വിനീതേട്ടൻ വിളിച്ചു; കുറിയൊക്കെ തൊട്ട് സുധിയുടെ ലുക്കിൽ തമിഴ് നാട്ടിൽ ചെന്നാലുള്ള അവസ്ഥയെപ്പറ്റി പറഞ്ഞു: ദീപക് പറമ്പോൾ
Entertainment news
വിനീതേട്ടൻ വിളിച്ചു; കുറിയൊക്കെ തൊട്ട് സുധിയുടെ ലുക്കിൽ തമിഴ് നാട്ടിൽ ചെന്നാലുള്ള അവസ്ഥയെപ്പറ്റി പറഞ്ഞു: ദീപക് പറമ്പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 4:27 pm

മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ റിലീസ് ചെയ്തതിന് ശേഷം വിനീത് ശ്രീനിവാസൻ തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ദീപക് പറമ്പോൾ. തന്റെ മുടിയൊക്കെ സിനിമയിൽ ഉള്ളപോലെയാക്കി കുറിയൊക്കെ തൊട്ട് തമിഴ് നാട്ടിൽ പോയാൽ ഒരുപാട് ആളുകൾ തിരിച്ചറിയുമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞെന്നും ദീപക് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വിനീതേട്ടൻ എന്റെയടുത്ത് പറഞ്ഞതാണ് ‘എടാ, നീ മുടിയൊക്കെ അതേപോലെ വെച്ച് കുറിയൊക്കെ തൊട്ട് തമിഴ്നാട്ടിൽ പോയാൽ നിന്നെ ഭയങ്കരമായിട്ട് തിരിച്ചറിയുമെന്ന് ,’ ദീപക് പറമ്പോൾ പറഞ്ഞു.

സിനിമ ഇത്രത്തോളം റീച് ആവുമെന്ന് കരുതിയിരുന്നു എന്ന ചോദ്യത്തിനും ദീപക് അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘നല്ല സിനിമയായിരിക്കും എന്ന് ഉറപ്പായിരുന്നു. ട്രെയ്ലർ കണ്ടപ്പോൾ തന്നെ ഇന്റർനാഷണൽ ക്വാളിറ്റിയുള്ള ഒരു സിനിമയായിരിക്കും എന്ന് തോന്നിയിരുന്നു. നമുക്ക് ഇത് എവിടെയും കാണിക്കാം, നല്ല ക്വാളിറ്റി ഉള്ള സിനിമയാണ്. ആര് കണ്ടാലും കുറ്റം പറയില്ല, ടെക്നിക്കലി അങ്ങനെയൊന്നും കുറ്റം പറയാത്ത സിനിമയാണ്.

പക്ഷേ ചില സിനിമകൾ കിടിലം ആയിട്ടും തിയേറ്ററിൽ ഓടണമെന്നില്ല. നമ്മളും മാളൂട്ടിയൊക്കെ കണ്ടതല്ലേ സിനിമ കുഴപ്പമില്ല ഒരാൾ വീണു രക്ഷിക്കുന്നു എന്നൊക്കെ തോന്നാവുന്നതാണ്. അത്രയേ ഉള്ളൂ, അങ്ങനെ ചിന്ത വരാം. അതിന്റെ അപ്പുറത്തേക്ക് സിനിമ പോയി. നല്ല സിനിമയായിരിക്കും എന്ന് ഉറപ്പായിരുന്നു. തമിഴ്നാട്ടിലൊക്കെ ഇങ്ങനെ റീച് ആവുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല,’ ദീപക് പറമ്പോൾ പറയുന്നു.

2024ല്‍ പുറത്തിറങ്ങിയ നാലാമത്തെ സൂപ്പര്‍ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Deepak parambol about vineeth sreenivasan’s response