വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ. പിന്നീട് വന്ന തട്ടത്തിൻ മറയത്തിലെയും തിരയിലെയും വേഷങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈയിടെ ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രങ്ങളിലും പ്രകടനങ്ങളിലൂടെ ദീപക് കയ്യടി നേടിയിരുന്നു.
കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ദീപക്. കണ്ണൂർ സ്‌ക്വാഡ് സിങ്ക് സൗണ്ടായിട്ടാണ് ഷൂട്ട് ചെയ്തതെന്നും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള സീൻ വളരെ നീളമുള്ളതാണെന്നും ദീപക് പറയുന്നു. ഒരു മീറ്ററിലാണ് മമ്മൂട്ടി ഡയലോഗ് പറയുകയെന്നും എന്നാൽ അതെല്ലാം സ്‌ക്രീനിൽ കാണുമ്പോൾ മറ്റൊരു അനുഭവമാണെന്നും ദീപക് പറയുന്നു. ഒരുപാട് കാര്യങ്ങൾ മമ്മൂട്ടിയിൽ നിന്ന് പഠിക്കാൻ പറ്റിയെന്നും ദീപക് പറഞ്ഞു.
‘ശരിക്കും സീനിയർ ആയിട്ടുള്ള ഒരാളോടൊപ്പം സിനിമ ചെയ്തത് മമ്മൂക്കയുടെ കൂടെയാണ്. കണ്ണൂർ സ്‌ക്വാഡിൽ. ഉറപ്പായിട്ടും അത് പറയാതിരിക്കാനാവില്ല. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമ സിങ്ക് സൗണ്ടായിട്ടാണ് ഷൂട്ട് ചെയ്തത്.
അതിൽ എന്നെ മമ്മൂക്ക ചോദ്യം ചെയ്യുന്ന ഒരു സീനുണ്ട്. സത്യത്തിൽ ആ സീനിൽ കുറെ വലിയ ഡയലോഗുകളുണ്ട്. അതൊക്കെ അദ്ദേഹം ഒരു മീറ്ററിലാണ് പറയുക. എന്നാൽ അത് സ്‌ക്രീനിൽ കാണുമ്പോൾ വേറേ തന്നെ ഒരു അനുഭവമാണ്.
നേരിട്ട് കാണുന്ന പോലെയല്ല സ്‌ക്രീനിൽ കാണുമ്പോൾ. എവിടെ നിർത്തണം, തുടങ്ങണമെന്നൊക്കെ മനസിലാവും, എങ്ങനെ എക്സ്പ്രഷൻ കൊടുക്കണമെന്നെല്ലാം തിരിച്ചറിയാം, ‘ദീപക് പറമ്പോൽ പറയുന്നു.
കണ്ണൂർ സ്‌ക്വാഡ്
കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാൽവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു.
നടൻ റോണി ഡേവിഡും റോബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു.
വാണിജ്യപരമായ വിജയത്തിനോടൊപ്പം ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വർമ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
Content Highlight: Deepak Parambol About Kannur Squad And Mammootty