| Tuesday, 12th March 2019, 10:24 am

ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് വരാന്‍ സാദ്ധ്യത കുറവാണ് എന്നിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എന്തിന് വോട്ടുചെയ്യണം?

ദീപക് ശങ്കരനാരായണന്‍

വളരെ അടിസ്ഥാനപരമായ ഒരു ചോദ്യമാണ്. ഉത്തരം പറയണമെങ്കില്‍ എന്താണ് കോണ്‍ഗ്രസ് എന്ന്, ദേശീയതലത്തിലെ കോണ്‍ഗ്രസില്‍ നിന്ന് എങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് വ്യത്യസ്തമാകുന്നത് എന്ന് നോക്കണം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട ബഹുജനങ്ങളുടെ അയഞ്ഞ സ്ട്രക്ചര്‍ ഉള്ള സംഘടന എന്ന നിലയില്‍ നിന്ന് സ്വാതന്ത്ര്യത്തിനുശേഷം നെഹ്രുവിന്റെ നേതൃത്വത്തിലുള്ള നാഷന്‍ സ്റ്റേയ്റ്റ് ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നു. (സ്വാതന്ത്ര്യസമരം തന്നെ ഗാന്ധിയുടെ മാസ് മൊബിലൈസേഷന്‍ കഴിവുകളെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും നടത്തിയതാണ് എന്ന ഒരു വെര്‍ഷന്‍ ചരിത്രകാരന്‍മാര്‍ക്കിടയിലുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍ അതീവദുര്‍ബലനായിപ്പോയ ഗാന്ധി ഒരു യാദൃശ്ചികതയല്ല അങനെയെങ്കില്‍. അത് വേറെത്തന്നെ വലിയ ഒരു വിഷയമാണ്. കഴിയുമെങ്കില്‍ പിന്നീട് എഴുതാന്‍ ശ്രമിക്കാം)

കോണ്‍ഗ്രസ് പക്ഷേ പക്ഷേ നെഹ്രുവിനുശേഷം ലോകത്തിലെത്തന്നെ ഏറ്റവും മികച്ച വിഭവസമൃദ്ധിയുള്ള രാജ്യങ്ങളിലൊന്നിലെ ജനങ്ങളെ മൂലധനത്തിന്റെ ഒഴുക്കിനും വളര്‍ച്ചക്കുമുള്ള കണ്‍ഡക്ടറുകള്‍ മാത്രമാക്കുന്ന പ്രക്രിയയിലേക്ക് അധ:പതിച്ചു. നെഹ്രുവിയന്‍ വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റെ പ്രധാന പ്രശ്‌നം അത് നെഹ്രു എന്ന അസാമാന്യപ്രഭാവമുള്ള വ്യക്തിയുടെ അഭാവത്തില്‍ സൈദ്ധാന്തികമായി ശൂന്യമായിപ്പോകും എന്നതായിരുന്നു.

ഇടതുപക്ഷമായിരുന്നു നെഹ്രുവിന്റെ ലീഡര്‍ഷിപ്പിന്റെ ഐഡിയോളജിക്കല്‍ സെക്കന്‍ഡ് ലൈന്‍.

(സമാനമായ പ്രശ്‌നം – സ്‌കെയിലില്‍ വളരെ ചെറുതാണെങ്കിലും – ഇ എം എസ്സിനുശേഷം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി(കള്‍) നേരിടുന്നുണ്ട് എന്ന് എനിക്കഭിപ്രായമുണ്ട്. ഇ എം എസ്സിന്റെ ബൗദ്ധിക പിന്തുടര്‍ച്ചകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദേശീയനിരയില്‍ ധാരാളം പിന്തുടര്‍ച്ചക്കാരുണ്ടെങ്കിലും കേരളത്തില്‍ അതത്ര ശക്തമല്ല. എണ്ണയിട്ട യന്ത്രം പോലെ ഓടുന്ന സംഘടനാ സംവിധാനമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി. അത് വേറെ വിഷയമാണ്. സൂചിപ്പിച്ചു എന്നേയുള്ളൂ)

