|

കല്യാണ സമയത്ത് കടം വാങ്ങണമല്ലോയെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ആ നടന്‍ ദൈവദൂതനെ പോലെ വന്നത്: ദീപക് പറമ്പോല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പൊന്‍മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.

ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.

താന്‍ പൊന്‍മാനിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ് ദീപക് പറമ്പോല്‍. ആ കഥാപാത്രത്തിലേക്ക് ആദ്യം തന്നെ ആയിരുന്നില്ല കാസ്റ്റ് ചെയ്തതെന്നാണ് നടന്‍ പറയുന്നത്. താന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നെന്നും അത് തന്റെ കല്യാണത്തിന്റെ സമയമായിരുന്നെന്നും ദീപക് പറയുന്നു.

കല്യാണത്തിന് പൈസയൊന്നുമില്ലാതെ നില്‍ക്കുന്ന സമയത്ത് ദൈവദൂതനെ പോലെ ധ്യാന്‍ ശ്രീനിവാസന്‍ ഒരു സിനിമക്കായി വിളിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. പൊന്‍മാന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് പറമ്പോല്‍.

‘പൊന്‍മാനില്‍ എന്റെ കഥാപാത്രത്തിലേക്ക് ആദ്യം എന്നെ ആയിരുന്നില്ല കാസ്റ്റ് ചെയ്തത്. എന്നെ വിളിച്ചതായിരുന്നില്ല. ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു. എന്റെ കല്യാണ സമയത്തായിരുന്നു ഈ സിനിമയുടെ ഷൂട്ട് നടന്നത്. കല്യാണത്തിന് പൈസയൊന്നും ഇല്ലാതെ നില്‍ക്കുന്ന സമയമായിരുന്നു.

കടം വാങ്ങിക്കേണ്ടി വരുമല്ലോയെന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ ദൈവദൂതനെ പോലെ ഒരുത്തന്‍ വന്നു. ധ്യാന്‍ ആയിരുന്നു അത്. അവന്‍ എന്നെ വിളിച്ചിട്ട് പാലക്കാട് ഒരു ഷൂട്ടുണ്ടെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറിനോട് എനിക്ക് ടി.ഡി.എസ് ഒന്നും കട്ട് ചെയ്യാതെ തന്നെ പൈസയിട്ട് തരണമെന്ന് അവന്‍ പറഞ്ഞിരുന്നു.

ആ പടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. ബാക്കി ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞതല്ലാതെ അതിനായിട്ട് എന്നെ വിളിച്ചിട്ടില്ല. ആ സമയത്ത് എന്തായാലും എനിക്ക് കുറച്ച് കൂടെ പൈസ വേണമായിരുന്നു. അതുകൊണ്ട് പുതിയ ഏതൊക്കെ പടങ്ങളാണ് ഷൂട്ട് ചെയ്യുന്നതെന്ന് അന്വേഷിച്ചു.

അങ്ങനെയാണ് ജ്യേതിഷേട്ടന്റെ ഒരു പടമുണ്ടെന്ന് ഞാന്‍ അറിയുന്നത്. അന്ന് തന്നെ ഞാന്‍ ജ്യോതിഷേട്ടനെ വിളിച്ചു. കാസ്റ്റിങ്ങൊക്കെ കഴിഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നെ ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചിട്ട് ഇപ്പോഴത്തെ ലുക്കിലുള്ള ഒരു ഫോട്ടോ അയക്കാന്‍ പറഞ്ഞു.

അന്ന് ഞാന്‍ കുറച്ച് മുടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ എന്നോട് കൊല്ലത്തേക്ക് വരാന്‍ പറഞ്ഞു. അവിടുന്ന് ഒരു സീന്‍ ഓഡിഷന്‍ പോലെ ചെയ്തു. എനിക്ക് മുമ്പ് വേറെ ആരെയായിരുന്നു അതില്‍ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. അതില്‍ കാസ്റ്റ് ചെയ്തിരുന്നോയെന്ന് പോലും എനിക്ക് അറിയില്ല,’ ദീപക് പറമ്പോല്‍ പറഞ്ഞു.

Content Highlight: Deepak Parambol Talks About Dhyan Sreenivasan And Ponman Movie