍ത്തി മരിക്കുന്നത് 2014-ല്‍ മോദിഭരണം വന്നതിന്റെ രണ്ടു മാസങ്ങള്‍ക്കു ശേഷമാണ്. ഒരു ഹിന്ദു ഫാഷിസ്‌റ് സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്തു ജീവിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ അനന്തമൂര്‍ത്തിക്കു നമോ ബ്രിഗേഡ് പാകിസ്താനിലേക്കുള്ള ടിക്കറ്റ് അയച്ചുകൊടുത്താണ് പ്രതികരിച്ചത്. അവരുടെ പക അനന്തമൂര്‍ത്തിയുടെ മരണശേഷം കര്‍ണാടകയില്‍ തെരുവുകള്‍ തോറും മധുരം വിളമ്പിയാണ് അവര്‍ തീര്‍ത്തത്.

കര്‍ണാടിന്റെ അടുത്തകാലത്തു കണ്ട ഏറ്റവും ഐക്കണിക്ക് ആയിട്ടുള്ള ഇമേജ്, അദ്ദേഹം ഓക്സിജന്‍ ട്യൂബ് മൂക്കില്‍വെച്ച് ഐ.സി.യുവില്‍ നിന്ന് പുറത്തേക്കുവരികയും ‘മീ ടൂ അര്‍ബന്‍ നക്സല്‍’ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിയിട്ടിട്ട് പ്രതിഷേധിക്കുന്നതുമാണ്.

അത്രമേല്‍ സാമൂഹികവും രാഷ്ട്രീയവും താത്വികവുമായ ആര്‍ജ്ജവമുള്ള കലാകാരനായിരുന്നു കര്‍ണാട്. സുഹൃത്തായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം തനിക്കെതിരെ കൊലവിളി ഉയര്‍ത്തിയ പാരാവാരത്തോടുള്ള അതിശക്തമായ മറുപടി ആയിരുന്നു അത്.

ഇന്ന് മോദിയുടെ രണ്ടാം വരവിന്റെ ആഘോഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ലോകം വിട്ടുപോകണം എന്ന് അനന്തമൂര്‍ത്തയെ പോലെ കര്‍ണാടും ആശിച്ചിരിക്കണം. അദ്ദേഹം എടുത്ത രാഷ്ട്രീയ നിലപാടുകള്‍ നാളെ ഇന്ത്യ ഒരു കലാകാരന്‍ മാനവികതക്ക് വേണ്ടിയെടുത്ത ചരിത്രപരമായ ഇടപെടലായി സ്മരിക്കപ്പെടും.

നാടകകൃത്തും നടനും സിനിമാ സംവിധായകനും പരിഭാഷകനും ചിന്തകനുമായിരുന്ന കര്‍ണാട് ഒരു ടോട്ടല്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു എന്നുവേണം പറയാന്‍. ബഹുമുഖ പ്രതിഭയുള്ള കലാകാരന്‍ എന്ന നിലക്ക് മാത്രമല്ല അദ്ദേഹം ടോട്ടല്‍ ആര്‍ടിസ്റ്റ് ആയി തീരുന്നത്. തന്റെ സാമൂഹിക ചുറ്റുപാടിനോടും, രാഷ്ട്രീയ വ്യവസ്ഥിതികളോടും, പൊരുതിക്കൊണ്ട് ഒരു നല്ല സാമൂഹിക നിലനില്‍പ്പിനു നിലകൊണ്ടു എന്ന നിലക്ക് കൂടിയാണ്. ആ നിലപാടാണ് ഒരു കലാകാരനെ ശ്രേഷ്ഠമാക്കി തീര്‍ക്കുന്നത്.

ചാര്‍ലി ചാപ്ലിനും ബ്രെതോള്‍ഡ് ബ്രെഹ്തും പോലുള്ള മനുഷ്യര്‍ മുന്നോട്ടുവെച്ച കലാ സാമൂഹിക ദര്‍ശനം കര്‍ണാടും പങ്കു വെച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സമമായി മറ്റൊരാള്‍ ആധുനിക ഇന്ത്യയുടെ കലാചരിത്രത്തില്‍ ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല.

ആധുനിക ഇന്ത്യന്‍ നാടകവേദിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹിം അല്‍ക്കാസി മുതല്‍ ഏതാണ്ട് എല്ലാ പ്രമുഖരായ സംവിധായകരും കര്‍ണാടിന്റെ നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. അദ്ദേഹത്തിന്റെ ഹയവദനയും നാഗമണ്ഡലയും കര്‍ണാടകയിലെ ഗ്രാമീണതയില്‍ നിന്നും നാടോടി കഥകളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത അതിമനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കൃതികളാണെകില്‍ അദ്ദേഹത്തിന്റെ തുഗ്ലക് തീര്‍ച്ചയായും ഒരു മോഡേണ്‍ ക്ലാസിക് ആയിട്ടാണ് കരുതി പോയിട്ടുള്ളത്.

