ഈ മാസം 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പ് നടത്താനും ടീമിനെ സജ്ജമാക്കാനും ഏഷ്യാ കപ്പിന് സാധിക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയും മികച്ച ഫോമില്‍ കളിക്കുന്ന പാകിസ്ഥാനും തന്നെയാണ് ഏഷ്യാ കപ്പ് ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഭാഗ്യ താരമെന്ന് പറയുന്നത് ദീപക് ഹൂഡയാണ്. ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ കളിക്കാന്‍ ഇറക്കിയാല്‍ ഇന്ത്യ തോല്‍ക്കില്ലെന്നാണ് ആരാധകരുടെ വാദം. ഹൂഡ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പിന്നീട് കളിച്ച മത്സരങ്ങളിലൊന്നില്‍ പോലും തോറ്റിട്ടില്ല.
17 മത്സരത്തിലാണ് ഹൂഡ ഇന്ത്യക്കായി കളിച്ചത്. ആ 17 മത്സരത്തിലും അദ്ദേഹത്തിനും ടീമിനും വിജയിക്കാന്‍ സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിനതിരെ ആ വര്‍ഷം നടന്ന ഏകദിന പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. അഹമ്മദാബാദില്‍ വെച്ച് നടന്ന ആ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. 32 പന്ത് നേരിട്ട് പുറത്താകാതെ 26 റണ്‍സായിരുന്നു ഹൂഡ നേടിയത്.
പിന്നീട് അടുത്ത ട്വന്റി-20 പരമ്പരക്കുള്ള ടീമിലും ഹൂഡക്ക് ഇടം ലഭിച്ചു. പിന്നീടിങ്ങോട്ട് അദ്ദേഹം കളിച്ച എല്ലാ മത്സരത്തിലും ഇന്ത്യ വിജയിക്കുകയായിരുന്നു. അരങ്ങേറ്റത്തിന് ശേഷം തുടര്‍ച്ചയായി 17 മത്സരത്തില്‍ വിജയിക്കുന്ന ആദ്യ താരമാണ് ഹൂഡ.
ഇന്ത്യന്‍ ടീമിന്റെ ലക്കി ചാം എന്ന് വിളിപ്പേരുള്ള അദ്ദേഹത്തെ ഏഷ്യാ കപ്പിലും അതുകഴിഞ്ഞുള്ള ട്വന്റി-20 ലോകകപ്പിലും കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അവന്‍ കളിക്കാനുണ്ടെങ്കില്‍ ഇന്ത്യ വിജയിക്കുമെന്നും വിശ്വസിക്കുന്നു.
ഈ 17 മത്സരത്തില്‍ നിന്നും മോശമല്ലാത്ത റെക്കോഡ് തന്നെ ഹൂഡക്കുണ്ട്. എട്ട് ഏകദിന മത്സരങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളുമാണ് ഹൂഡ ഇന്ത്യക്കായി കളിച്ചത്. ഒമ്പത് ട്വന്റി -20യില്‍ നിന്നും 54 ശരാശരിയില്‍ 274 റണ്‍സ് സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 161 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന ഹൂഡക്ക് ട്വന്റി-20യില്‍ ഒരു സെഞ്ച്വറിയുമുണ്ട്.
ഏകദിനത്തില്‍ ആറ് ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഹൂഡ 28 ശരാശരിയില്‍ 141 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Deepak Hooda is Lucky charm of Indian Cricket