വീണ്ടും പണി കിട്ടി ഇന്ത്യന്‍ ടീം, സൂപ്പര്‍ ഓള്‍റൗണ്ടര്‍ പുറത്ത്; പകരം വരുന്നത് പേസിനെ പേടിയുള്ളവന്‍
Cricket
വീണ്ടും പണി കിട്ടി ഇന്ത്യന്‍ ടീം, സൂപ്പര്‍ ഓള്‍റൗണ്ടര്‍ പുറത്ത്; പകരം വരുന്നത് പേസിനെ പേടിയുള്ളവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 10:16 pm

 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പര സെപ്റ്റംബര്‍ 28ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ട്വന്റി-20 ലോകകപ്പിനായി മികച്ച തയ്യാറെടുപ്പ് നടത്താന്‍ ഈ പരമ്പര ഇന്ത്യയെ സഹായിക്കും.

എന്നാല്‍ പരമ്പരക്ക് മുമ്പ് ടീമിനെ തേടി വമ്പന്‍ പണി എത്തിയിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡക്ക് പരിക്ക് പറ്റിയിതാണ് ഇന്ത്യന്‍ ടീമിന് കിട്ടിയ പണി. അദ്ദേഹത്തിന്റെ മുതുകിനാണ് പരിക്കേറ്റത്.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടീമിലില്ലായിരുന്നുവെങ്കിലും മികച്ച ബാക്കപ്പ് ഓപ്ഷന്‍ തന്നെയാണ് ഹൂഡ. ബാറ്റിങ്ങില്‍ വെടിക്കെട്ട് നടത്തുന്നതോടൊപ്പം ബൗളിങ്ങിലും മികച്ച സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

അദ്ദേഹത്തിന് പകരക്കാരാനായി ടീമിലെത്തുക ശ്രേയസ് അയ്യരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പേസ് ബൗളിങ്ങിനെതിരെയുള്ള മോശം ബാറ്റിങ്ങിന്റെ പേരില്‍ ട്രോളുകള്‍ ലഭിക്കുന്ന താരമാണ് അയ്യര്‍. പേസ് ബൗളിങ്ങിനെതിരെ അദ്ദേഹത്തിന്റെ അറ്റാക്കിങ് ഇന്‍ഡെക്‌സും മോശമാണ്.

നേരത്തെ മുഹമ്മദ് ഷമിയും പരമ്പരയില്‍ നിന്നും പുറത്തായിരുന്നു. കൊവിഡ് പോസീറ്റിവായ അദ്ദേഹത്തിന് പകരം യുവ പേസര്‍ ഉമ്രാന്‍ മാലിക് കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉമേഷ് യാദവിനോട് ടീമില്‍ തുടരാന്‍ ബി.സി.സി.ഐ ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ ഓസീസ് പരമ്പരക്കുള്ള ടീമിലും ഷമി ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് കാരണം കളിക്കാന്‍ സാധിച്ചില്ലായിരുന്നു. ഉമേഷ് യാദവായിരുന്നു പകരം കളിച്ചത്. ആകെ ഒരു മത്സരത്തിലായിരുന്നു അദ്ദേഹം കളിച്ചത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. നേരത്തെ ഐ.പി.എല്ലിന് ശേഷം ഇരുവരും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.

നിലവില്‍ ഓസീസിനെതിരെയുള്ള പരമ്പര വിജയിച്ചതിന്റെ കോണ്‍ഫിഡന്‍സിലാണ് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് ആദ്യ മത്സരത്തില്‍ ജയിച്ചപ്പോള്‍ ബാക്കി രണ്ട് മത്സരവും ഇന്ത്യ വിജയിക്കുകയായിരുന്നു.

Content Highlight: Deepak Hooda Is Injured Ahead of Southafrica series