2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ദീപക് പറമ്പോല്‍. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദര്‍, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക് തുടങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
ഈയിടെ ഇറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രങ്ങളിലും ദീപക് അഭിനയിച്ചിരുന്നു. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷമാണ് ഒരുപാടാളുകള്‍ ഒരു നടന്‍ എന്ന നിലയില്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നതെന്ന് പറയുകയാണ് ദീപക്. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞതിന് ശേഷമാണ് ഒരുപാട് ആളുകള്‍ ഒരു നടന്‍ എന്ന നിലയില്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അതിന് മുമ്പ് സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് എന്നെ ആളുകള്‍ ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്ത് നോക്കി നില്‍ക്കും.
സിനിമയില്‍ ആണോയെന്ന സംശയം അവര്‍ക്ക് ഉണ്ടാകാം. അല്ലെങ്കില്‍ പിന്നെ മുഖപരിചയമുള്ള, നാട്ടില്‍ എവിടെയോയുള്ള പയ്യനാകാമെന്ന് കരുതും. അങ്ങനെയാണ് പലര്‍ക്കും ഫീല് ചെയ്യുക. പക്ഷെ മഞ്ഞുമ്മല്‍ ബോയ്‌സ് വന്നതിന് ശേഷം അതിന് മാറ്റം സംഭവിച്ചു. ദീപക് അല്ലേ, സിനിമയിലുള്ള ആളല്ലേ എന്നൊക്കെ നേരിട്ട് ചോദിക്കാന്‍ തുടങ്ങി.
അതിന് മുമ്പ് എന്നെ ആര്‍ക്കും അറിയില്ല എന്നല്ല ഞാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൊക്കെ ആക്ടീവായ ആളുകള്‍ക്ക് എന്നെ അറിയാമായിരുന്നു. പക്ഷെ സാധാരണക്കാരായ ചില ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു. ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം നമ്മളെ തിരിച്ചറിയുക എന്നത് തന്നെ വലിയ കാര്യമാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നത്.
ഞങ്ങള് കണ്ണൂര്‍ ഉള്ളപ്പോള്‍ സ്ഥിരം പോകുന്ന ഒരു സ്ഥലമുണ്ട്. ഞങ്ങള്‍ ഫ്രണ്ട്‌സൊക്കെ കൂടുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെ ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു ഫാമിലി വന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ളവരായിരുന്നു അവര്‍.
അവരും അവരുടെ കൂട്ടത്തിലെ കുട്ടികളുമൊക്കെ വന്ന് എന്നോട് സംസാരിച്ചു. അതോടെ ഞാന്‍ ഈ പടം ഇത്രയും റീച്ചായോ എന്ന് ചിന്തിച്ചു. അത് മഞ്ഞുമ്മലിന് ശേഷം വന്ന ഒരു മാറ്റമാണ്,’ ദീപക് പറമ്പോല്‍ പറയുന്നു.
Content Highlight: Deepak Parambol Talks About Manjummel Boys