| Wednesday, 29th June 2022, 9:36 am

എന്തൊരു ഇന്നിങ്‌സാണത്, വേറെ ലെവല്‍ ബാറ്റിങ്; ഹൂഡക്ക് പ്രശംസ അറിയിച്ച് പ്രമുഖ താരങ്ങള്‍; ട്വന്റി-20 സെഞ്ച്വറിയടിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് മികച്ച വിജയം. റണ്‍ മഴ പെയ്ത മത്സരത്തില്‍ നാല് റണ്ണിനായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍ നേടിയപ്പോള്‍ 221 റണ്‍ നേടി പൊരുതി തോല്‍ക്കാനായിരുന്നു അയര്‍ലന്‍ഡിന്റെ വിധി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി ബാറ്റര്‍മാര്‍ മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സെഞ്ച്വറിയുമായി ദീപക് ഹൂഡ ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചപ്പോള്‍, 77 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണ്‍ ഹൂഡക്ക് മികച്ച പിന്തുണ നല്‍കി. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ 225 റണ്‍ നേടിയത്.

ഹൂഡയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. മൂന്നാം ഓവറില്‍ ക്രീസ് വിട്ട ഇഷന്‍ കിഷാന് ശേഷം ക്രീസിലെത്തിയ ഹൂഡ തുടക്കം മുതലെ അറ്റാക്ക് ചെയ്തായിരുന്നു കളിച്ചത്. ബാക്ക് ഫൂട്ടിലും ഫ്രണ്ട് പൂട്ടിലും മികച്ച ഷോട്ടുകളായിരുന്നു ഹൂഡ തൊടുത്തുവിട്ടത്.

കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി 47 റണ്‍ നേടിയതിന്റെ കോണ്‍ഫിഡന്‍സിലായിരുന്നു ഹൂഡ ബാറ്റ് വീശിയത്. ഒടുവില്‍ 55ാം പന്തില്‍ തന്റെ ആദ്യ ട്വന്റി-20 സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഹൂഡയുടെ അഞ്ചാം അന്താരാഷ്ട്ര ട്വന്റി-20 മത്സരമായിരുന്നു അയര്‍ലന്‍ഡിനെതിരെ കളിച്ചത്.

ഇതോടെ ഇന്ത്യക്കായി ടി-20യിലെ സെഞ്ച്വറി നേടുന്ന വെറും നാലാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് ഹൂഡ. സൂരേഷ് റെയ്‌നയാണ് ഇന്ത്യക്കായി ആദ്യമായി ട്വന്റി-20യില്‍ സെഞ്ച്വറി നേടിയത്. പിന്നീട് രോഹിത് ശര്‍മ കെ.എല്‍ രാഹുല്‍ എന്നിവരും ഈ ലിസ്റ്റില്‍ ഇടം നേടി.

നായകന്‍ രോഹിത് നാല് സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. രാഹുലിന് രണ്ട് സെഞ്ച്വറികളാണുള്ളത്. ഇന്ത്യന്‍ ടി20 ടീമിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ ലിസ്റ്റിലാണ് ഹൂഡ നടന്നുകയറിയിരിക്കുന്നത്.

അയര്‍ലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ മൂന്നാം ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഇഷന്‍ കിഷാനെ നഷ്ടമായ ഇന്ത്യയെ സഞ്ജുവും ഹൂഡയും കരകയറ്റുകയായിരുന്നു. തുടക്കം മുതലെ ഹൂഡ തകര്‍ത്തടിച്ചപ്പോള്‍ സഞ്ജു പതിഞ്ഞ താളത്തില്‍ ഇന്നിങ്സ് കെട്ടിപൊക്കി. ട്രാക്കില്‍ ആയതിന് ശേഷം സഞ്ജു തന്റെ സ്വന്തം ശൈലിയില്‍ കത്തികയറുകയായിരുന്നു.

ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇതോടെ ഇന്ത്യന്‍ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ എന്നീ സഖ്യത്തിന്റെ 165 റണ്ണിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും മറികടന്നത്.

മൂന്നാം ഓവറില്‍ 13 റണ്‍സുള്ളപ്പോള്‍ ഒന്നിച്ച ഇരുവരും 17ാം ഓവറില്‍ 189 റണ്ണിലെത്തിച്ചാണ് മടങ്ങിയത്. മാര്‍ക്ക് അഡയറിന് മുന്നില്‍ ബൗള്‍ഡായി സഞ്ജുവായിരുന്നു മടങ്ങിയത്.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും ഉയര്‍ന്ന ഒമ്പതാമത്തെ കൂട്ടകെട്ടാണ് സഞ്ജു-ഹൂഡ എന്നിവരുടെ 176 റണ്‍ കൂട്ടുകെട്ട്.

Content Highlights: Deepak Hooda hits a massive century twitter reactions

We use cookies to give you the best possible experience. Learn more