|

പാട്ടിന് മണ്ണിന്റെ മണമില്ലെന്ന് അദ്ദേഹം, അടുത്ത് ചെടിച്ചട്ടി വെക്കാന്‍ പൃഥ്വി പറഞ്ഞു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഉറുമിയിലെ ‘ചിമ്മി ചിമ്മി’ എന്ന് തുടങ്ങുന്ന ഗാനം. ഇപ്പോള്‍ ഈ പാട്ടിനെ കുറിച്ചും സംവിധായകന്‍ സന്തോഷ് ശിവനെ കുറിച്ചും പറയുകയാണ് ദീപക് ദേവ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് സന്തോഷ് സാര്‍ ആദ്യം എന്നോട് പറഞ്ഞത് ആ പാട്ടില്‍ ഒരു ചാറ്റ് സ്വഭാവം ഉണ്ടാകണമെന്നായിരുന്നു. രണ്ടുപേര്‍ പരസ്പരം സംസാരിക്കുന്നത് പോലെയാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. വേണമെങ്കില്‍ ഒരു ട്യൂണ്‍ ഇടാമെന്നും എന്നോട് പറഞ്ഞു. അങ്ങനെ ആദ്യം ഒരു ട്യൂണ്‍ ഉണ്ടാക്കി.

അതിന്റെ ലിറിക്സ് ‘നിനക്കെന്നെ കാണുമ്പോള്‍ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ’ എന്നതായിരുന്നു. അത് കേട്ടതും സന്തോഷ് സാറിന് സന്തോഷമായി. വളരെ എയറിയാണ്. ലിറിക്സൊന്നും മനസിലാകരുത്. ചെവിയില്‍ ‘നിനക്കെന്നെ കാണുമ്പോള്‍ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ’ എന്ന് ചോദിക്കുന്നത് പോലെ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഞാന്‍ പിന്നീട് അദ്ദേഹത്തോട് സംസാരിച്ചു. ഇതൊരു മലയാള സിനിമയായത് കൊണ്ട് കുറച്ച് വിന്റേജ് ടൈപ്പ് ട്യൂണ്‍ ആക്കിയാല്‍ കുഴപ്പമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. താന്‍ അങ്ങനെ പിടിച്ച് നോക്കെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. പിന്നെ സന്തോഷ് സാര്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. മണ്ണിന്റെ മണം വേണമെന്ന്.

അദ്ദേഹം മണ്ണിന്റെ മണം കിട്ടുന്നില്ലെന്ന് പറയുമ്പോള്‍ ഞാന്‍ ഉടനെ പൃഥ്വിയെ വിളിക്കും. സാര്‍ മണ്ണിന്റെ മണം തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പറയുമ്പോള്‍ ‘ഒരു ചെടിച്ചട്ടി എടുത്ത് ആ സ്റ്റുഡിയോയുടെ സൈഡില്‍ വെക്ക്. കുറച്ച് മണ്ണിന്റെ മണം കിട്ടട്ടെ’ എന്നാണ് പൃഥ്വി പറയുക (ചിരി),’ ദീപക് ദേവ് പറയുന്നു.

ഉറുമി:

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഈ സിനിമയില്‍ ജെനീലിയ ഡിസൂസ, പ്രഭുദേവ, നിത്യ മേനോന്‍, ആര്യ, വിദ്യാ ബാലന്‍, ജഗതി ശ്രീകുമാര്‍, അലക്സ് ഒ നെല്‍, ശശി കല്ലിങ്ക തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.

Content Highlight: Deepak Dev Talks About Prithviraj Sukumaran And Urumi Movie Song

Latest Stories