ശക്തമായ റെഗുലേറ്ററി സംവിധാനങ്ങള്‍ നെഹ്രുവിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്സ്റ്റിറ്റിയൂഷണല്‍ അഴിമതിസാദ്ധ്യതകളുടെ ഒരു വലിയ ആകാശമാണ് തുറന്നിട്ടത്. വിഭവസമ്പന്നമായ ഒരു വലിയ രാജ്യത്തെ വിറ്റുതിന്നല്‍ അവര്‍ അന്നേ തുടങ്ങി. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യപ്രവണതകള്‍ക്ക് മേല്‍ക്കൈ വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഭീകരമായ വയലന്‍സിന്റെ മെഷിനറി മാത്രമായി ചുരുങ്ങി.

ഇന്ദിരാഗാന്ധിക്കുശേഷം ലൈസന്‍സ് രാജ് എടുത്തുകളയുക എന്ന പുരോഗമനമുഖം (ഏത്, ലൈസന്‍സ് അഴിമതി നടത്താന്‍ വേണ്ടി കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന ലൈസന്‍സ് രാജ് ആഗോള അഴിമതിയുടെ സാദ്ധ്യകള്‍ കണ്ട് കോണ്‍ഗ്രസ് തന്നെ എടുത്തുകളഞ്ഞത് പുരോഗമനപരമാണെന്ന്!) മുന്നില്‍ വച്ച് കോണ്‍ഗ്രസ് ഗവണ്മെന്റുകള്‍ എല്ലാ റെഗുലേറ്ററി സംവിധാനങ്ങളേയും നോക്കുകുത്തികളാക്കി ആഗോളമൂലധനത്തിന് ഇന്ത്യന്‍ പരമാധികാരത്തെ പൂര്‍ണ്ണമായും വിട്ടുകൊടുക്കുന്ന പ്രക്രിയ തുടങ്ങി വച്ചു.

പ്രശ്‌നം ഗ്ലോബലൈസേഷന്‍ പോലുമായിരുന്നില്ല, ക്രോണി ക്യാപ്പിറ്റലിസമായിരുന്നു. ഗ്ലോബലൈസേഷന്റെ ഏറ്റവും മോശപ്പെട്ട മോഡലുകളിലൊന്നായിരുന്നു ഇന്ത്യയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ജനതയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ പോയിന്റിലും നെഗോഷ്യേയ്റ്റ് ചെയ്തുകൊണ്ടല്ല കോണ്‍ഗ്രസ് ഇന്ത്യയില്‍ ഗ്ലോബലൈസേഷന്‍ നടപ്പിലാക്കിയത്. വിവേചനരഹിതമായ ക്രോണി ലിബറലൈസേഷന്‍ ഇന്ത്യന്‍, വിത്തെടുത്ത് കുത്തുന്നതിന്റെ ഹരം പിടിച്ച ആദ്യ പതിറ്റാണ്ടുകളിലെ മദ്ധ്യവര്‍ഗ്ഗാശ്ലേഷത്തിനുശേഷം, ഇന്ത്യന്‍ സമ്പദ്ഘടനയെ അപ്പാടെ തകര്‍ത്തുകളഞ്ഞു.

അറുപതില്‍പ്പരം സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇടതുപക്ഷസാന്നിദ്ധ്യം കൂച്ചുവിലങ്ങിട്ട് ചട്ടം പഠിപ്പിച്ചുനിര്‍ത്തിയ ഒന്നാം യു. പി.എ ജനോപാകരപ്രദമായ പല നടപടികളും കൈക്കൊണ്ടെങ്കിലും ടേമിന്റെ അന്ത്യത്തോടെ കോണ്‍ഗ്രസ് അതിന്റെ തനിസ്വഭാവം കാണിച്ചു. അതുവരെ പ്രതിപക്ഷത്തുനിന്ന ഒരു പാര്‍ട്ടിയെ പണം കൊടുത്ത് വാങ്ങിച്ച് നമ്പര്‍ ഗെയിമില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി.

