| Wednesday, 6th March 2024, 12:14 pm

ജീവിതത്തിലായിരുന്നെങ്കില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ കുഴിയില്‍ ഇറങ്ങുമോ; മറുപടിയുമായി ദീപക് പറമ്പോല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മലയാളത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ തിയേറ്ററുകളിലൊക്കെ ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്.

കൊടൈക്കനാലിലെ ഗുണ കേവ്‌സ് പശ്ചാത്തലമാക്കിയൊരുക്കിയ സിനിമയില്‍ മലയാളത്തിലെ യുവ നിരയിലെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. അക്കൂട്ടത്തില്‍ ഒരു പ്രധാനവേഷത്തിലെത്തിയത് നടന്‍ ദീപക് പറമ്പോല്‍ ആയിരുന്നു.

സുധി എന്ന വേഷത്തെ മികവുറ്റതാക്കാന്‍ ദീപക്കിന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ചും യഥാര്‍ത്ഥ സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപക്.

ഗുണ കേവിലെ കുഴിയില്‍ വീണ സുഭാഷിനെ രക്ഷിക്കാന്‍ കുട്ടേട്ടന്‍ ഇറങ്ങുമ്പോള്‍ കുട്ടേട്ടനോട് സുധിയുടെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതിന് കുട്ടേട്ടന്‍ തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യത്തിന് സുധി പറയുന്ന മറുപടിയ്ക്ക് വലിയ കയ്യടികളായിരുന്നു തിയേറ്ററില്‍ ലഭിച്ചത്.

ആ ഡയലോഗിനെ കുറിച്ചും യഥാര്‍ത്ഥ ജീവിതത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ കൂട്ടുകാരന് വേണ്ടി കുഴിയില്‍ ഇറങ്ങാന്‍ തയ്യാറാകുമായിരുന്നോ എന്ന ചോദ്യത്തിനുമൊക്കെ മറുപടി പറയുകയാണ് താരം.

‘ നീ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങുമെന്ന ആ ഡയലോഗിന് വലിയ സ്വീകാര്യത ലഭിച്ചു. നമ്മള്‍ വെറുതെ പറഞ്ഞിട്ട് കാര്യമില്ല. റൈറ്റ് ടൈമില്‍ പറയണം. ആ ഫീല്‍ കിട്ടണം. അതിന് സിനിമ സഹായിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു ഡയലോഗ് പറയാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാനല്ല ആര് പറഞ്ഞാലും വര്‍ക്ക് ഔട്ട് ആകുമായിരുന്നു. പക്ഷേ എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി. ഡയലോഗ് ആ രീതിയില്‍ പറയാനുള്ള
എഫേര്‍ട്ടും ഞാന്‍ എടുത്തിട്ടുണ്ട്.

ശരിക്കും പറഞ്ഞാല്‍ സുഭാഷിനെ രക്ഷിക്കാന്‍ വേണ്ടി ബാക്കിയുള്ള പത്താള്‍ക്കാരും കുഴിയില്‍ ഇറങ്ങാന്‍ റെഡിയാണ്. അവര്‍ തന്നെ അത് പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഇവനെ കൊണ്ടേ തിരിച്ചുപോരുള്ളൂ. അല്ലെങ്കില്‍ എല്ലാവരും ചാടും. അത്രയും ഫ്രണ്ട്ഷ്പ്പാണ് അവര്‍ തമ്മില്‍.

എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ ഞാന്‍ ഇറങ്ങും, ഞാന്‍ ഇറങ്ങും എന്ന് എല്ലാവരും കൂടി പറഞ്ഞു കഴിഞ്ഞാല്‍ അത് സിനിമയില്‍ ഇംപാക്ട് ഉണ്ടാക്കില്ല.

ഇവിടെ സുധിയുടെ കഥാപാത്രം തമിഴ് അറിയുന്ന ആളാണ്. കോണ്‍ട്രാക്ടറാണ്. തമിഴന്‍മാരുമായി സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് തമിഴ് അറിയുന്ന കഥാപാത്രം വേണം ഇവര്‍ പറയുന്ന കാര്യങ്ങള്‍ കുട്ടേട്ടനുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍.

അതുകൊണ്ടാണ് എന്റെ കഥാപാത്രം അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫില്‍ എല്ലാവരും ചാടാന്‍ തയ്യാറായിരുന്നു. കാരണം സുഭാഷില്ലാതെ അവര്‍ തിരിച്ചുപോകില്ല. സുഹൃദ് ബന്ധം എന്ന് പറയുന്നത് അടിപൊളിയാണ്. എല്ലാവര്‍ക്കും അങ്ങനെ ഒരു സുഹൃത്തുണ്ടാകും. അല്ലെങ്കില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കും.

അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അത് കണക്ട് ചെയ്യും. ഇതുപോലെ ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. എനിക്ക് അധികം സുഹൃത്തുക്കളില്ല. പക്ഷേ ഭയങ്കര ആത്മാര്‍ത്ഥത ഉള്ളവരാണ് എല്ലാവരും. അവര്‍ക്ക് എന്ത് പ്രശ്‌നം വന്നാലും നമ്മള്‍ ഏതറ്റം വരെയും പോകും. കുഴിയില്‍ ഇറങ്ങുമോ എന്ന് ചോദിച്ചാല്‍ എന്റമ്മോ……തീര്‍ച്ചയായും എന്തെങ്കിലുമൊക്കെ ചെയ്യും (ചിരി),’ ദീപക് പറഞ്ഞു.

സിനിമയില്‍ കൊടൈക്കനാലില്‍ ഉള്ള സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിന് ശേഷം മഞ്ഞുമ്മലിലെ കല്യാണവീടും കാര്യങ്ങളും ഷൂട്ട് ചെയ്തു. അതിന് ശേഷമാണ് കേവിന്റെ സെറ്റിലേക്ക് വന്നത്,’ ദീപക് പറഞ്ഞു.

Content Highlight: Deepak Parambol about manjummel boys shooting experiance

We use cookies to give you the best possible experience. Learn more