തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരണവുമായി എ.കെ. ബാലന്‍. കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിന് സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാവില്ലെന്ന് ബാലന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചെന്നും വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.