രണ്ടാം യു.പി.എ യില്‍ ഇടതുപക്ഷമുണ്ടായിരുന്നില്ല. നയപരമായും ധാര്‍മ്മികമായുമുള്ള തിരുത്തല്‍ ശക്തികളുടെ അഭാവത്തില്‍ കോണ്‍ഗ്രസ് അതിന്റെ ചായം കളഞ്ഞു. അഴിമതി എന്ന മറപോലും നഷ്ടപ്പെട്ട് പച്ചക്ക് മോഷ്ടിക്കാന്‍ തുടങ്ങി. നയപരമായി പൂര്‍ണ്ണമായും ഇന്ത്യ ഒരു ക്രോണി ക്യാപ്പിറ്റലിസ്റ്റ് രാജ്യമായി മാറി.

നിരന്തരമായ വിഭവചൂഷണമായിരുന്നു അതിന്റെ ഇക്കണോമിക്‌സിന്റെ ആണിവേര്. സമ്പത്ത് ജനങ്ങളുടേതാണെന്നും അത് ജനങ്ങളുടെ പൊതുസ്വത്താണെന്നുമുള്ള നെഹ്രുവിയന്‍ സങ്കല്പത്തിനുമേല്‍ പ്രകൃതി-മനുഷ്യ വിഭവങ്ങളെ വിവേചനരഹിതമായി ചൂഷണം ചെയ്യാന്‍ വിട്ടുകൊടുക്കുകയും അതില്‍ നിന്ന് ട്രിക്കിള്‍ ചെയ്തുവരുന്ന ചില്ലറ സമ്പത്തുണ്ടാക്കുന്ന, സാമൂഹ്യമായും ഭൂമിശാസ്ത്രപരവുമായ പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന, വ്യാജസമൃദ്ധിയെ പൊക്കിപ്പിടിച്ച് വിവേകമതികളുടെ എതിര്‍പ്പുകളുടെ മുഴുവന്‍ വായടച്ചുകൊണ്ട് കോണ്‍ഗ്രസ് അതിന്റെ ജനതയെ ക്രോണി ക്യാപ്പിറ്റലിസത്തിന് വിറ്റു. നെഹ്രുവിയന്‍ നിലപാടുകളുടെ പിടി പൂര്‍ണ്ണമായും അയഞ്ഞപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ഭീകരമായ ചൂഷണത്തിന് ക്രോണി ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ്സിനെ പോരാതെ വന്നു.

ഇന്ന് ബി.ജെ.പി വയലന്റായി ഇന്‍സ്റ്റിറ്റിയൂഷ്ണലൈസ് ചെയ്‌തെടുത്ത എല്ലാ എലെമെന്റുകളും കോണ്‍ഗ്രസ്സില്‍ നിന്ന് എടുത്തതാണ്. സാംസ്‌കാരിക രാഷ്ട്രീയത്തെ കൊന്ന് അതിന്റെ മേല്‍ തങ്ങളുടെ ഫെറ്റിഷുകളെ സ്ഥാപിച്ചെടുത്താണ് കോണ്‍ഗ്രസ് അതിന്റെ അരാഷ്ട്രീയരാഷ്ട്രീയത്തെ സ്ഥാപിച്ചെടുത്തത്. മഹാനായ ഒരു വിഷണറിയുടെ കാലത്തിനുശേഷം അദ്ദേഹത്തിന്റെ സകല എക്കണോമിക് പോളിസികളേയും സെക്യുലറിസത്തെത്തന്നെയും കുളം തോണ്ടിയെടുത്താണ് കോണ്‍ഗ്രസ് ഈ രാജ്യത്തെ ഇന്നത്തെ നിലക്ക് വള്‍ണറബിളാക്കിയത്. ഭരണഘടനാവിരുദ്ധതയെ മൂലധനത്തിനുവേണ്ടി സ്ഥാപിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ചെയ്തതിന്റെ ഫലമാണ് ബി.ജെ.പി ഇന്ന് കൊയ്യുന്നത്. ചെകുത്താനുള്ളപ്പോള്‍ ആര്‍ക്ക് വേണം ഒടിയനെ?!

