തമിഴ് നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ദീപക് പറമ്പോൾ. തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം കമൽ ഹാസനെ തൊടാൻ പറ്റി എന്നതാണെന്ന് ദീപക് പറഞ്ഞു. കമൽ ഹാസന് ഷേക്ക് ഹാൻഡ് കൊടുത്തെന്നും കൂടെ നിന്ന് ഫോട്ടോ എടുത്തെന്നും ദീപക് കൂട്ടിച്ചേർത്തു. കമൽ ഹാസൻ തങ്ങളുടെ പടം രണ്ട് തവണ കണ്ടിട്ടുണ്ടെന്നും ദീപക് പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഏറ്റവും വലിയ സന്തോഷം കമൽ ഹാസൻ സാറിനെ ഇങ്ങനെ തൊടാൻ പറ്റി എന്നതാണ്. ഷേക്ക് ഹാൻഡ് കൊടുത്തു. സാറിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ പറ്റി. സാർ നമ്മുടെ സിനിമ രണ്ടു പ്രാവശ്യം കണ്ടു എന്ന് എനിക്ക് തോന്നുന്നു. അവരുടെ ക്രൂ മുഴുവൻ കാണുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു.
നമ്മൾ പോകുന്ന അന്ന് രാവിലെയാണ് കണ്ടത്. കണ്ടതിനുശേഷം ആണ് നമ്മൾ അവിടെ എത്തുന്നത്. ഫ്രഷ് ആയിട്ട് കണ്ടതിനുശേഷമാണ് പുള്ളി പടത്തിനെക്കുറിച്ച് സംസാരിച്ചത്. പുള്ളിക്ക് നല്ല ഇഷ്ടപ്പെട്ടു. പുള്ളി എന്തുകൊണ്ട് ചിന്തിച്ചില്ല എന്ന് തോന്നുന്ന സംഭവമൊക്കെ പറഞ്ഞു. ഗുണയുടെ ഡയറക്ടർ പുള്ളിയോട് പറഞ്ഞിട്ടുണ്ടായിരുന്നു ‘മനിതർ ഉണർന്നതുകൊള്ള ഇത് മനിത കാതൽ അല്ല’ എന്ന് പറയുമ്പോൾ രോമാഞ്ചം വരുമെന്ന്.
പടം കാണുന്ന സമയത്ത് ബാലുവും ഗണുവും പറയുമ്പോൾ ഇതിൽ ഇപ്പോൾ എന്താ എന്ന് വിചാരിച്ചിട്ട് പുള്ളി കാത്തിരുന്നു. പുള്ളിക്ക് അറിയാം വേറെ എന്തെങ്കിലും ഉണ്ടാവും എന്ന്. പക്ഷേ അവസാനം പറഞ്ഞതിൽ ആ ഫീൽ കിട്ടി എന്ന് പറഞ്ഞപ്പോൾ സന്തോഷമായി. ഒരു സിനിമ കൊണ്ട് അതൊക്കെ നേരിട്ട് കേൾക്കാൻ പറ്റുന്നത് ഭാഗ്യമല്ലേ,’ ദീപക് പറമ്പോൾ പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ദീപക് പറമ്പോലിന് പുറമെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
Content Highlight: Deepak parambol shares experience after watching kamal hasan