പൃഥ്വിരാജ് സുകുമാരന്‍ വളരെ നല്ല സ്റ്റോറി ടെല്ലറാണെന്ന് പറയുകയാണ് ദീപക് ദേവ്. കഥ പറയുമ്പോള്‍ പൃഥ്വി വളരെ ഡീറ്റെയില്‍ഡ് ആയാണ് പറയുകയെന്നും ചില സമയത്ത് ഇത്ര ഡീറ്റെയില്‍സ് ആവശ്യമുണ്ടോയെന്ന് തോന്നിപ്പോകുമെന്നും അദ്ദേഹം പറയുന്നു.
എമ്പുരാന്റെ കഥ താരം തന്നോട് പറഞ്ഞിരുന്നെന്നും അന്ന് താന്‍ മനസില്‍ കണ്ട എമ്പുരാന്‍ എന്താണോ അത് തന്നെയാണ് പൃഥ്വി ഷൂട്ട് ചെയ്തതെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. ജിസ് ജോയ് ചിത്രമായ തലവന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാന്റെ ഷൂട്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വി ഷൂട്ടിങ്ങ് നടക്കുമ്പോള്‍ തന്നെ അവിടുന്ന് എക്‌സൈറ്റിങ്ങായ കാര്യങ്ങള്‍ ഷൂട്ട് ചെയ്താല്‍ ഉടനെ എനിക്ക് ടെക്‌സ്റ്റ് ചെയ്യും. ഭീകര സംഭവം വരുന്നുണ്ട്. ഇനി നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കും.
അങ്ങനെ ഷൂട്ട് ചെയ്ത കുറേ സംഭവങ്ങള്‍ എനിക്ക് അയച്ചു തന്നിട്ടുണ്ട്. അത് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം പൃഥ്വി കഥ പറയുമ്പോള്‍ നമ്മള്‍ മനസില്‍ കണ്ട എമ്പുരാന്‍ എന്താണോ, അത് തന്നെയാണ് പൃഥ്വി ഷൂട്ട് ചെയ്തതും. നല്ല സ്റ്റോറി ടെല്ലറാണ് അവന്‍, വളരെ ഡീറ്റെയില്‍ഡാണ്. ചില സമയത്ത് ഇത്ര ഡീറ്റെയില്‍സ് നമുക്ക് ആവശ്യമുണ്ടോയെന്ന് പോലും തോന്നിപോകും,’ ദീപക് ദേവ് പറഞ്ഞു.
എമ്പുരാനില്‍ ഐറ്റം സോങ്ങ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഇടയില്‍ പൃഥ്വിരാജ് പല ഐഡിയകളും വരുമ്പോള്‍ തന്നെ വിളിക്കാറുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.
‘എമ്പുരാനില്‍ ഐറ്റം സോങ്ങ് പ്രതീക്ഷിക്കേണ്ട. എന്നാല്‍ അതേ ഫീല്‍ ക്രിയേറ്റ് ചെയ്യുന്ന പല സംഭവങ്ങളുമുണ്ട്. പിന്നെ ഇപ്പോള്‍ എനിക്ക് ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കാരണം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് പല ഐഡിയകളും വന്ന് പൃഥ്വി വിളിക്കാറുണ്ട്.
വിളിച്ചിട്ട് എന്നോട് ഒരു പാട്ടിനുള്ള സ്‌കോപ്പുണ്ടെന്ന് പറയും. അങ്ങനെ കഴിഞ്ഞ ദിവസം ഷൂട്ടിന് ഇടയില്‍ ലൊക്കേഷനില്‍ നിന്ന് വിളിച്ചിരുന്നു. നിങ്ങള്‍ക്ക് ഒരു പാട്ട് വന്ന് വീണിട്ടുണ്ട്. എന്നെ വേണ്ട രീതിയില്‍ ഒന്നു കണ്ടാല്‍ മതിയെന്ന് പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev Talks About Prithviraj Sukumaran And Empuraan Movie