കോണ്‍ഗ്രസ്സിന് ബിജെപിക്ക് വഴിമാറേണ്ടിവരുന്നത് അവര്‍ പൊളിറ്റിക്കലാവാന്‍ സമ്മതിക്കാതെ നിര്‍ത്തിയ ജനം അവരുടെ ഫെറ്റിഷിലേക്ക് വെറുപ്പ് എന്ന ഘടകത്തെക്കൂടി സ്വീകരിച്ചോടെയാണ്. മറ്റൊരു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ട പോലെ അണികളെയും നേതാക്കന്മാരെയും ബിജെപി കൊണ്ടുപോയിട്ടില്ല.

ഇനി കേരളത്തിലേക്ക് വരാം

കേരളത്തിലെ കൊള്ളാവുന്ന കോണ്‍ഗ്രസ്സുകാര്‍ ക്വിറ്റ് ഇന്ത്യക്ക് എത്രയോ മുമ്പേ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലോ അതുവഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ എത്തിക്കഴിഞ്ഞിരുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങള്‍ ഏതാണ്ട് മൊത്തം കോണ്‍ഗ്രസ്സിനകത്തുതന്നെ ഒരു പ്രത്യേക വിഭാഗമായി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി.

പിന്നീട് ആ നേതൃത്വം ഏതാണ്ട് ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ പലയിടത്തും നെഹ്രുവിന്റെ കാലം വരെയെങ്കിലും ഉണ്ടായിരുന്ന, അനുദിനം ശോഷിച്ചുവന്നിരുന്നെങ്കിലും പേരിനെങ്കിലും ചില വ്യക്തികളിലും സംവിധാനങ്ങളിലും എങ്കിലും കോണ്‍ഗ്രസ്സില്‍ കണ്ടിരുന്ന, രാഷ്ട്രീയധാര്‍മ്മികതയുടെ ചില ശേഷിപ്പുകള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ തൊട്ടുതീണ്ടാതിരുന്നത്.

ആ വിടവിലാണ്, അതായത് നയപരമായ ഇന്ത്യ വിടുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രഖ്യാപിച്ചതിനുശേഷം, ക്വിറ്റ് ഇന്ത്യയില്‍ രഘുപതിരാജാറാം-ആട്ടിന്‍പാല്‍-ചര്‍ക്ക-ഹിന്ദി ടീമുകള്‍ വന്ന് നിറഞ്ഞത്. ഒന്നാമത് ആദ്യഘട്ട സ്വാതന്ത്ര്യസമരത്തിന്റെ റിസ്‌കൊന്നുമില്ല. തടിയൊന്നും വെടക്കാവില്ല, ചില്ലറ എക്‌സെപ്ഷനുകളൊക്കെ കാണുമെന്നല്ലാതെ..

കുടിയാന്മാര്‍ പാട്ടമളക്കുന്ന പല തറവാടുകളില്‍ നിന്നും കച്ചവടകുടുംബങ്ങളില്‍ നിന്നുമൊക്കെ ഒന്നോ രണ്ടോ വച്ച് ക്വിറ്റ് ഇന്ത്യക്ക് കാരണവര്‍മാര്‍ നേര്‍ച്ചക്കിട്ടു. കിട്ടാന്‍ പോകുന്ന സ്വാതന്ത്ര്യാനന്തര അധികാരഘടനയിലേക്കുള്ള പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് കൂട്ടിയാല്‍ മതി. കമ്യൂണിസ്റ്റുകാരെ നാടുമുഴുവന്‍ നടന്ന് ബ്രിട്ടീഷ് പൊലീസ് വേട്ടയാടിയിരുന്ന നാല്പതുകളില്‍ കേരളത്തില്‍ ചില്ലറ കോണ്‍ഗ്രസ്സുകാര്‍ ക്വിറ്റ് ഇന്ത്യയില്‍ പങ്കെടുത്ത് ജയില്‍വാസം “അനുഷ്ഠിച്ചു” എന്നത് ശരിയാണ്. എന്നുവച്ചാല്‍ ജയിലും ഒരു അനുഷ്ഠാനകര്‍മ്മമായിരുന്നു എന്ന്. അല്ലാതെ വേട്ടയാടിപ്പിടിച്ച് കൊണ്ട് പൂട്ടിയിട്ടതൊന്നുമല്ല.

