ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് കൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിലെ ആരോപണങ്ങളെല്ലാം നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.
സുപ്രീം കോടതിയില്‍ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നതെന്നും ആരോടും പക്ഷഭേദം കാണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയില്‍ നടപടികള്‍ ശരിയായ രീതിയിലല്ലെന്ന ആരോപണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ അദ്ദേഹം പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
എന്തുവിലകൊടുത്തും സുപ്രീം കോടതിയെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യം തകരുമെന്നും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നത്. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുന്‍പ് ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞിരുന്നു.
ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.
കേസുകള്‍ നല്‍കുന്നതില്‍ ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബെഞ്ചിന് വിടുന്നെന്നും ഇത് ശരിയായ നടപടിയല്ലെന്നും കത്തില്‍ പറയുന്നുണ്ട്.
മുഴുവന്‍ കാര്യങ്ങളുടേയും അധികാരം ചീഫ് ജസ്റ്റിസിനാണെന്ന നിലപാട് ശരിയല്ല. താത്പര്യമുള്ള ബെഞ്ചിലേക്ക് കേസ് മാറ്റുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നുണ്ട്. കൊളീജിയത്തിന്റെ മെമ്മോറാന്‍ഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ലോയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി അപ്രധാനമായ ബെഞ്ചിന് കൈമാറിയ നടപടിയേയും കത്തില്‍ വിമര്‍ശിച്ചിരുന്നു.