വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ. പിന്നീട് വന്ന തട്ടത്തിൻ മറയത്തിലെയും തിരയിലെയും വേഷങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈയിടെ ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്,സൂക്ഷ്മദർശിനി എന്ന ചിത്രങ്ങളിലും പ്രകടനങ്ങളിലൂടെ ദീപക് കയ്യടി നേടിയിരുന്നു.
തട്ടത്തിൻ മറയത്ത് എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ദീപക്. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലെല്ലാം താൻ പങ്കെടുത്തിട്ടുണ്ടെന്നും അത് അഭിനയത്തിൽ വലിയ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്നും ദീപക് പറയുന്നു.
മലർവാടിയുടെ ഓഡിഷന് പോയപ്പോൾ നിവിൻ പോളിയും അജു വർഗീസുമെല്ലാം ഉണ്ടായിരുന്നുവെന്നും എന്നാൽ പടം ഹിറ്റായിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്നും ദീപക് കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയിരുന്നു ദീപക്.
‘ഡിഗ്രി കഴിഞ്ഞ് ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. എന്നാൽ, ടി.വി.യിൽ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള റൗണ്ടിൽ പുറത്തായി. എങ്കിലും അഭിനയത്തിൽ കാര്യമായ പുരോഗതി വന്നു. പിന്നീട് അവസരം നോക്കലായി പരിപാടി. പി.ജി.ക്ക് പാലക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെൻ്ററിലായിരുന്നു ആദ്യം ചേർന്നത്.
ഒറ്റപ്പാലത്ത് ഷൂട്ടിങ്ങൊക്കെ നടക്കുന്നതല്ലേ. എന്തേലും അവസരമൊക്കെ കിട്ടും എന്ന തോന്നലായിരുന്നു അവിടെ ചേരാനുള്ള കാരണം. പക്ഷേ, പാലക്കാട് എന്ന പേര് മാത്രമേയുണ്ടായിരുന്നുള്ളൂ. കോളേജ് വാളയാർ അതിർത്തിയിലാണ്. കുറച്ചുകാലത്തിനുശേഷം ട്രാൻസ്‌ഫർ വാങ്ങി വടകരയിലെ സെന്ററിലെത്തി. വീട്ടിൽനിന്ന് വടകരയിലേക്ക് സ്ഥിരമായി ഒരു ബസിലാണ് പോകാറ്. ഒരുദിവസം ആ ബസ് കിട്ടിയില്ല. അടുത്ത ബസിൽ കയറിയപ്പോൾ പഴയ ഒരു കൂട്ടുകാരനെ കണ്ടു. എൻ്റെ സിനിമാമോഹം അറിയാമായിരുന്ന അവൻ ഒരു പത്രക്കട്ടിങ് കാണിച്ചു.
ഗ്രാൻഡ് പ്രൊഡക്‌ഷൻസ് പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യമായിരുന്നു അത്, ഞാനതിന് അപേക്ഷിച്ചു. ഫോണിലെടുത്ത ഒരു ഫോട്ടോയും അയച്ചു. ഓഡിഷന് വിളിച്ചു. അവിടെ അഭിനയിച്ചുകാണിച്ചു. കൈയടി കിട്ടി. അടുത്ത ഘട്ടത്തിലേക്ക് സെലക്ഷനായി. ആലുവയിൽ വെച്ചായിരുന്നു അടുത്ത ഘട്ടം. നിവിൻ പോളിയും അജു വർഗീസുമടക്കം 22 പേരുണ്ടായിരുന്നു ക്യാമ്പിൽ. എല്ലാവർക്കും മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ അവസരം കിട്ടി. മലർവാടി വൻ ഹിറ്റായി. എന്നാലും നടനെന്ന നിലയിൽ ആളുകൾ തിരിച്ചറിയുന്നുണ്ടായിരുന്നില്ല.
റിലീസ് ദിവസം ഞാൻ തിയേറ്ററിൽ ടിക്കറ്റിനായി വരിനിൽക്കുകയാണ്. ഒരു പയ്യൻ വന്നിട്ട് ടിക്കറ്റ് എടുത്തുതരുമോ എന്ന് ചോദിച്ച് പണം തന്നു. ടിക്കറ്റെടുത്ത് വന്നപ്പോൾ അവനെ കാണുന്നില്ല. കുറേ കാത്തുനിന്നു. പടം തുടങ്ങാൻ നേരം അവൻ വന്നു. ഞാൻ അവനെ ചീത്ത പറഞ്ഞു. ടിക്കറ്റും കൊടുത്തു. തൊട്ടടുത്ത സീറ്റിലായിരുന്നു അവൻ. എന്റെ സീനുകൾ വന്നപ്പോൾ ഞാൻ അവന്റെ മുഖത്ത് നോക്കി. അവന് അപ്പോഴും എന്നെ മനസിലായില്ല,’ദീപക് പറമ്പോൽ പറയുന്നു.
Content Highlight: Deepak Parambol About His First Movie Malarvadi Arts Club