അദ്ദേഹത്തിന്റെ സമകാലികര്‍ ആയിരുന്ന വിജയ് തെണ്ടുല്‍ക്കര്‍, മോഹന്‍ രാകേഷ്, ബാദല്‍ സര്‍ക്കാര്‍ തുടങ്ങിയവരുടെ എഴുത്തിനെ അപേക്ഷിച്ചു കര്‍ണാട് അര്‍ബന്‍ ഇടങ്ങളെക്കാള്‍ ഗ്രാമീണമായ ജീവിതങ്ങളെ തന്റെ എഴുത്തുകളില്‍ കൊണ്ടുവന്നു.

നാടകസാഹിത്യത്തില്‍ ഇന്ത്യ ജ്ഞാനപീഠം നല്‍കി ആദരിച്ച ഒരേയൊരാള്‍ കര്‍ണാട് തന്നെ. പത്മശ്രീയും, പത്മഭൂഷണും, ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തിനെ ഏതങ്കിലും രാഷ്ട്രീയ ചേരികളില്‍ എത്തിച്ചില്ല എന്ന് മാത്രമല്ല, അതൊന്നും ആ മനുഷ്യന്റെ നിലപാടുകളെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. അദ്ദേഹത്തെപ്പോലെ ഒരാള്‍ മുന്നില്‍ നിന്നുകൊണ്ട് ശക്തമായ നിലപാടുകള്‍ എടുത്തതിനാലാണ് യുവാക്കളെയും പല പിന്മുറക്കാര്‍ക്കും ആന്റി-ഫാഷിസ്റ്റ് കൂട്ടായ്മയില്‍ അണിചേരാനായത്.

ഭയമില്ലാത്ത മനുഷ്യനായിരുന്നു കര്‍ണാട്. മരണകിടക്കയില്‍ നിന്ന് ഫാഷിസം തുലയട്ടെ എന്ന് തന്റെ രാജ്യം അതിന്റെ ഏറ്റവും പ്രതിലോമകരമായ രാഷ്ട്രീയ, സാമൂഹിക അവസ്ഥയിലേക്ക് കൂപ്പുകുത്താന്‍ ഏതാണ്ട് മുഴുവനായും തയ്യാറായി നില്‍ക്കുന്ന അവസ്ഥയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു സ്വതന്ത്രനായി പിരിഞ്ഞുപോയ ഗിരീഷ് കര്‍ണാട് നമ്മില്‍ ഏല്‍പ്പിച്ചുപോയ ചുമതല ചെറുതല്ല.

ഗിരീഷ് കര്‍്ണാടിനെ ആദ്യമായും അവസാനമായും കാണുന്നത് ഖസാക്കിന്റെ ഇതിഹാസം നാടകം ബെംഗളുരുവില്‍ കളിക്കുമ്പോഴാണ്. നാടകാവസാനം നേരിട്ട് കാണാന്‍ നില്‍ക്കാതെ തന്റെ ചെറു ആസ്വാദകക്കുറിപ്പ് കൈമാറിപ്പോയ ആ വലിയ മനുഷ്യനെ വളരെ ദൂരെനിന്ന് ആദരവോടെ കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍.

ഇന്ത്യയിലെ കലാകാരന്മാരും, എഴുത്തുകാരും, ചിന്തകരും, ഗവേഷകരും, മാനവികതയിലും, സാര്‍വ ലൗകികതയിലും ഊന്നിയ സാമൂഹിക നിലനില്‍പ്പിനെ സ്വപ്നം കാണുന്ന ഏവരും ഹിന്ദുരാഷ്ട്ര വാദത്തിന്റെ വക്താക്കളുടെ അതിഭീമാകാരമായ ഉയര്‍ച്ചയില്‍ പകച്ചുനില്‍ക്കുന്ന ഈ കാലത്ത്  കര്‍ണാടിന്റെ മരണവാര്‍ത്ത ഒരു ദുരന്തനാടകത്തിന്റെ കഥാര്‍സിസ് ആയി കാണുന്നവരുണ്ടാകാം.

എന്നാല്‍ കര്‍ണാട് ഉയര്‍ത്തി വിട്ട ശക്തമായ ആന്റി ഫാസിസ്റ്റ് നിലപാടുകള്‍ ഏറ്റെടുത്ത്, അതിനെ കലയിലൂടെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ഈ നാട്ടില്‍ നിലനില്‍ക്കുക എന്നുള്ള വെല്ലുവിളിയാണ് ഈ നാട്ടിലെ നാടകക്കാരും മറ്റു കലാകാരന്മാരും ഏറ്റെടുക്കേണ്ടത്, അതുതന്നെയാണ് ആ മഹാനായ കലാകാരനോടുള്ള ആദരവും.

ദീപന്‍ ശിവരാമന്‍

നാടകകാരന്‍, ദല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍

Latest Stories

We use cookies to give you the best possible experience. Learn more