കേരളത്തിലെ കോണ്‍ഗ്രസ്സിന് നെഹ്രുവിയന്‍ സോഷ്യലിസത്തിന്റെ പുരോഗമനമുഖം പോലും ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിലുള്ള സാമൂഹ്യവിഭാഗങ്ങള്‍ ഏതാണ്ട് മൊത്തം സ്വാതന്ത്ര്യദിനം പുലര്‍ന്നപ്പോള്‍ വെടികിട്ടിയപോലെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നവരാണ്. വെറും അവസരവാദികള്‍. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ, എന്തിന് പ്രവര്‍ത്തകരുടെ വരെ, നാലുതലമുറ മുമ്പത്തെ ചരിത്രം നോക്കിയാല്‍ മതി, ഇവരൊക്കെ എന്തായിരുന്നു എന്നറിയാന്‍.

കോണ്‍ഗ്രസ് ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയപ്രസ്ഥാനമാണ്, അതില്‍ ഇന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ മുന്‍തലമുറകളില്‍ 1942 മുമ്പ് ആരൊക്കെയുണ്ടായിരുന്നു എന്ന് നോക്കിയാല്‍ മതി. (എന്തുകൊണ്ട് നാല്പത്തിരണ്ട്, എന്തുകൊണ്ട് നാല്പത്തിയേഴല്ല എന്ന സംശയമുള്ളവര്‍ ചരിത്രം വായിക്കുക, വിഷയം ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പരാജയമല്ല എന്നതിനാല്‍). കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു എന്നൊക്കെ വീരവാദം പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സ്വാതന്ത്ര്യസമരകാലത്ത് പൂര്‍വ്വികര്‍ എന്താണ് ചെയ്തിരുന്നത് എന്നൊന്ന് മയത്തില്‍ ചോദിച്ചാല്‍ മതിയാവും, പൂച്ച് പുറത്താവാന്‍.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രമാകട്ടെ, പരമ അശ്ലീലമായിരുന്നു എല്ലാക്കാലത്തും. കാര്‍ഷിക, ആരോഗ്യ, ഭരണ, വ്യവസായ രംഗങ്ങളില്‍ സാമൂഹ്യനവോത്ഥാനത്തിന് കേരളം നേടിയ രാഷ്ട്രീയത്തുടച്ചകളില്‍ പേരിനുപോലും കോണ്‍ഗ്രസ്സിന് ഒരു പങ്കുമുണ്ടായിരുന്നില്ല (തെളിവ് ചോദിക്കരുത്, ഇല്ലാത്തതിന് തെളിവുണ്ടാക്കാന്‍ പറ്റില്ല!). ഇന്ന് വികസനസൂചികകളില്‍ കേരളം നേടിയ സ്ഥാനത്തിന്, അതിലെ ഒരു ഘടകത്തില്‍ പോലും, കോണ്‍ഗ്രസ് ഒരു സംഭാവനയും ചെയ്തിട്ടില്ല.

സംഭാവന ഇല്ലെങ്കിലും പോട്ടെന്ന് വെക്കമായിരുന്നു. ആധുനിക കേരളത്തിന്റെ അടിസ്ഥാന ശിലകളായ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസബില്ലും കൊണ്ടുവന്നതിന്റെ പേരില്‍ കടുത്ത ജനാധിപത്യവാദിയായിരുന്ന നെഹ്രുവിനെക്കൊണ്ട് ആദ്യത്തെ കേരള നിയമസഭയെ അശ്ലീലത്തില്‍ അശ്ലീലമായ ഒരു അക്രമസമരം നടത്തി തെറ്റിദ്ധരിപ്പിച്ച് പിരിച്ചുവിടുവിക്കുകയും ചെയ്തു.

