ഇന്ന് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. എമ്പുരാന്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോള്‍ എമ്പുരാനെ കുറിച്ച് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാനിലെ ചെയ്ത് വെച്ച സാധനത്തെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ എന്താണ് പറയേണ്ടത്. സത്യത്തില്‍ എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. പറഞ്ഞ് കഴിഞ്ഞാല്‍ ചിലപ്പോള്‍ എന്നെ പിടിക്കാനായി ഖുറേഷിയുടെ ബ്ലാക് ക്യാറ്റുകളൊക്കെ താഴെ വന്നേക്കാം.
അതുകൊണ്ട് എമ്പുരാനെ പറ്റി ഞാന്‍ ഒരു കാര്യവും ഡിസ്‌ക്ലോസ് ചെയ്യാന്‍ അലൗഡല്ല. എങ്കിലും എന്റെ സന്തോഷം കൊണ്ട് ഞാന്‍ ഒരു കാര്യം പറയാം. ചെയ്ത പല ഫുട്ടേജുകളും സ്‌പോട്ട് എഡിറ്ററിന്റെ കമ്പ്യൂട്ടറില്‍ നിന്ന് അയക്കുമ്പോള്‍ നമുക്ക് എക്‌സ്‌പെക്ട് ചെയ്യാന്‍ പറ്റാവുന്ന ഒരുതരം ഫിനിഷിങ്ങുണ്ട്.
അത് സ്‌പോര്‍ട്ട് എഡിറ്ററിന്റെ ഡയറക്ട് ഔട്ടായത് കൊണ്ട് അതിന്റെ മുകളില്‍ ആരും ഒന്നുംതന്നെ കമന്റ് ചെയ്യില്ല. അതിന്റെ മുകളില്‍ പോസ്റ്റ് പ്രൊഡക്ഷന്‍സ് ഒരുപാട് വരാനുണ്ട്. കളര്‍ കറക്ഷന്‍സുമൊക്കെ വരുന്നതാണ്.
എന്നാല്‍ സ്‌പോട്ട് എഡിറ്റിങ്ങില്‍ അയച്ച് തന്ന ഒരു മെറ്റീരിയലിലെ കളറ് കണ്ടിട്ട് പോലും ഞാന്‍ ഞെട്ടിപ്പോയി. അതിന്റെ മുകളില്‍ മ്യൂസിക് വെച്ചിട്ട് അത് ഫൈനലാണെന്ന് പറഞ്ഞാല്‍ ആരായാലും വിശ്വസിക്കും. എക്‌സ്‌പെന്‍സീവായ കുറേ കാര്യങ്ങള്‍ ഞാന്‍ അതില്‍ കണ്ടു.
നമ്മള്‍ സാധാരണ വണ്ടി സി.ജിയില്‍ പൊളിക്കാമെന്ന് വിചാരിക്കുമ്പോള്‍, ഇവിടെ വണ്ടികളും ട്രക്കുകളുമൊക്കെ നേരെ തന്നെ പൊളിച്ചിരിക്കുകയാണ്. ഞാന്‍ പൃഥ്വിയോട് ഇതൊക്കെ ലൈവായി തന്നെ പൊളിച്ചോയെന്ന് ചോദിച്ചു.
ആ ഷോട്ടൊക്കെ റീടേക്ക് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്നും ഞാന്‍ ചോദിച്ചു. ‘ഇല്ല, അത്രയേറെ റിഹേഴ്‌സല്‍ ചെയ്തിട്ട് ഉറപ്പിച്ചാല്‍ മാത്രമേ പൊളിക്കുകയുള്ളൂ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ലൈവായി തന്നെയാണ് അതിലെ എക്‌സ്‌പ്ലോഷന്‍സൊക്കെ കാണിക്കുന്നത്,’ ദീപക് ദേവ് പറഞ്ഞു.
Content Highlight: Deepak Dev Talks About Empuraan And Prithviraj Sukumaran