20 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ സജീവമായി നില്‍ക്കുന്ന സംഗീതസംവിധായകനാണ് ദീപക് ദേവ്. 2003ല്‍ റിലീസായ ക്രോണിക് ബാച്ചിലറിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ദീപക് 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ദീപക് ദേവ് സ്വന്തമാക്കിയിരുന്നു. ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹമാണ്.
ഇപ്പോള്‍ മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ഷാന്‍ റഹ്‌മാനെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.
തമിഴ് മ്യൂസിക് ഡയറക്ടറായ അനിരുദ്ധ് രവിചന്ദര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇന്‍ട്രോ മ്യൂസിക് കൊടുക്കാറുണ്ടന്നും അത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണെന്നും തന്റെയടുത്ത് മലയാള സിനിമയിലെ ഒരു സംഗീത സംവിധായകന്‍ പറഞ്ഞിട്ടുണ്ടെന്ന് ദീപക് ദേവ് പറയുന്നു.
എന്നാല്‍ അനിരുദ്ധ് രവിചന്ദറിന് മുമ്പ് മലയാളത്തില്‍ ഷാന്‍ റഹ്‌മാന്‍ ആട് എന്ന സിനിമയില്‍ അത്തരത്തില്‍ ഇന്‍ട്രോ മ്യൂസിക് ചെയ്തിട്ടുണ്ടെന്നും അത് നമ്മള്‍ എല്ലാവരും തുടക്കത്തില്‍ ശ്രദ്ധിച്ച കാര്യമാണെന്നും ദീപക് ദേവ് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിന്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴിലെ അനിരുദ്ധിന്റെ മ്യൂസിക്കിനെ കുറിച്ച് മലയാളത്തിലെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്റെയടുത്ത് പറഞ്ഞു. തമിഴ് മ്യൂസിക് ഡയറക്ടര്‍ ആയ അനിരുദ്ധിന്റെ ഒരു പ്രത്യേകത
എന്തെന്നാല്‍, ഏത് കഥാപാത്രം വരുകയാണെങ്കിലും അതിന് തുടക്കത്തില്‍ പാട്ട് വച്ച് ഒരു ആഘോഷമാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു ഇന്‍ട്രോ മ്യൂസിക്ക്. അത് അനിരുദ്ധ് മാത്രം ചെയ്യുന്ന ഒരു സംഭവമാണ്.
അനിരുദ്ധ് മാത്രം അല്ല ഇവിടെ മലയാളത്തില്‍ ഷാന്‍ റഹ്‌മാന്‍ മുന്നേ ആട് സിനിമയില്‍ ഇത് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. ആടില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇന്‍ട്രോ മ്യൂസിക് ഉണ്ട്. അത് നമ്മള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്,’ ദീപക് ദേവ് പറയുന്നു.
Content Highlight: Deepak dev talks about music director Shaan rahman