നവോത്ഥാനം പാതിജീവനാക്കി കുഴിച്ചിട്ട എല്ലാ നികൃഷ്ടമായ എലമെന്റുകളെയും വിമോചനസമരം കുഴിതുറന്നുവിട്ടു. സ്വാതന്ത്ര്യാനന്തര കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയസംസ്‌കാരത്തിന്റെയും മൂല്യവ്യവസ്ഥയുടെയും ഭാവി സൂചകമായിരുന്നു വിമോചനസമരം. കേരളസമൂഹത്തെ അത് പതിറ്റാണ്ടുകള്‍ പിറകോട്ടടിപ്പിച്ചു.

ഒരു ട്രേയ്ഡ് യൂണിയന്‍ നേതാവിന്റെ കൊലക്കേസില്‍ പ്രതിയായിരുന്ന കരുണാകരന്‍ 77ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതോടുകൂടി കോണ്‍ഗ്രസ് പതനത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തി. ഒരു സമ്പൂര്‍ണ്ണ അവസരവാദിയും മൂല്യശൂന്യനുമായിരുന്ന കരുണാകരനോ സമ്പൂര്‍ണ്ണനിര്‍ഗ്ഗുണനായ എ കെ ആന്റണിയോ ആയിരുന്നു പിന്നീട് 2004 വരെ കേരളത്തിന്റെ കോണ്‍ഗ്രസ് മുഖ്യമന്തിമാര്‍.

2004ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുന്നതുവരെയേ ഈ മോശപ്പേര് നിലനിര്‍ത്താന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞുള്ളൂ. അദ്വാനി വാജ്പേയിയെയും, മോഡി അദ്വാനിയേയും മഹാനാന്മാരാക്കിയതുപോലെ ഉമ്മന്‍ ചാണ്ടി കരുണാകരനേയും ആന്റണിയേയും ദൈവതുല്യമായ ബിംബങ്ങളാക്കി മാറ്റിക്കളഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയതയും വികസനമുരടിപ്പും ഒന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്തോടെ ഒരു പ്രശ്‌നമേ അല്ലാതായി. അധാര്‍മ്മികത അതിന്റെ പടുകുഴിയുടെ പുതിയ ആഴങ്ങള്‍ കണ്ടെത്തി.

പൊളിറ്റിക്കല്‍ പെര്‍വെഷന്റെ പീക്കാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍. അല്ലെങ്കില്‍ത്തന്നെ എന്തെങ്കിലും പെര്‍വെര്‍ഷനില്ലാത്തവര്‍ എന്തിന് കോണ്‍ഗ്രസ്സുകാരാവണം? എന്തെങ്കിലും പ്രത്യയശാസ്ത്രമോ പ്രഖ്യാപിതമായ ഒരു ലക്ഷ്യമോ അതുലേക്കുള്ള നയങ്ങളോ ഇല്ലാത്ത, നെഹ്രുവിന് ശേഷം ഒരു രാജ്യത്തെ അതിന്റെ കൊളോണിയല്‍ ചൂഷകഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് മാടമ്പി ഭരണത്തിലേക്ക് മാറ്റി ക്യാപ്പിറ്റലിന്റ്ര്‍ ഒഴുക്കിന് ആക്കം കൂട്ടിക്കൊടുക്കുക എന്ന ധര്‍മ്മമല്ലാതെ ഒന്നും കോണ്‍ഗ്രസ്സ് അതിന്റെ ചരിത്രത്തില്‍ ചെയ്തിട്ടില്ല.

