| Tuesday, 28th May 2024, 4:58 pm

എമ്പുരാന് വേണ്ടിയുള്ള ബ്രേക്കില്‍ ആണെന്നറഞ്ഞിട്ടും അവന്‍ ആ സിനിമ കാണാനാണ് പറഞ്ഞത്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തലവന്‍. ആസിഫിനൊപ്പം ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

തലവന്റെ മ്യൂസിക് ചെയ്തിരുന്നത് ദീപക് ദേവായിരുന്നു. താന്‍ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ദീപക് ദേവ്. തലവന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജിസ് എന്റെ വളരെ ക്ലോസായിട്ടുള്ള ഫ്രണ്ടാണ്. ആഡ് ഫിലിം ചെയ്യുന്നതിന് മുമ്പേ എനിക്ക് അവനെ അറിയാമായിരുന്നു. ഞാന്‍ വാഴക്കാല താമസിക്കുന്ന സമയത്ത് രണ്ടുപേര്‍ക്കും തെണ്ടി തിരിഞ്ഞു നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഞാനും പുള്ളിയും അന്ന് ഒന്നും ആയിട്ടുണ്ടായിരുന്നില്ല. ജയസൂര്യയും കൂടെയുണ്ടായിരുന്നു.

ഞാന്‍ സത്യത്തില്‍ കുറച്ച് നാള്‍ എമ്പുരാന്‍ മാത്രം ഫോക്കസ്ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. മറ്റൊന്നും ചെയ്ത് മൈന്‍ഡ് എന്‍ഗേജ്ഡ് ആക്കേണ്ടെന്നും കുറച്ച് റിലാക്‌സ്ഡാകാന്‍ ബ്രേക്ക് വേണമെന്നും കരുതി. ആ സമയത്താണ് ജിസ് മോന്‍ വരുന്നത്.

അതിന് കുറച്ചു മുമ്പുതന്നെ ഞാന്‍ ഈ സിനിമയെ കുറിച്ച് അവനില്‍ നിന്നല്ലാതെ കേട്ടിരുന്നു. സിദ്ദിഖേട്ടന്റെ ഫ്യൂണറലിന്റെ സമയത്ത് ഒരാള്‍ എന്നോട് ജിസ് മോന്റെ പടങ്ങള്‍ ചെയ്യുന്നുണ്ടല്ലേയെന്ന് ചോദിച്ചു. ഞാന്‍ ഇല്ല, എന്നോട് ആരും പറഞ്ഞില്ലെന്ന് പറഞ്ഞതോടെ അയാള്‍ വിളി വന്നോളുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അറിയുന്നത്.

പിന്നെ ജിസ് മോന്‍ എന്നെ വിളിച്ചപ്പോള്‍ നിങ്ങള്‍ കുറച്ചു നാള്‍ മുന്നേ പ്ലാന്‍ ചെയ്തിരുന്നോയെന്ന് ഞാന്‍ ചോദിച്ചു. ‘റീ റെക്കോഡിങ്ങ് നമുക്ക് അവസാനം നോക്കാം. എന്നാലും എന്റെ മനസില്‍ ഒരു ആഗ്രഹമുണ്ടായിരുന്നു’ എന്നവന്‍ പറഞ്ഞു.

അപ്പോള്‍ ഞാനത് എന്റെ ചെവിയില്‍ എത്തിയിരുന്നെന്ന് പറഞ്ഞു. ജിസ് ആദ്യം പടം കണ്ടുനോക്കാനാണ് എന്നോട് പറഞ്ഞത്. എമ്പുരാന്‍ ഉള്ളത് കൊണ്ട് റെസ്റ്റിലാണെന്ന് പറഞ്ഞപ്പോഴും തലവന്‍ കാണാന്‍ പറഞ്ഞു. സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി.

ഒന്നാമത് അതിശയം തോന്നിയത് ജിസ് മോന്‍ ഇങ്ങനെയൊരു പടം ചെയ്യുകയോ എന്നതിലാണ്. നമ്മള്‍ നന്മയാണല്ലോ പ്രതീക്ഷിക്കുക. പക്ഷെ ഇവിടെ വേറെയൊരു ആസിഫിനെയും ജിസ് മോനെയുമാണ് കണ്ടത്. ഞാന്‍ സിനിമ കണ്ടതും അവന്റെ നേരെ നോക്കി.

ജിസ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉഗ്രനായിട്ടുണ്ടെന്ന് പറഞ്ഞു. ഇത് വലിയ മാറ്റമാണല്ലോയെന്ന് ചോദിച്ചപ്പോള്‍ ‘അതാണ് ഞാന്‍ അളിയന്‍ തന്നെ ചെയ്യാന്‍ പറയുന്നത്’ എന്നായിരുന്നു ജിസ് പറഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു കണ്‍ഫ്യൂഷനൊന്നും ഇല്ലാതെയാണ് ഞാന്‍ ഈ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്തത്,’ ദീപക് ദേവ് പറഞ്ഞു.


Content Highlight: Deepak Dev Talks About Jis Joy

We use cookies to give you the best possible experience. Learn more