Entertainment
രജിനി സാറിനെ ഞങ്ങള്‍ കാണാന്‍ പോയ സമയത്ത് അദ്ദേഹത്തിന് ആ നടനെ മാത്രമേ മനസിലായുള്ളൂ: ദീപക് പറമ്പോല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 04, 07:07 am
Wednesday, 4th December 2024, 12:37 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രം കണ്ട് കമല്‍ ഹാസനും രജിനികാന്തും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ക്രൂവിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

രജിനികാന്തിനെ കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ദീപക് പറമ്പോല്‍. കമല്‍ ഹാസനെ കണ്ടതിന്റെ പിറ്റേദിവസമാണ് രജിനികാന്തിനെ കാണാന്‍ പോയതെന്ന് ദീപക് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് റെഡിയാകണമെന്ന് ചിദംബരം പറഞ്ഞെന്നും എന്നാല്‍ താന്‍ എഴുന്നേല്‍ക്കാന്‍ കുറച്ച് വൈകിയെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. ഒരു വിധത്തില്‍ റെഡിയായി രജിനികാന്തിനെ കാണാന്‍ ഓഫീസിലെത്തിയെന്നും കുറച്ച് നേരം കാത്തുനിന്നെന്നും ദീപക് പറഞ്ഞു.

അദ്ദേഹം സ്‌ക്രീനില്‍ എങ്ങനെയാണോ അതേ സ്‌റ്റൈലിലായിരുന്നു എല്ലാ കാര്യവും ചെയ്തതെന്നും നേരില്‍ കണ്ടപ്പോള്‍ വല്ലാത്ത ഫീലായിരുന്നെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. തങ്ങളെ ഓഫീസിലേക്ക് വിളിപ്പിച്ച് കുറെനേരം സംസാരിച്ചെന്നും ചന്തുവിനെ മാത്രമേ അദ്ദേഹത്തിന് പെട്ടെന്ന് മനസിലായുള്ളൂവെന്നും ദീപക് പറഞ്ഞു. ബാക്കിയുള്ളവരുടെ ഗെറ്റപ്പില്‍ മാറ്റം വന്നതുകൊണ്ട് മനസിലായില്ലെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ദീപക് പറമ്പോല്‍.

‘കമല്‍ സാറിനെ കണ്ട് സംസാരിച്ചതിന്റെ പിറ്റേദിവസമാണ് രജിനി സാറിനെ കാണേണ്ടിയിരുന്നത്. ‘രാവിലെ ഏഴ് മണിക്ക് ഇറങ്ങണം, റെഡിയായി നില്‍ക്കുന്നവരെ കൊണ്ടുപോകും’ എന്ന് ചിദംബരം പറഞ്ഞു. ഞാന്‍ അലാറം ഒക്കെ സെറ്റ് ചെയ്ത് കിടന്നിട്ടും എഴുന്നേല്ക്കാന്‍ വൈകി. എങ്ങനൊക്കെയോ റെഡിയായി എല്ലാവരും കൂടി പുറപ്പെട്ടു. സാറിന്റെ ഓഫീസിന് പുറത്ത് കാത്തിരുന്നു. മോരുംവെള്ളമായിരുന്നു അവിടുന്ന് കുടിക്കാന്‍ കിട്ടിയത്. ഞാന്‍ രണ്ട് ഗ്ലാസ് കുടിച്ചു.

രജിനി സാര്‍ ഓഫീസിലേക്ക് വന്ന് ഇരുന്നു. ആ നടത്തവും ഇരിക്കുന്നതും ഒക്കെ സ്‌ക്രീനില്‍ കാണുന്ന അതേ സ്റ്റൈലിലാണ്. പ്രായമായതുകൊണ്ട് ഇടയ്ക്ക് കണ്ണട ഊരിവെച്ച് കണ്ണ് ചെറുതായി തിരുമ്മും. ബാക്കി എല്ലാം സ്‌ക്രീനില്‍ കാണുന്ന അതേ ആക്ഷനായിരുന്നു. ഞങ്ങളുടെ ടീമില്‍ അദ്ദേഹത്തിന് ചന്തുവനെ മാത്രമേ മനസിലായുള്ളൂ. ആ ഹിറ്റ് ഡയലോഗ് പുള്ളിക്ക് വല്ലാതെ ഇഷ്ടമായെന്ന് പറഞ്ഞു. ബാക്കി ഞങ്ങള്‍ എല്ലാവരും വേറെ ഗെറ്റപ്പിലായതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് മനസിലായില്ലായിരുന്നു,’ ദീപക് പറമ്പോല്‍ പറയുന്നു.

Content Highlight: Deepak Parambol shares the experience of meeting with Rajnikanth