പണം രാഷ്ട്രീയാധികാരം ലിംഗ/ലൈംഗിക അധികാരം എന്നീ പെര്‍വെര്‍ഷനുകളാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ട്രക്ചര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (താടിക്കാരന്‍ പറയുന്ന കമോഡിറ്റി ഫെറ്റിഷില്‍ പോലും എത്തിയിട്ടില്ല അവര്‍!) പൊതുവെപ്പറഞ്ഞാല്‍ ഈ ഘടകങ്ങള്‍ക്കിടയിലെ വ്യക്തിപരമായ മുന്‍ഗണനകളിലുള്ള വ്യത്യാസം മാത്രമാണ് കേരളത്തിലെ രണ്ട് കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ ഏറ്റവും കൂടിയാല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളത്.

അധികാരത്തിന്റെ കോണ്‍ഫിഗറേഷനില്‍ ഘടനാപരമായ വ്യത്യാസം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ആ അര്ത്ഥത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടില്ല. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഏറ്റവും അഴുകിയ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലേതാണ്. അവര്‍ക്ക് ഏറ്റവും കൂടിയാല്‍ പറയാനുള്ളത് പൊതുഖജനാവിലെ പണമെടുത്ത് മോഷ്ടിച്ചതിന്റെ ബാക്കികൊണ്ട് പാലമോ റോഡോ ഉണ്ടാക്കിയ കഥകള്‍ മാത്രമാണ്, അവകാശവാദമായി. നയപരമായ ജനപക്ഷം എന്താണെന്നുപോലും അവര്‍ക്കറിയില്ല.

കേരളത്തിനുപുറത്ത് നമുക്ക് വേറെ ചോയ്സുകളൊന്നുമില്ല. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഒരു സിദ്ധരാമയ്യപോലും ഒരിക്കലും ഉണ്ടായിട്ടുമില്ല. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികളില്ലാത്ത പക്ഷം കോണ്‍ഗ്രസ്സിനോ അവരേക്കാള്‍ ശക്തമായ മതേതര നിലപാടുകള്‍ എടുത്തിട്ടുള്ള പാര്‍ട്ടികള്‍ക്കോ വോട്ടു ചെയ്യുക എന്ന മാര്‍ഗ്ഗമേയുള്ളൂ. ചെയ്യാവുന്നത് ഒന്നാം യു പി എ കാലത്തെപ്പോലെ സംവിധാനം അനീതിയിലേക്ക് നീങ്ങുമ്പോള്‍ കൊളുത്തിവലിക്കുന്ന തോട്ടികള്‍, സ്ഥാപിക്കുക എന്നതാണ്. ഒരു പടികൂടി കടന്ന് ഇടതുപാര്‍ട്ടികള്‍ ഇത്തവണ മന്ത്രിസഭയില്‍ ചേരാനും സാദ്ധ്യതയുണ്ട് എന്നാണ്‍ എന്നാണ് എന്റെ വ്യക്തിപരമായ നിഗമനം.

ജനാധിപത്യം വിട്ടുവീഴ്ചകളും അനുരഞ്ജനങ്ങളും സന്ധികളും മദ്ധ്യസ്ഥകളും ഒത്തുതീര്പ്പുകളും ഒക്കെച്ചേര്‍ന്നതാണ്. നീതിതന്നെ ഒരു വ്യതിയാനമാണ് എന്നിരിക്കെ എല്ലാം തികഞ്ഞ നീതിയുടെ രൂപങ്ങള്‍ നമ്മുടെ മുന്നിലില്ല.

അതല്ല പക്ഷേ അപ്പുറത്ത്. അനീതിയുടെയും മ്ലേച്ഛതയുടെയും ക്രൂരതയുടെയും വ്യാജമായി എന്തൊക്കെയുണ്ടോ അതിന്റെയൊക്കെയും ഒരു മൂര്‍ത്തരൂപമുണ്ട്. അതിന്റെ കൂടെ പോകാതിരിക്കും എന്ന ഉറപ്പിന്റെ മൂര്‍ച്ചയുടെ തോതായിരിക്കട്ടെ നമ്മുടെ ഇത്തവണത്തെ വോട്ട് നിര്‍ണ്ണയിക്കുന്നത്.

ദീപക് ശങ്കരനാരായണന്‍

എഴുത്തുകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more