ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. പൃഥ്വിരാജ് സുകുമാരന്‍, ജെനീലിയ ഡിസൂസ, പ്രഭുദേവ, നിത്യ മേനോന്‍, ആര്യ, വിദ്യാ ബാലന്‍, ജഗതി ശ്രീകുമാര്‍, അലക്‌സ് ഒ നെല്‍, ശശി കല്ലിങ്ക തുടങ്ങിയ വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഉറുമിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പാട്ടായിരുന്നു ചിന്നി ചിന്നി എന്നത്. ഇതിനെ കുറിച്ച് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യം സന്തോഷ് സാര്‍ എന്നോട് പറഞ്ഞത് പാട്ടില്‍ ഒരു ചാറ്റ് സ്വഭാവം ഉണ്ടാകണം എന്നായിരുന്നു. രണ്ടുപേരും പരസ്പരം സംസാരിക്കുന്നത് പോലെയാകണം എന്നാണ് പറഞ്ഞത്. വേണമെങ്കില്‍ ഒരു ട്യൂണ്‍ ഇടാമെന്നും പറഞ്ഞു. അപ്പോള്‍ ആദ്യം ഒരു ട്യൂണ്‍ ഉണ്ടാക്കി. അതിന്റെ ലിറിക്‌സ് ‘നിനക്കെന്നെ കാണുമ്പോള്‍ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ…’ എന്നായിരുന്നു.
അതില്‍ സന്തോഷ് സാര്‍ ഹാപ്പിയായിരുന്നു. വളരെ എയറിയാണ്, ലിറിക്‌സൊന്നും മനസിലാകരുത്, ചെവിയില്‍ ‘നിനക്കെന്നെ കാണുമ്പോള്‍ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ…’ എന്ന് ചോദിക്കുന്നത് പോലെ വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ പിന്നീട് അദ്ദേഹത്തോട് സംസാരിച്ചു. ഇത് ഒരു മലയാള സിനിമയായത് കൊണ്ട് ഇതല്ലാതെ കുറച്ച് വിന്റേജ് ടൈപ്പ് ട്യൂണ്‍ ആക്കിയാല്‍ കുഴപ്പുമുണ്ടോയെന്ന് ചോദിച്ചു. താന്‍ അങ്ങനെ പിടിച്ച് നോക്കെന്ന് അദ്ദേഹം മറുപടിയും നല്‍കി.
സന്തോഷ് സാര്‍ എപ്പോഴും പറയുന്ന കാര്യമാണ് മണ്ണിന്റെ മണം വേണമെന്ന്. അദ്ദേഹം മണ്ണിന്റെ മണം കിട്ടുന്നില്ലെന്ന് പറയുമ്പോള്‍ ഞാന്‍ പൃഥ്വിയെ വിളിക്കും. സാര്‍ മണ്ണിന്റെ മണം തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പറയുമ്പോള്‍ ‘ഒരു ചെടിച്ചട്ടി എടുത്ത് ആ സ്റ്റുഡിയോയുടെ സൈഡില്‍ വെക്ക്. കുറച്ച് മണ്ണിന്റെ മണം കിട്ടട്ടെ’ എന്ന് പൃഥ്വിയും പറയും (ചിരി),’ ദീപക് ദേവ് പറഞ്ഞു.
Content Highlight: Deepak Dev Talks About Chimmi Chimmi Song In Urumi Movie