വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ. പിന്നീട് വന്ന തട്ടത്തിൻ മറയത്തിലെയും തിരയിലെയും വേഷങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈയിടെ ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രങ്ങളിലും പ്രകടനങ്ങളിലൂടെ ദീപക് കയ്യടി നേടിയിരുന്നു.
കരിയറിന്റെ തുടക്കത്തിൽ ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗെദർ എന്ന സിനിമയുടെ ഓഡീഷനിൽ താൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറേണ്ടി വന്നെന്നും ദീപക് പറയുന്നു. സിനിമയിലെ മൂന്ന് കഥാപാത്രങ്ങളിൽ ഒരാളായാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും ദീപക് പറഞ്ഞു.
‘മലർവാടി ആർട്സ് ക്ലബ്ബ് ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചെയ്യുന്നത്. പിന്നെ കുറച്ച് കാലത്തേക്ക് ഒന്നിമില്ലായിരുന്നു. അപ്പോഴാണ് ഫാസിൽ സാറിന്റെ ലിവിംഗ് ടുഗെദർ എന്ന സിനിമയുടെ ഓഡീഷന് ഞാൻ പോകുന്നത്.
സൗബിനിക്കയുടെ ഉപ്പയായിരുന്നു അതിന്റെ പ്രൊഡ്യൂസർ. ബാബു ഷാഹിർ അങ്കിളായിരുന്നു ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡ്യൂസർ. ഞങ്ങൾ മലർവാടിയിൽ പോയ കുറച്ച് ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾ തന്നെയാണ് ആ ചിത്രത്തിന്റെ ഓഡിഷനും പോയത്.
പക്ഷെ അതിൽ നിന്ന് വിളിയൊന്നും വന്നില്ല. പക്ഷെ ഞാൻ ബാബു ഇക്കയുടെ നമ്പറിലേക്ക് വിളിയോടെ വിളിയാണ്. അവസാനം സാർ എന്നെ വിളിച്ചു വരാൻ പറഞ്ഞു. അവിടെ എത്തി ഫാസിൽ സാറിനെ മീറ്റ് ചെയ്തു. അദ്ദേഹം എനിക്കൊരു ഡയലോഗ് പറയാനായി തന്നു.
ഞാനത് വായിച്ചിട്ട് ചെയ്തു. സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ എന്ന നിലയിൽ അവരെന്നെ സെലക്റ്റ് ചെയ്തുവെന്ന് ഞാൻ മനസിലാക്കി. ബാവപ്പൻ എന്ന കഥാപാത്രത്തിലേക്കാണ് എന്നെ ഉദ്ദേശിച്ചത്. അത് കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് വന്നു.
പിന്നീട് ആ കഥാപാത്രത്തിന് കുറച്ചുകൂടെ തടി വേണമെന്ന് പറഞ്ഞ് എന്നെ മാറ്റുകയായിരുന്നു. പിന്നെ ആ സിനിമ നന്നായി നീണ്ടുപോവുകയായിരുന്നു. ആ സിനിമ സംഭവിച്ചില്ല,’ദീപക് പറമ്പോൽ പറയുന്നു.